ചുണ്ടേല്‍ : പ്രധാന് മന്ത്രി ഗ്രാംസഡക് യോജനയില്‍ 2013 ല്‍ പണി കഴിപ്പിച്ച റോഡ് തകര്‍ന്നു ജനം പ്രക്ഷോഭത്തിലേയ്ക്ക്. ചുണ്ടയില്‍ നിന്നും അമ്മാറയ്ക്ക് പോകുന്ന വഴിയാണ് ടിപ്പറുകളുടെ അമിത ഓട്ടം കാരണം തകര്‍ച്ചയിലായത്. നിരവധി സമരങ്ങള്‍ക്ക് ശേഷമാണ് പ്രസ്തുത റോഡ് കരാറുകാരന് പൂര്‍ത്തീകരിച്ചത്. പൊഴുതന ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളിലേയ്ക്കുള്ള നൂറുകണക്കിന് ടിപ്പറുകളാണ് ദിവസേന ഈ റോഡിലൂടെ ഓടുന്നത്. സമയം തെറ്റിച്ച് സ്കൂള്‍ സമയത്ത് പോലും ഓടുന്ന ടിപ്പറുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഒരേപോലെ ഭീഷണിയാണ്. ചെമ്പട്ടി ആദിവാസി കോളനിയിലേയ്ക്കുള്ള ഏക പാതയും ഇതാണ്. ടിപ്പറുകളുടെ പരക്കം പാച്ചില്‍ കാരണം പ്രദേശത്ത് പൊടിപടലം ഉയരുകയും വലിയ മലിനീകരണത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ക്രഷര്‍ ഉടമ റോഡില്‍ വെള്ളം തളിയ്ക്കാറുണ്ടെങ്കിലും മലിനീകരണത്തിന് കുറവില്ല. ടിപ്പറുകള്‍ നിയന്ത്രിക്കുകയും തകര്‍ന്ന് തരിപ്പണമായ റോഡ് എത്രയും വേഗം പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: