മാവേലിക്കര: കോയമ്പത്തൂര്‍ ചിന്നവേടംപെട്ടി സിഎംഎസ് കോളജ് ഒന്നാംവര്‍ഷ മലയാളി വിദ്യാര്‍ത്ഥിയെ മലയാളികളായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ ആറു പ്രതികളെയും അന്വേഷണ വിധയമായി സസ്‌പെന്റു ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.
വള്ളികുന്നം ഇലിപ്പക്കുളം പോണാല്‍വീട്ടില്‍ എന്‍. അജിത്ത് കുമാറിന്റെ മകനും സിഎംഎസ് കോളജില്‍ ബിഎസ്‌സി ബയോടെക്‌നോളജി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ ഗോവിന്ദ് (21) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ ആക്രമണത്തിനിരയായത്. ഗോവിന്ദ് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥി വയനാട് കല്‍പറ്റ സ്വദേശി സനൂപ് (21)ന്റെ നേതൃത്വത്തിലെത്തിയ ആറംഗ സംഘമാണ് ഗോവിന്ദിനെ തുണിക്കുള്ളില്‍ കല്ലുകെട്ടി തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. സനൂപിനൊപ്പം അര്‍ജ്ജുന്‍ രമേശ്, റോഷന്‍, മുഷ്തറഫ്, ഷഫീക്ക്, ദിനു എന്നീ സീനിയര്‍ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നുവെന്ന് ഗോവിന്ദ് പറഞ്ഞു. വടകര സ്വദേശി ഷാരോണ്‍, കോഴിക്കോട് സ്വദേശി റഫ്‌നാസ് എന്നിവരും ഗോവിന്ദിനൊപ്പം ഇവരുടെ ആക്രമണത്തിനിരകളായി.
കഴിഞ്ഞ 21 ന് കോളജ് വിട്ട് കുറുമ്പംപാളയത്തുള്ള താമസസ്ഥലത്തേക്ക് പോകും വഴി വൈകിട്ട് നാലുമണിയോടെ ശരവണം പെട്ടി എന്ന്സ്ഥലത്തുവച്ച് വൈകിട്ട് നാലുമണിയോടെയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം തമിഴ്‌നാട് ശരവണംപെട്ടി ബി-9 പോലീസ് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തി ഗോവിന്ദിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
















