മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയെ അപ്പാടെ ജീവിതത്തിലേക്ക് ആവാഹിച്ച നര്‍ത്തകി, ഡോ. കനക് റെലെ. വ്യത്യസ്തമായ വീക്ഷണകോണിലൂടെ സ്വന്തം കലയിലൂടെ തന്നെ സമൂഹത്തിലെ തെറ്റിനുനേരെ പ്രതികരിക്കുന്ന കലാകാരി. സ്വദേശം ഗുജറാത്തെങ്കിലും കേരളത്തിന്റെ ലാസ്യനടനത്തോടായിരുന്നു പ്രിയം. ആ അര്‍പ്പണ മനോഭാവത്താല്‍ അനുഗ്രഹീതമായതാവട്ടെ മോഹിനിയാട്ടവും. അവഗണനയുടെ ചുഴിക്കുത്തില്‍ നിന്നും നവചൈതന്യം നല്കി മോഹിനിയാട്ടത്തിന് പുതുജീവന്‍ നല്കിയവരില് പ്രമുഖയാണ് ഡോ. കനക് റെലെ. കഴിഞ്ഞ 35 ഓളം വര്‍ഷമായി നിരന്തരമുള്ള പരിശ്രമവും മോഹിനിയാട്ടമെന്ന കലാരൂപത്തിനുവേണ്ടിയായിരുന്നു. 55 ഓളം പുതുശൈലി മോഹിനിയാട്ടത്തിന് സംഭാവന ചെയ്തു, ഈ നര്‍ത്തകി.
കല സമൂഹത്തിന്റെ നന്മയ്ക്കും കൂടി വേണ്ടിയാവണമെന്ന് വിശ്വസിക്കുന്ന കലാകാരി. കാലത്തെയാവണം കലാകാരി പ്രതിനിധീകരിക്കേണ്ടതെന്നും അതില്‍ അഭിപ്രായം പറയേണ്ടത് കലാകാരന്റെ ജോലിയല്ലെന്നുമുള്ള നാട്യശാസ്ത്ര സങ്കല്‍പ്പത്തെ അപ്പാടെ അനുസരിക്കാനും കനക് റെലെ ഒരുക്കമല്ല. തന്റെ ചുറ്റും നടക്കുന്നതിനെതിരെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയെന്നാണ് അവരുടെ ചോദ്യം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയും കുറ്റവാളികള്‍ സമൂഹത്തില്‍ സ്വതന്ത്ര്യരായി വിഹരിക്കുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തില്‍ കടുത്ത അമര്‍ഷമാണ് ഈ കലാകാരിയ്ക്കുള്ളത്. അതിനാല്‍ത്തന്നെ സ്ത്രീകള്‍ക്കെതിരായ അനീതിയ്ക്കെതിരെ തന്റേതായ രീതിയില്‍ പ്രതികരിക്കുകയാണ് കനക് റെലെ. നൃത്തത്തിലൂടെയാണ് അതെല്ലാം പ്രതിഫലിപ്പിക്കുന്നതും. കല ആസ്വാദകരില്‍ ആഹ്ലാദം മാത്രം ജനിപ്പിക്കണമെന്ന തത്വശാസ്ത്രത്തിന്നപ്പുറം നിന്നുകൊണ്ടാണ് കനക് ചിന്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് പുരാണ കഥാപാത്രങ്ങള്‍ക്ക്, നിലവിലെ സാഹചര്യങ്ങളുടെ സൂക്ഷ്മാംശം പകര്‍ന്നുകൊടുത്തുകൊണ്ട് നൃത്തത്തിലൂടെ പ്രതിഷേധിക്കുന്നതും. മഹാഭാരതത്തിലെ സവിശേഷ വ്യക്തിത്വങ്ങളായ സത്യവതി, കുന്തി, ദ്രൗപതി, അംബ, ഗാന്ധാരി എന്നിവരിലേക്കാണ് ഈ കാലഘട്ടത്തിലെ സംഭവവികാസങ്ങളെ സന്നിവേശിപ്പിച്ചിരിക്കുന്നത്.
നൃത്തവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന കുടുംബത്തില്‍ നിന്നുമാണ് കനക് റെലെ വരുന്നത്. താന്‍ നൃത്തത്തെയല്ല, നൃത്തം തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് കനക് പറയും. മോഹിനിയാട്ടത്തില്‍ മാത്രമല്ല കഥകളിയിലും പ്രവീണയാണ് കനക് റെലെ. കൊല്‍ക്കത്തയിലെ ശാന്തിനികേതനിലാണ് ബാല്യം ചെലവഴിച്ചത്. അക്കാലത്താണ് കഥകളിയും മോഹിനിയാട്ടവും ആ കുഞ്ഞുമനസ്സിനെ സ്വാധീനിച്ചത്. മുംബൈയില്‍ ആയിരുന്നു സ്കൂള്‍ പഠനം. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നിട്ടും നൃത്തം പഠിക്കണമെന്ന കനകിന്റെ താല്പര്യത്തിന് പച്ചക്കൊടി കാണിക്കാന്‍ അമ്മ വിസമ്മതിച്ചു. അങ്ങനെയിരിക്കെയാണ് വള്ളത്തോള്‍ നാരായണ മേനോന്റെ ശിഷ്യനും കഥകളി വിദ്വാനുമായ രാഘവന് നായര്‍ കനകിന്റെ വീട്ടില്‍ താമസത്തിനെത്തുന്നത്. എന്നാല്‍ കഥകളി, രാക്ഷസ സ്വഭാവമുള്ള കലയാണെന്ന ധാരണയാല്‍ ആരും അദ്ദേഹത്തില്‍ നിന്നും കഥകളി അഭ്യസിക്കാന്‍ താല്പര്യം കാട്ടിയില്ല. ആ സാഹചര്യത്തില്‍ കനകിനെ കഥകളി അഭ്യസിപ്പിക്കാന്‍ അമ്മ മധുകര്‍ മുന്‍കൈ എടുക്കുകയായിരുന്നു. രാഘവന് നായരുടെ ഭാര്യാപിതാവും കഥകളി ആചാര്യനുമായ കരുണാകര പണിക്കര്‍ മുംബൈയില്‍ എത്തിയവേളയില്‍ അദ്ദേഹത്തിന്റേയും ശിഷ്യയായി കനക്.
ഗുരു രാജലക്ഷ്മിയെ കണ്ടുമുട്ടിയപ്പോഴാണ് മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയില്‍ കനക് ആകൃഷ്ടയാകുന്നത്. ഫോഡ് ഫൗണ്ടേഷന്റെ ഗ്രാന്റിന്റെ സഹായത്തോടെ മോഹിനിയാട്ടത്തിലെ പ്രഗല്ഭകളായ കുഞ്ഞുക്കുട്ടിയമ്മ, തോട്ടാച്ചേരി ചിന്നമ്മുഅമ്മ, കല്യാണിക്കുട്ടിയമ്മ എന്നിവരെക്കുറിച്ചൊരു ഫിലിം നിര്‍മിക്കാന്‍ കനകിന് ഭാഗ്യം ലഭിച്ചത്. അത് ആ നൃത്തത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും സഹായകമായി. 1977 ല്‍ മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്നും മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി നേടി. മുംബൈയിലെ നളന്ദ നൃത്തകലാ മഹാവിദ്യാലത്തിന്റെ സ്ഥാപകരില്‍ ഒരാളാണ് കനക് റെലെ.
നൃത്തത്തിന്റെ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ കലാകാരിയുടെ ലോകം. മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ ലോയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയിട്ടുമുണ്ട് കനക്. ഗണേശ വിഗ്രഹങ്ങളുടെ ഒരു വന്‍ ശേഖരം തന്നെയുണ്ട് കനകിന് സ്വന്തമായിട്ട്.
നിരവധി പുരസ്കാരങ്ങളാല്‍ സമ്പന്നമാണ് കനക് റെലെയുടെ കലാജീവിതം.
1994 ല്‍ സംഗീത നാടക അക്കാദമി പുരസ്കാരം., 1990 ല്‍ പത്മശ്രീ, 1989 ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ഗൗരവ് പുരസ്കാര്‍, 1978 ല്‍ നൃത്തചൂഢാമണി പുരസ്കാരം എന്നിവ കനക് റെലെയ്ക്ക് ലഭിച്ചിട്ടുണ്ട്. 2013 ല്‍ പത്മഭൂഷണ്‍ ബഹുമതിയ്ക്കും അര്‍ഹയായി. മോഹിനിയാട്ടത്തെക്കുറിച്ച് മോഹിനിയാട്ടം, ദ ലിറിക്കല്‍ ഡാന്‍സ് ആന്‍ഡ് ഭാവനിരൂപണ എന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. യതിന് റെലെയാണ് ജീവിത പങ്കാളി. വരുന്ന ജൂണില്‍ 79 വയസ് തികയും ഡോ.കനക് റെലെയ്ക്ക്. ഈ പ്രായത്തിലും നൃത്തം വിട്ടൊരു ചിന്തയും ഈ അനുഗ്രഹീത കലാകാരിയ്ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: