കല്‍പ്പറ്റ: ഡിഎം വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (വിംസ്) അപൂര്‍വമായ ഫീമറോഫീമറല്‍ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കാലിലേയ്ക്കുള്ള രക്തയോട്ടം നിലച്ചതുമൂലം കടുത്ത വേദന അനുഭവിച്ചിരുന്ന വയനാട് മേപ്പാടി സ്വദേശിയായ അന്‍പതുകാരനായ കര്‍ഷകനിലാണ് ശസ്ത്രക്രിയ നടത്തിയത്. വിംസിലെ ജനറല്‍ സര്‍ജറി അസോസിയേറ്റ് പ്രഫസര്‍ ഡോ. ദിനകരന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കി. അനസ്തേഷ്യോളജി പ്രഫസറും ഹെഡുമായ ഡോ. കിഷോര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള അനസ്തേഷ്യ ടീം പിന്തുണ നല്കി.
കഴിഞ്ഞ മൂന്നുവര്‍ഷമായി വലത് കാലില്‍ കനത്ത വേദനയനുഭിക്കുകയായിരുന്ന ഇയാള്‍ക്ക് ത്രോംപോആന്ജൈറ്റിസ് ഓബ്ലിടെറന്സ് (ടിഎഒ) എന്ന രോഗമാണെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാല്‍ വിംസിലെ ചികിത്സയില്‍ രോഗം ടിഎഒ അല്ലെന്നു കണ്ടെത്തി. ആന്‍ജിയോഗ്രാം പരിശോധനയില്‍ വലതുകാലിലെ ഇലിയാക് ധമനിയില്‍ തടസമുണ്ടെന്ന് കണ്ടെത്തി. ഇതുമൂലം കാലിലേയ്ക്കുള്ള രക്തയോട്ടം കുറഞ്ഞു. കനത്ത വേദനമൂലം കാല് അനക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കൂടുതല്‍ കാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ രക്തയോട്ടമില്ലാതെ കാല് നിര്‍ജീവാവസ്ഥയിലായി അഴുകാനുള്ള സാധ്യതയുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ കാല് മുറിച്ചുമാറ്റുക മാത്രമാണ് മാര്‍ഗം.
വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ തുടയില്‍ രണ്ട് ചെറിയ മുറിവുകള്‍ മാത്രം വരുത്തി ഇടതുകാലില്‍നിന്ന് പ്രധാന ധമനിയിലേയ്ക്ക് പോകുന്ന രക്തക്കുഴലുകളെ കൃത്രിമ ഗ്രാഫ്റ്റുകള്‍ വഴി വേദനയുണ്ടായിരുന്ന വലതുകാലിലേയ്ക്ക് ബന്ധിപ്പിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതുവഴി തടസമുണ്ടായിരുന്ന ഭാഗം ഒഴിവാക്കി രക്തചംക്രമണം സുഗമമാക്കി.
കടുത്ത വേദനയുണ്ടായിരുന്ന രോഗിക്ക് വലതുകാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് ഡിഎം വിംസിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന് പറഞ്ഞു. ശസ്ത്രക്രിയയിലൂടെ കാല് മുറിക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ഈ അപൂര്‍വമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ദിനകരനേയും ഡോ. കിഷോര്‍ കുമാറിനേയും അഭിനന്ദിക്കുകയും രോഗിയുടെ വേഗത്തിലുള്ള സുഖപ്രാപ്തി വഴി സാധാരണ ജീവിതത്തിലേയ്ക്ക് വരാനായി അദ്ദേഹം ആശംസകള്‍ നേരുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: