നിറന്ന പീലികള്‍ നിരക്കവെകുത്തി
നെറുകയില്‍ കൂട്ടിത്തിറമൊടുകെട്ടി
കരിമുകിലൊത്ത ചികുരഭാരവും
മണികള്‍ മിന്നിടും മണിക്കിരീടവും
കുനുകുനെച്ചിന്നും കുറുനിരതന്‍മേല്‍
നനുനനെപ്പൊടിഞ്ഞൊരു പൊടി പറ്റി
തിലകവുമൊട്ടു വിയര്‍പ്പിനാല്‍ നന-
ഞ്ഞുലകു സൃഷ്ടിച്ചു ഭരിച്ചു സംഹരി-
ച്ചിളകുന്ന ചില്ലീയുഗളഭംഗിയും
അടിയാരെക്കുറിച്ചൊരു കരുണയും
കഠിനദുഷ്ടരൊടെഴുന്നകോപവും
മടുമൊഴിമാരില്‍ വളര്‍ന്ന രാഗവും
കലഹംകൊണ്ടൊരത്ഭുതരസങ്ങളും
ചപലന്മാരൊടു കലര്‍ന്ന ഹാസവും
എതിരിടുന്നോര്‍ക്കു ഭയങ്കരത്വവും
പലവുമിങ്ങനെ നവനവരസം
ഇടയിടക്കൂടിക്കലര്‍ന്ന നേത്രവും
മകരകുണ്ഡലം പ്രതിബിംബിക്കുന്ന
കവിള്‍ത്തടങ്ങളും മുഖസരോജവും
വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞ നാസിക
സുമന്ദഹാസവും അധരശോഭയും
തുളസിയും നല്ല സരസിജങ്ങളും
ഇളതായീടിന തളിരുകളുമായ്
ഇടകലര്‍ന്നുടനിളകും മാലകള്‍
തടയും മുത്തുമാലകളും കൗസ്തുഭ-
മണിയും ചേരുന്ന ഗളവും, ചമ്മട്ടി
പിടിച്ചൊരു കരതലവും, കുങ്കുമം
മുഴുക്കെപൂശിന തിരുമറും മാറും
നിറഞ്ഞ മഞ്ഞപ്പൂന്തുകിലും കാഞ്ചികള്‍
പദസരോരുഹയുഗവുമെന്നുടെ
ഹൃദയം തന്നിലങ്ങിരിക്കും പോലെയാ
മണിരഥം തന്നിലകം കുളുര്‍ക്കവേ
മണിവര്‍ണന്‍തന്നെ തെളിഞ്ഞു കണ്ടു ഞാന്‍!
















