കൊല്ലം: ജില്ലയില്‍ ആദ്യമായി കഡാവര്‍ ഓര്‍ഗന്‍ റിട്രീവലിലൂടെ സുപ്രധാന അവയവങ്ങളെല്ലാം നീക്കംചെയ്തും മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ ഹൃദയം ചെന്നൈയിലുള്ള രോഗിയില്‍ വച്ചുപിടിപ്പിക്കുന്നതിനായി എയര്‍ലിഫ്റ്റിംഗിന് വഴിയൊരുക്കിയും ട്രാവന്‍കൂര്‍ മെഡിസിറ്റി.മെഡിസിറ്റിയില്‍ കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സംഭവിച്ച കൊറ്റങ്കര ചന്ദനത്തോപ്പ് സ്വദേശി ഗിരീഷ്‌കുമാറിന്റെ (38) ഹൃദയമാണ് ചെന്നൈയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിജേഷ് കുമാര്‍ ജെയിന്‍ എന്ന 49കാരന് ജീവിതം തിരികെ നല്‍കുക. ഇന്നലെ ഉച്ചയോടെ മെഡിസിറ്റി ഹെലിപാഡില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഹൃദയം അവിടെ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ ചെന്നൈയിലേക്കു പറക്കുകയായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശരീരത്തില്‍ നിന്ന് ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലം എന്നീ സുപ്രധാന അവയവങ്ങളെല്ലാം ഒരുമിച്ചു നീക്കംചെയ്തുകൊണ്ടുള്ള കഡാവര്‍ ഓര്‍ഗന്‍ റിട്രീവല്‍ ജില്ലയില്‍ ഇതാദ്യമാണ്. മരണം സംഭവിച്ചയാളുടെ മുഴുവന്‍ അവയവങ്ങളും ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചാലും അവയവം സ്വീകരിക്കാന്‍ അനുയോജ്യരായ രോഗികളെ യഥാസമയം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടും, അവയവദാതാവിന്റെ ആരോഗ്യകാരണങ്ങളാലും പലപ്പോഴും അതു സാധ്യമാകാറില്ലെന്ന് ആശുപത്രി എംഡി എ.സലാം പറഞ്ഞു.
















