മലപ്പുറം: ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിയെ അകാരണമായി മര്‍ദ്ദിച്ച പൂക്കോട്ടുംപാടം എസ്ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈന്ദവ സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച പ്രതികളെ കാണിച്ചുകൊടുത്തതിനാണ് വി.എസ്.പ്രസാദിന് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ബിജെപി ചുങ്കത്തറ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി പള്ളിക്കുത്ത് മണ്ഡലത്തില്‍ ബിജുവിനെയാണ് സിപിഎമ്മുകാര്‍ വധിക്കാന്‍ ശ്രമിച്ചത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആറംഗ സംഘം മുട്ടിവിളിച്ചു. വാതില്‍ തുറന്ന ബിജുവിന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. അതിന് ശേഷം ബിജുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ചു. അപ്പോഴേക്കും പരിസരവാസികള്‍ ബഹളം കേട്ട് എഴുന്നേറ്റു. പെട്രോള്‍ ഒഴിക്കുന്നതിനിടെ ബിജു കുതറിമാറാന്‍ ശ്രമിച്ചതിനാല്‍ കാലില്‍ മാത്രമാണ് പെട്രോള്‍ വീണത്. അതുകൊണ്ട് കൂടുതല്‍ ഭാഗങ്ങൡ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്. ബിജു വേഗം തന്നെ സമീപത്ത് താമസിക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ വിളിച്ചു വരുത്തി. വഴിയില്‍ വെച്ച് വി.എസ്.പ്രസാദ് ബിജുവിന്റെ വീട്ടില്‍ നിന്നും ഓടി മറയുന്ന അക്രമികളെ കാണുകയും ചെയ്തു. അപ്പോഴേക്കും എടക്കര എസ്ഐയുടെ ചാര്‍ജ്ജുള്ള പൂക്കോട്ടുംപാടം എസ്ഐയും സംഘവും സ്ഥലത്തെത്തി. ബിജുവിനെ വധിക്കാന്‍ ശ്രമിച്ചവരെ താന്‍ കണ്ടുവെന്നും അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള ആവശ്യത്തെ തമാശ കേള്‍ക്കുന്ന ലാഘവത്തോടെയാണ് എസ്ഐ കേട്ടത്. ബിജുവിന്റെ വീട്ടില്‍ നിന്നും ഓടിമറഞ്ഞ ആളുടെ വീടടക്കം പറഞ്ഞുകൊടുത്തെങ്കിലും എസ്ഐ ഗൗനിച്ചില്ല. പ്രതികളെ പിടികൂടുന്നതിന് പകരം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് നീയല്ലേടാ കത്തിച്ചത് എന്ന് പറഞ്ഞ് എസ്ഐ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിജുവിനെയും പ്രസാദിനെയും എടക്കര സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചു. അവസാനം സിഐ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. പരിക്കേറ്റ വി.എസ്.പ്രസാദ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാണ് പള്ളിക്കുത്ത് ഭാഗത്ത് സിപിഎം അക്രമം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ നടത്തിയ അക്രമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ധാരണയായിരുന്നു. പക്ഷേ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചിലര്‍ രാത്രിയുടെ മറവില്‍ സിപിഎമ്മിന്റെ സ്തൂപം തകര്‍ത്തു. അതിനെതിരെ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പോലീസിനെ സാക്ഷി നിര്‍ത്തി ബസ് കാത്തിരിപ്പുകേന്ദ്രവും ബിജെപിയുടെ കൊടിമരങ്ങളും, പള്ളിക്കുത്ത് ക്ഷേത്രത്തിന്റെ ഫഌക്സ് ബോര്‍ഡുകളും സിപിഎമ്മുകാര്‍ തകര്‍ത്തു. പക്ഷേ ഇതിനെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് സിപിഎമ്മുകാര്‍ തന്നെ സ്വന്തം ഓഫീസിന് തീയിടുകയും ആ കുറ്റം ബിജെപിയുടെ മേല്‍ ആരോപിക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് നിലമ്പൂര്‍ തഹിസില്‍ദ്ദാര്‍, ഡിവൈഎസ്പി, സിഐ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം സിപിഎം ബഹിഷ്ക്കരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മുട്ടിക്കടവില്‍ നിന്നും വാഹന പരിശോധനക്കിടെ വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി. ചുങ്കത്തറ പഞ്ചായത്ത് സിപിഎം മെമ്പറുടെ സഹോദരന് ഈ കേസില്‍ പ്രതിയാണ്. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. പള്ളിക്കുത്തും പരിസര പ്രദേശങ്ങളിലും സ്ഫോടനം നടത്തി ബിജെപി-ആര്‍എസ്എസ് സംഘടനകളുടെ മേല്‍ കെട്ടിവെക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത ശ്രമമാണ് പൊളിഞ്ഞത്. അനധികൃത ക്വാറികള്‍ക്ക് സ്ഫോടക വസ്തുകള്‍ എത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഈ സിപിഎം മെമ്പര്‍.
അടുത്തിടെ സിപിഎമ്മില്‍ നിന്നും ബിജെപിയിലേക്ക് വന്ന ബിജുവിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സിപിഎമ്മിന് ഗൂഢലക്ഷ്യങ്ങളുണ്ട്. വിവിധ വിഭാഗങ്ങളിപ്പെട്ട നിരവധി ആളുകളാണ് ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നത്. അവരെ ഭയപ്പെടുത്തി ബിജെപിയുടെ വളര്‍ച്ച തടയുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. പൂക്കോട്ടുംപാടം, എടക്കര എസ്ഐമാര്‍ സിപിഎം നേതാക്കന്മാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ മനപൂര്‍വ്വം മര്ദ്ദിക്കുകയായിരുന്നുയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം സിപിഎം ഉണ്ടാക്കുന്ന പ്രകോപനമായ കാര്യങ്ങളിലൊന്നും ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതിന്റെ കാരണം വി.എസ്.പ്രസാദിന്റെ ഇടപെടലുകളാണ്. സിപിഎം അക്രമത്തിന് എന്നും വിലങ്ങുതടിയായി നില്ക്കുന്നതും പ്രസാദാണ്.
പൂക്കോട്ടുംപാടം എസ്ഐക്കെതിരെ എസ്പി, ഐജി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആവിഷ്ക്കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.സുമേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി.രാമന്, ബിജെപി നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.സി.വേലായുധന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: