കമ്പളക്കാട് : സംസ്ഥാന ജിയോളജി വകുപ്പിന്റെ പിടിവാശിയില്‍ കോട്ടത്തറ പാത്തിക്കല്‍ കടവ് നിവാസികളുടെ പാലമെന്ന മോഹം പൊലിയുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ജിയോളജി വകുപ്പ് ഉടക്ക് വെച്ചതോടെ പണിപൂര്‍ത്തിയായ പാലം നോക്കുകുത്തിയായി. വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് കോട്ടത്തറ പഞ്ചായത്തിലെ വലിയ പുഴക്ക് കുറുകെ പാത്തിക്കല്‍ കടവില്‍ പൊതുമരാമത്ത് വകുപ്പ് കോടികള്‍ ചിലവഴിച്ച് പാലം നിര്‍മ്മിച്ചത്. 2011ല്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ പാലം മരാമത്ത് വകുപ്പ് ഭംഗിയായി നിര്‍മ്മിച്ചു പാലം പണി കഴിഞ്ഞ് അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നീക്കം നടത്തിയപ്പോഴാണ് ജിയോളജി വകുപ്പ് തടസ്സവാദവുമായി എത്തിയത്. നേരത്തെയുണ്ടായിരുന്ന റോഡില്‍ ഏകദേശം പത്തടിയോളം ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തിവേണം അപ്രോച്ച് റോഡ് നിര്‍മ്മിക്കാന്‍. ഇതിനായി കുപ്പാടിത്തറ, കോട്ടത്തറ വില്ലേജിലെ ഒമ്പത് പ്ലോട്ടുകളില്‍ നിന്നായി മണ്ണെടുപ്പിന് റെവന്യു ജിയോളജി വകുപ്പുകളോട് അനുമതി തേടി. എന്നാല്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ജിയോളജി വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതോടെ പാലത്തിന്റെ ഭാവി ത്രിശങ്കുവിലായി. നിര്‍മ്മാണം ഏറ്റെടുത്ത കരാറുകാരന് നിസ്സഹായനുമായി. ജിയോളജി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പ്രദേശത്ത് സാധ്യതയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുമതിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകാതായതോടെ അപ്രോച്ച് റോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി.
ഇപ്പോള്‍ പാലത്തിനടുത്തുള്ള ചെറിയ റോഡിലൂടെയാണ് നാട്ടുകാര്‍ സഞ്ചരിക്കുന്നത്. വലിയ വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകില്ല. ബസ് കയറണമെങ്കില്‍ പാത്തിക്കല്‍ കടവുകാര്‍ക്ക് കിലോമീറ്ററോളം സഞ്ചരിക്കണം. മഴക്കാലമാകുന്നതിന് മുമ്പ് അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ ഇതുവഴിയുള്ള യാത്രയും ദുസ്സഹമാകും. ചുണ്ടറങ്ങോട്, പാത്തിക്കല്‍ കോളനികളിലെ മുന്നോറോളം വരുന്ന ആദിവാസികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗം കൂടിയാണിത്. പാലം യാഥാര്‍ത്ഥ്യമായാല്‍ കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടിയിലേക്കും പടിഞ്ഞാറത്തറയിലേക്കും ഇതുവഴി എളുപ്പത്തില്‍ എത്താന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: