കാസര്‍കോട്: രാജ്യത്തിന്റെ സംസ്കാരിക വളര്‍ച്ചയില്‍ ജന്മഭൂമി ദിനപത്രം വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ബിജെപി സര്‍ക്കാര്‍ അധികാരത്തിലില്ലാതിരുന്ന കാലഘട്ടത്തില്‍ ഭരിക്കുന്ന സര്‍ക്കാര്‍ ചെയ്യുന്ന ജനദ്രോഹപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്ന ദൗത്യമായിരുന്നു ജന്മഭൂമിക്കെങ്കില് ഇന്ന് നമ്മുടേതായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റ് മാധ്യമങ്ങള്‍ ബഹിഷ്കരിക്കുമ്പോള്‍ സത്യം സത്യമായി ജനഹൃദയങ്ങളിലേക്ക് എത്തിക്കുകയെന്ന മഹത്തായ ഉത്തരവാദിത്വമാണ് നിര്‍വ്വഹിക്കാനുള്ളത്. സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തെ തകര്‍ക്കാനായി വലിയൊരു വിഭാഗം ശ്രമിക്കുമ്പോള്‍ നിജസ്ഥിതി ജനങ്ങളെ അറിയിക്കാനായി നമ്മുടെ മാധ്യമം വേണ്ടിവരുന്നു. സ്ത്രീ, സംവരണം തുടങ്ങിയ വിഷയങ്ങളില്‍ വരുന്ന അഭിപ്രായങ്ങള്‍ പലരും വളച്ചൊടിച്ച് നമ്മുടെ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകളിലൂടെ ജനങ്ങളിലേക്ക് പകര്‍ന്ന് നല്കുമ്പോള് യാഥാര്‍ത്ഥ്യം പകര്‍ന്ന് നല്കാന് നമ്മുടേതായ മാധ്യമം മുഖ്യപങ്ക് വഹിക്കുന്നുണ്ട്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വോട്ട് ബാങ്ക്, ഒത്തുകളി രാഷ്ട്രീയം, പ്രീണനരാഷ്ട്രീയം തുടങ്ങിയ ജനവിരുദ്ധ നിലപാടുകളിലൂടെ മുന്നോട്ട് പോകുമ്പോള്‍ അവ തുറന്ന് കാണിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കാന് ജന്മഭൂമി നടത്തുന്ന പോരാട്ടം വിസ്മരിക്കാന്‍ കഴിയില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. ജന്മഭൂമി ദിനപത്രത്തിന്റെ കാസര്‍കോട് ജില്ലാ ബ്യൂറോയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ജില്ലാ കോര്‍ഡിനേറ്ററുമായ എ.വേലായുധന് അദ്ധ്യക്ഷത വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്ത്തകന് ടി.എന്‍ ഗോപകുമാറിന്റെ വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന് പത്രത്തിന്റെ പിന്നിട്ട വഴികളും തുടര്പ്രവര്ത്തനങ്ങളുമെന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ജന്മഭൂമിയുടെ സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസത്തെ വരിസംഖ്യയുടെ ഉദ്ഘാടനം മാനേജര്‍ സി.പി.രാമചന്ദ്രന് സി.വി.പൊതുവാളിന് നല്കി നിര്‍വ്വഹിച്ചു. ചടങ്ങില്‍ സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ റിപ്പോര്‍ട്ടര്‍ കെ.കെ.പത്മനാഭന് സ്വാഗതവും, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് വൈ.കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: