പെരിന്തല്‍മണ്ണ: പൂട്ടുകള്‍ വില്ക്കാനെത്തുന്ന ഉത്തരേന്ത്യക്കാരെ സൂക്ഷിക്കുക. അവര്‍ വില്‍ക്കുന്ന മിക്ക പൂട്ടുകള്‍ക്കും താക്കോല്‍ ഒന്ന് തന്നെയാകും. കച്ചവട സ്ഥാപനങ്ങളില്‍ 100 രൂപക്ക് മുകളില്‍ ലഭിക്കുന്ന പൂട്ടുകള്‍ ഇവരുടെ കയ്യില്‍ നിന്ന് അമ്പതോ അതില്‍ താഴെയോ രൂപക്ക് വാങ്ങാം. പക്ഷേ മറഞ്ഞിരിക്കുന്ന തട്ടിപ്പിന്റെ മുഖം ഇങ്ങനെ പൂട്ട് വാങ്ങുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും അറിയില്ലെന്ന് മാത്രം. ഇത്തരത്തില്‍ ഒരേ താക്കോലുള്ള പൂട്ടുകള്‍ വില്‍പ്പന നടത്തി മോഷണത്തിനുള്ള വാതിലുകള്‍ തന്നെയാണ് ഈ ലോബി തുറന്നിടുന്നത്. പ്രത്യേകിച്ചും അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പണിയെടുക്കുന്ന കേരളത്തില്‍ അനുദിനം മോഷണങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തില്‍ ഇത്തരം പൂട്ട് വില്‍പ്പന തടഞ്ഞേ മതിയാകൂ. ഉപജീവനാര്‍ത്ഥം വഴിവക്കുകളില്‍ കച്ചവടം നടത്തുന്ന പലരും കുറഞ്ഞ വിലക്ക് ഇത്തരം പൂട്ടുകള്‍ ലഭിക്കുന്നതിനാല്‍ വാങ്ങി വില്‍ക്കുന്നത് പതിവാണ്. ഇങ്ങനെ പൂട്ടുകള്‍ വാങ്ങുന്ന പൊതുജനങ്ങള്‍ ഒരേ താക്കോല്‍ ഉപയോഗിച്ച് ഒന്നിലധികം പൂട്ടുകള്‍ തുറക്കാനാകുമോയെന്ന് കടകളില്‍ വെച്ചുതന്നെ പരിശോധിച്ചാല്‍ ഒരുപരിധി വരെ കള്ളി വെളിച്ചത്തു കൊണ്ടുവരാന്‍ കഴിയും. അല്ലെങ്കില്‍ കള്ളനെ തന്നെ താക്കോല്‍ ഏല്‍പ്പിച്ച അവസ്ഥയിലാകും കാര്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: