കോട്ടക്കല്‍: പാലക്കാട് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി കയറി മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മരിച്ച കോട്ടക്കല്‍ സ്വദേശികളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടക്കല്‍ ആര്യവൈദ്യശാല ജീവനക്കാരായ ഇവര്‍ മരിച്ചപ്പോള്‍ ജില്ലയിലെ ഒരു ജനപ്രതിനിധി പോലും തിരിഞ്ഞു നോക്കിയില്ലെന്ന് കുമ്മനത്തോട് നാട്ടുകാര്‍ പരാതിപ്പെട്ടു. സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്നും ഈ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന് കുമ്മനം പറഞ്ഞു.
2015 ആഗസ്റ്റ് 26ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കഞ്ചിക്കോട്ടെ ഫാക്ടറിയിലെ ജോലിക്കാരായിരുന്നു മരിച്ച രമേശ്(39), ശശിപ്രസാദ്(40), രാജേഷ്(37) എന്നിവര്‍. ഇവര്‍ റോഡരികിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഇതേ ഫാക്ടറിയിലെ ജോലിക്കാരനായ പ്രഭാകരന് ബൈക്കില്‍ വന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് പ്രഭാകരന്റെ ബൈക്ക് മറിയുകയും അയാള്‍ ദൂരേക്ക് തെറിച്ച് വീഴുകയും ചെയ്തു. ശബ്ദം കേട്ട് കടയിലെ ജീവനക്കാരും ഇവര്‍ മൂവരും ഓടിയെത്തി. പ്രഭാകരനെ എഴുന്നേല്‍പ്പിച്ച് പ്രഥമിക ശുശ്രൂഷ നല്‍കുന്നതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഇവര്‍ മൂവരും പ്രഭാകരനും തല്‍ക്ഷണം മരിച്ചു. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒരു സഹായവും നല്‍കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: