പത്തനംതിട്ട : സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എംഎല്‍എ ഇലവന് ജേതാക്കള്‍. ആവേശം അവസാന പന്തിലേക്കു നീണ്ട ഫൈനല്‍ മല്‍സരത്തില്‍ എംഎല്‍എ ഇലവന് മൂന്നു റണ്‍സിനാണ് എസ്പി ഇലവനെ പരാജയപ്പെടുത്തിയത്. നിശ്ചിത 10 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിന് 85 റണ്‍സെടുത്ത എംഎല്‍എ ഇലവനെതിരെ എട്ടു വിക്കറ്റിന് 82 റണ്‍സെടുക്കാനേ എസ്പി ഇലവന് കഴിഞ്ഞുള്ളൂ.
രണ്ടാം സെമി ഫൈനലില്‍ കലക്ടേഴ്സ് ഇലവനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എസ്പി ഇലവന് ഫൈനലിലെത്തിയത്. ടോസ് നേടിയ എസ്പി ഇലവന് എംഎല്‍എ ഇലവനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കെ.എം. രതീഷ്കുമാറിന്റെയും (23 പന്തില്‍ 48), ധനേഷ് കൃഷ്ണന്റെയും (20 പന്തില്‍ 22) പ്രകടനത്തോടെയാണ് മാന്യമായ സ്കോറിലെത്തിയത്. ഇന്നിങ്സിലെ അവസാന പന്ത് നേരിടാനിറങ്ങിയ രാജു ഏബ്രഹാം എംഎല്‍എയ്ക്ക് പക്ഷെ റണ്ണൊന്നുമെടുക്കാനായില്ല. കഴിഞ്ഞ രണ്ട് കളികളിലും ടീമിന്റെ വിജയറണ്‍ നേടിയ അന്‍സര്‍ മുഹമ്മദ് ഇന്നലെ അഞ്ചു റണ്‍സെടുത്ത് പുറത്തായി. എംഎല്‍എ ഇലവന്റെ കെ.ജി. പ്രകാശ് ചെയ്ത അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരുന്ന എസ്പി ഇലവന് ആദ്യ മൂന്നു ബോളുകളിലായി 10 റണ്‍സ് എടുത്തെങ്കിലും അവസാന മൂന്നു പന്തുകളില്‍ പതറി. നാലും അഞ്ചും പന്തുകളില്‍ രണ്ടു പേര് പുറത്തായതോടെ ഒരു ബോളില്‍ നാലു റണ്‍സ് എന്ന നിലയിലായി. അവസാന ബോള്‍ നേരിട്ട എസ് പി ഇലവന്റെ ജയരാജിന് പക്ഷെ പന്ത് തൊടാനായില്ല. അപ്പോഴേക്കും എംഎല്‍എ ഇലവന് വിജയാഘോഷം തുടങ്ങിയിരുന്നു. എസ്പി ഇലവനു റാഫി (17 റണ്‍സ്), സുദര്ശന് (15 റണ്‍സ് ), ജയരാജ് (പുറത്താകാതെ 15 റണ്‍സ്) എന്നിവരാണ് എസ്പി ഇലവന് അടിത്തറ പാകിയത്. കെ.ജി. പ്രകാശ് 19 റണ്‍സ് വഴങ്ങിയും ആരിഫ് 28 റണ്‍സ് വഴങ്ങിയും രണ്ടു വീതം വിക്കറ്റുകള്‍ നേടി.
ടൂര്‍ണമെന്റിലെയും ഫൈനലിലെയും മികച്ച കളിക്കാരനായി എംഎല്‍എ ഇലവന്റെ കെ.എം. രതീഷ്കുമാറിനെ തിരഞ്ഞെടുത്തു. മികച്ച ബാറ്റ്സ്മാന്– അന്‍സര്‍ മുഹമ്മദ് (എംഎല്‍എ ഇലവന്), മികച്ച ബൗളര്‍ – ഷാജു(എസ്പി ഇലവന്), മികച്ച ക്യാച്ച്– ധനേഷ് കൃഷ്ണന്( എംഎല്‍എ ഇലവന്).
പ്രസ്ക്ലബ് സംഘടിപ്പിച്ച രണ്ടാമത് ഫോര്‍ത്ത് എസ്റ്റേറ്റ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ വിജയികള്‍ക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികളും കാഷ് അവാര്‍ഡും മന്ത്രി അടൂര്‍ പ്രകാശ് വിതരണം ചെയ്തു. ജേതാക്കള്‍ക്കുള്ള ട്രോഫി എംഎല്‍എ ഇലവന് നായകന് കെ. ശിവദാസന്‍ നായരും എംഎല്‍എമാരായ രാജു ഏബ്രഹാമും ചിറ്റയം ഗോപകുമാറും മറ്റു ടീമംഗങ്ങളും ചേര്‍ന്ന് ഏറ്റുവാങ്ങി. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: