മലപ്പുറം: മങ്കട, പെരിന്തല്‍മണ്ണ, കൊളത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കഞ്ചാവ് മാഫിയ വീണ്ടും പിടിമുറുക്കുന്നു.
പോലീസ് സ്റ്റേഷന് ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ് കഞ്ചാവ് കച്ചവടം തകൃതിയായി നടക്കുന്നത്. ഇത് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്ത് വരുന്നത്. സിനിമകളില്‍ മാത്രം കണ്ടിരുന്ന രംഗങ്ങള്‍ക്ക് സമാനമാണ് കഞ്ചാവ് മാഫിയയുടെ കച്ചവടം. പെരിന്തല്‍മണ്ണ ടൗണിന്റെ ഹൃദയഭാഗങ്ങളില്‍ തന്നെ മാഫിയ വിലസുന്നതായാണ് വിവരം.
കൊളത്തൂരിന്റെ പരിസര പ്രദേശങ്ങളായ ഓണപ്പുട, കുറുപ്പത്താല്‍ എന്നീ സ്ഥലങ്ങളില്‍ കച്ചവടം നടക്കുന്നതായും പരാതിയുണ്ട്. ഉപഭോക്താക്കളില്‍ ചുരുങ്ങിയ ശതമാനം മാത്രമാണ് നാട്ടുകാര്‍. അന്യദേശ തൊഴിലാളികള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികളെ കൂടി കഞ്ചാവ് മാഫിയക്ക് ഉപഭോക്താക്കളാക്കാന്‍ കഴിഞ്ഞുവെന്നതാണ് മാഫിയ ഈ പ്രദേശങ്ങളില്‍ പിടിമുറുക്കാനുള്ള കാരണം. കഞ്ചാവ് ചെറിയ പൊതികളാക്കി പൊതി കച്ചവടമാണ് നടക്കുന്നത്. കഞ്ചാവിന് അടിമപ്പെടുന്ന ഉപഭോക്താക്കള്‍ കാശില്ലാതെ വരുമ്പോഴാണ് ഈ കച്ചവടത്തിലേക്ക് തിരിയുന്നത്.
ഇത്തരത്തില്‍ കഞ്ചാവിനടിമപ്പെട്ട് ‘പൊതി’കച്ചവടം തുടങ്ങിയവരുമുണ്ടത്രെ. ഇവര്‍ സംശയിക്കപ്പെടാന്‍ കാരണം കൂടുതലായതാണ് കച്ചവടത്തിനായ് പുതിയ രീതികള്‍ കണ്ടെത്താന്‍ മാഫിയകളെ പ്രേരിപ്പിച്ചത്.
അന്യദേശതൊഴിലാളികളെ ഏജന്റുമാരാക്കി തൊഴിലാളികള്‍ക്കിടയില്‍ കച്ചവടം തകൃതിയാക്കി. അതിനു പുറമെയാണ് കഞ്ചാവ് കടത്തിനും വിപണനത്തിനുമായി സ്കൂള്‍ കുട്ടികളെ ഉപയോഗിക്കാന്‍ തുടങ്ങിയത്. സംശയിക്കാന്‍ സാധ്യത വളരെ കുറവാണെന്നതാണ് ഇത്തരമൊരു തന്ത്രം പയറ്റാനുള്ള കാരണം. പിന്നെ കുറഞ്ഞ കൂലിയും. നാളേക്ക് ഒരു ഉപഭോക്താവിനെ ലഹരിക്കടിമപ്പെട്ട് സൗജന്യമായി കിട്ടുമെന്നത് ബോണസും.
ഇത്തരത്തില്‍ 50 ഓളം കുട്ടികള്‍ ഉള്‍കൊള്ളുന്ന ഒരു വലയം കൊളത്തൂരിലുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഏഴാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ളവര് കണ്ണികളായ ഒരുവലയം. കഞ്ചാവ് പൊതികള്‍ മൂര്‍ക്കനാട് പുന്നക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘവും, കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘവുമാണ് കുട്ടികള്‍ക്ക് കൈമാറുന്നതെന്നറിയുന്നു. സ്കൂളില്‍ രാവിലെ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആദ്യ പിരിയഡുകളില്‍ ഹാജര്‍ കൊടുത്തതിനു ശേഷം ഇന്റര്‍വെല്‍ സമയത്ത് സ്കൂളില്‍ നിന്നും ഇറങ്ങി പിന്നീട് പൊതികളിലുമായി ഉച്ചക്ക് എത്തുന്നു. ഉച്ചക്കും ഹാജര്‍ കൊടുത്ത് വൈകീട്ട് കഞ്ചാവ് പൊതികള്‍ എത്തികേണ്ടിടത്ത് എത്തിക്കുന്നു, കച്ചവടം നടത്തുന്നു. ഇതാണ് പതിവ്.
കൊളത്തൂര്‍ സ്കൂള്‍ പരിസരത്തുള്ള പാലൂര്‍കോട്ടയിലേക്ക് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എട്ടംഗസംഘം മല കയറുന്നത് പതിവാക്കിയത് നാട്ടുകാരില്‍ സംശയത്തിനിടയാക്കി. നാട്ടുകാര്‍ അവരെ പിന്തുടര്ന്നപ്പോളാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറംലോകമറിയുന്നത്. നാട്ടുകാര്‍ ഓടിച്ചിട്ട് പിടിച്ച കുട്ടികളാണ് വിവരങ്ങള്‍ പറഞ്ഞത്.
കുഗ്രാമങ്ങളായ പടിഞ്ഞാറെ കുളമ്പ്, കാരാട്ട് പറമ്പ്, കുറുപ്പത്താല്‍, കുറുപ്പത്താല്‍ കോളണി, സ്റ്റേഷന്‍പടി, ഓണപ്പുട, കുരുവമ്പലം എന്നിവടങ്ങളിലെ കുട്ടികളൊക്കെ കഞ്ചാവ് കച്ചവട ശൃഖലയിലുണ്ടത്രെ. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പിടിക്കപ്പെട്ട കുട്ടികള്‍ പറയുന്നത്. ഇവരെ ചോദ്യം ചെയ്യുനതിലൂടെ ഈ മാഫിയാ ശൃഖലയെ മുഴുവനായും പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. അതില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് അധ്യാപകരും, രക്ഷിതാക്കളും. അതേസമയം പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലാകുന്ന കഞ്ചാവ് കേസ് പ്രതികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കഞ്ചാവ് കടത്ത് പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പേര് ഈ മേഖലയിലേക്ക് എത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: