മലപ്പുറം: രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും അഭിവൃദ്ധിയില്‍ നിര്‍ണായക സംഭാവനകള്‍ നല്കാനിരിക്കുന്ന ഗെയില്‍ പൈപ്പ്ലൈന് പദ്ധതിയെപ്പറ്റി ചില സംഘടനകള്‍ നിരന്തരം തെറ്റിദ്ധാരണകള്‍ പരത്തുകയാണെന്ന് ഗെയില്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഗെയില്‍ വിക്റ്റിംസ് ഫോറം എന്ന പേരില്‍ പുറത്തിറക്കിയ പ്രസ്താവന. മറ്റു ജില്ലകളില്‍ പൈപ്പിടല്‍ ആരംഭിച്ചുവെന്ന് ഗെയില്‍ പറഞ്ഞിട്ടില്ല. കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയായി എന്നാണു പറഞ്ഞത്. കണ്ണൂരില്‍ 80 ശതമാനം ജോലികളും പൂര്‍ത്തിയായി.
സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ഒരു ചോദ്യത്തില്‍നിന്നും ഗെയില്‍ ഇക്കാലം വരെ ഒഴിഞ്ഞുമാറിയിട്ടില്ല. ഏത് സംശയവും എപ്പോള്‍ വേണമെങ്കിലും ദൂരീകരിക്കാന്‍ ഗെയില്‍ ഒരുക്കമാണ്. അതിന് ശരിയായ ചര്‍ച്ചാ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം. ചര്‍ച്ചകള്‍ അലങ്കോലപ്പെടുത്തുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ജനങ്ങള്‍ വിഷയം മനസിലാക്കരുതെന്ന ആഗ്രഹത്തോടെയാണ് ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം പൊതുജനങ്ങള്‍ അറിഞ്ഞിരിക്കണം.
തീവ്രവാദ ഭീഷണി നേരിടുന്ന ആന്ധ്രയിലെ ചില പ്രത്യേക പ്രദേശങ്ങളിലെ സാഹചര്യങ്ങളെ കേരളവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പ്രത്യേക സമയങ്ങളില്‍ പുറത്തിറങ്ങാനും കൂട്ടംകൂടി നില്ക്കാന്പോലും കേരളത്തില്‍ത്തന്നെ പല സ്ഥലങ്ങളിലും അനുവദിക്കാറില്ല. ആന്ധ്രയിലേതാണെങ്കില് വളരെ ഒറ്റപ്പെട്ട ഒരു സംഭവമാണുതാനും. മാത്രമല്ല, കേരളത്തില്‍ ഉപയോഗിക്കുന്ന ആര്‍എല്‍എന്‍ജി ആന്ധ്രയിലെ ശുദ്ധീകരിക്കാത്ത പ്രകൃതിവാതകവുമായി താരതമ്യപ്പെടുത്താനും കഴിയില്ല.
ഉപഗ്രഹ നിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്ന പ്രൊജക്റ്റ് ഡയരക്റ്ററുടെ പ്രസ്താവനയെ മുന്‍നിര്‍ത്തി, ഇത്ര വലിയ അപകടമാണോ പൈപ്പ്ലൈന് എന്ന് ഫോറം ചോദിച്ചതായി മാധ്യമങ്ങളില്‍നിന്നു മനസിലായി. വാഹനങ്ങളുടെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താന്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുമെന്നു പറഞ്ഞാല്‍ അത്രമേല്‍ അപകടകാരിയാണോ വാഹനങ്ങള്‍ എന്നു ചോദിക്കുന്നതുപോലുള്ള ഒരു ലളിതയുക്തി മാത്രമാണിത്. അപകടങ്ങള്‍ സംഭവിക്കാതിരിക്കാനാണ് സുരക്ഷാ സംവിധാനങ്ങള്‍. അത്തരം സംവിധാനങ്ങളെ യഥാര്‍ഥത്തില്‍ സ്വാഗതം ചെയ്യുകയാണ് വേണ്ടത്.
മലപ്പുറത്തെക്കാള്‍ ജനസാന്ദ്രതയുള്ള ധാരാളം പ്രദേശങ്ങളില്‍ പൈപ്പ്ലൈന് കടന്നുപോകുന്നുണ്ട്. ജനസാന്ദ്രതയ്ക്കനുസരിച്ച് സുരക്ഷാ സംവിധാനങ്ങളിലും വ്യത്യാസമുണ്ടാവും. പൈപ്പ്ലൈനിനുവേണ്ടി ആരെയും കുടിയൊഴിപ്പിക്കുന്നില്ല. വീടുകളും പൊളിക്കേണ്ട ആവശ്യമില്ല. ഇക്കാര്യം വളരെ മുന്‍പുതന്നെ ഗെയിലും സംസ്ഥാന സര്‍ക്കാരും പല പ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും, കൈയേറ്റമെന്ന പേരില്‍ രണ്ടായിരത്തോളം കുടുംബങ്ങളെയും കച്ചവടക്കാരെയും ഗെയില്‍ ഒഴിപ്പിക്കുമെന്നു ഫോറം ആരോപിക്കുമ്പോള്‍ അതിനുള്ളില്‍ മറ്റെന്തോ ഗൂഢോദ്ദേശ്യമുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സിറ്റി ഗ്യാസ് പൈപ്പ്ലൈനും 24 ഇഞ്ച് പൈപ്പ്ലൈനും ഒന്നല്ലെന്ന പ്രസ്താവന പൂര്‍ണമായും ശരിയാണ്. ഒന്ന് ട്രങ്ക് ലൈനും മറ്റൊന്ന് ഡിസ്ട്രിബ്യൂഷന്‍ ലൈനുമാണ്. രണ്ടിന്റെയും വലുപ്പത്തിനനുസരിച്ച് ക്വാളിറ്റിയിലും വ്യത്യാസമുണ്ടാവും. വീടിലേക്കിടുന്ന പൈപ്പിന്റെയും ട്രങ്ക് ലൈനിന്റെയും കനവും ഗുണമേന്മയും ഒന്നല്ല. എന്നാല്‍, രണ്ടില്‍ക്കൂടിയും കടന്നുപോകുന്നത് പ്രകൃതിവാതകം തന്നെയാണു താനും. ഡല്‍ഹി നഗരത്തില്‍ സിറ്റി ഗ്യാസ് പൈപ്പ്ലൈന് മാത്രമല്ല ട്രങ്ക്ലൈനും കടന്നുപോകുന്നുണ്ട്. ഫുട്ബോളിനും മേളകള്‍ക്കും ഗെയില്‍ പിന്തുണ നല്കുന്നതില് ഫോറത്തിന് സംശയം വേണ്ട. തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പല പദ്ധതികളും സ്ഥാപനം കാലങ്ങളായി ആവിഷ്കരിച്ചും നടപ്പാക്കിയും വരുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇത്തരം കാല്‍വയ്പ്പുകള്‍. 16 സംസ്ഥാനങ്ങളില്‍ 77 നഗരങ്ങളില്‍ ജനജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ പ്രകൃതിവതാക പദ്ധതിയെപ്പറ്റി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം ജനക്ഷേമകരമായ ഈ പദ്ധതിക്കൊപ്പം നില്‍ക്കുകയാണ് ഫോറം ചെയ്യേണ്ടതെന്നും ഗെയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: