കൊട്ടാരക്കര: ഇടിസി യില്‍ വീണ്ടും തീപിടുത്തം. നവോദയ സ്‌കൂളിന് സമീപം ഇന്നലെ വൈകിട്ട് നാലിനോടെയാണ് വീണ്ടും തീപിടുത്തം ഉണ്ടായത്. ഏക്കറുകണക്കിന് സ്ഥലത്ത് ഒരേ സമയത്ത് തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. കൊട്ടാരക്കര, കുണ്ടറ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കാടുകള്‍ വെട്ടി മാറ്റാത്തതാണ് വീണ്ടും തീപിടുത്തമുണ്ടാകാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് പറയുന്നു. ഉള്ളിലേക്ക് കടന്നുചെല്ലാന്‍ വഴികളില്ലാത്തതും തീനിയന്ത്രണ വിധേയമാക്കാന്‍ ബുദ്ധിമുട്ടാകുന്നു. അടിക്കാടുകള്‍ വെട്ടണമെന്നാവശ്യപ്പെട്ട് ബന്ധപെട്ടവരെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചൊവ്വാഴ്ച രാത്രിയിലും തീപിടുത്തമുണ്ടായി ഏക്കറുകണക്കിന് സ്ഥലം കത്തിനശിച്ചിരുന്നു.
















