സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ എത്തിച്ചേര്‍ന്നതെങ്ങനെ?
എന്റെ പ്രവര്‍ത്തന പാതയുടെ യഥാര്‍ത്ഥ വഴികാട്ടി അടല്‍ജിയാണ് എന്ന് പറയാം. അതില്‍പ്പിന്നെ എന്റെ ശേഷിയും ശേമുഷിയും പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിപ്പിച്ചതും ഭാരതീയ നാരീവികാസത്തിനുവേണ്ടിയാണ്. പിന്നീടങ്ങോട്ട് ഞാനെഴുതിയ പുസ്തകങ്ങളിലധികവും സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ്. എന്റെ ജീവിതോദ്ദേശ്യം ഇതുതന്നെയാണ് എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. അങ്ങനെ ആളുകള്‍ എന്റെ അഭിപ്രായങ്ങള്‍ സ്വീകരിക്കാനും അംഗീകരിക്കാനും തുടങ്ങി.
ഞാന്‍ എപ്പോഴും പറയുന്നത് വീട് ഒരു യുദ്ധക്കളമാക്കരുത് എന്നാണ്. സ്ത്രീയും പുരുഷനും തീര്‍ത്തും സമാനരെങ്കില് ഗൃഹം രണഭൂമിയായി മാറും. വീട് ശാന്തിയുടെയും സമാധാനത്തിന്റെയും വിളനിലമാണ്. ചില സന്ദര്‍ഭങ്ങളില്‍ സ്ത്രീ ഉയരങ്ങളിലും, ചില അവസരങ്ങളില്‍ പുരുഷന് ഉന്നതങ്ങളിലുമാണ്. എന്നാല്‍ വീട് നടത്തിക്കൊണ്ടുപോകാന്‍ ഒരാള്‍ മാത്രം വലിയവന്‍ എന്ന ചിന്തയരുത്. രണ്ടുപേരും വലിയവരാണ്. രണ്ടു കൂട്ടരും അന്യോന്യം അംഗീകരിക്കുകയും വേണം. കേവലം സ്ത്രീശാക്തീകരണംകൊണ്ട് മാത്രം സാമൂഹ്യപുരോഗതി നടക്കില്ല. പുരുഷശാക്തീകരണവും അതോടൊപ്പം ആവശ്യമാണ്.
ഇപ്പോള്‍ ഞാന്‍ പുതിയ ആശയത്തിലെത്തിയിരിക്കുന്നു. സമൂഹത്തിന് വേണ്ടത് സ്ത്രീ ശാക്തീകരണമല്ല, പുരുഷശാക്തീകരണവുമല്ല, മറിച്ച് കുടുംബശാക്തീകരണമാണ്. എങ്കില്‍ മാത്രമേ സാമൂഹികമായ വളര്‍ച്ച ഫലവത്താവുകയുള്ളൂ.
ഒന്ന് ചിന്തിച്ചുനോക്കൂ കേവലം സ്ത്രീ – സ്ത്രീ എന്ന് മാത്രം പറഞ്ഞ് സ്ത്രീശാക്തീകരണം നടക്കുന്നു. മുന്‍പ് പുരുഷനും സംഭവിച്ചതിതാണ് അങ്ങനെ പുരുഷാധിപത്യം ആരംഭിക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേവല വനിതാപക്ഷപാതമായ വളര്‍ച്ചയിലൂടെ ഒരുപക്ഷേ സമൂഹത്തിലെ പുരുഷന് തന്നെ അധഃപതിച്ചേക്കാം. എന്നാല്‍ നമുക്കുവേണ്ടത് വീടൊരു തുലാസ്സാവുകയാണ്. ഉയര്‍ച്ചതാഴ്ചകള്‍ സംഭവ്യങ്ങളാണ്. പുരുഷനെയും സമനാക്കണം സ്ത്രീയെയും. അതാണ് നമുക്കാവശ്യം. ഒരാളെ ഉയര്‍ത്താന്‍ മറ്റൊരാളെ താഴ്ത്തുക എന്നത് തെറ്റാണ്. അതുകൊണ്ടുതന്നെ നമുക്കാവശ്യം പൂര്‍ണ്ണമായ വളര്‍ച്ചയാണ്, കുടുംബ ഭദ്രതയും വികാസവുമാണ്.
സ്ത്രീകഥാപാത്രത്തിലധിഷ്ഠിതമായ ഒരു കഥയാണ് എഴുതുന്നതെങ്കില്‍പ്പോലും മറുവശത്ത് ഒരു പുരുഷകഥാപാത്രം കൂടി ആവശ്യമാണ്. എങ്കില്‍ മാത്രമേ എഴുത്തുപോലും വിജയിക്കുകയുള്ളൂ.
മണ്ഡോദരിയുടെ കഥയില്‍പ്പോലും ഒരു പുരുഷന്-രാവണനായി-നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്റെ ജീവിതനൗകയും അത്തരത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. സ്ത്രീയും പുരുഷനും ചേരുമ്പോള്‍ മാത്രമേ പൂര്‍ണ്ണത ലഭിക്കുകയുള്ളൂ. അര്ദ്ധനാരീശ്വരരൂപത്തിലൂടെ ഈശ്വരന് തന്നെ സൃഷ്ടിയുടെ രണ്ട് ഭാഗങ്ങളുടെയും ചേര്‍ച്ച കാണിച്ചുതരുമ്പോള്‍ മാനുഷ ജന്മങ്ങള്ക്കുമാത്രം അതെങ്ങനെ അംഗീകരിക്കാതിരിക്കാനാവും. അതിനാല്‍ നമുക്ക് സ്ത്രീയെ മാത്രമായോ, പുരുഷനെ മാത്രമായോ മാറ്റിനിര്‍ത്താന്‍ സാധിക്കുകയില്ല. സ്ത്രീത്വവും പുരുഷത്വവും അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്.
നാരീശക്തിയ്ക്ക് താങ്കളൊരു യഥാര്‍ത്ഥ പ്രതീകം തന്നെയാണ്. ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്കുള്ള സന്ദേശമെന്താണ്?
എന്നും സര്‍ക്കാരിനോടും സമൂഹത്തോടും പറയുന്ന സന്ദേശമിതാണ് – ഓരോ പെണ്‍കുഞ്ഞും സ്പെഷ്യല്‍ ആണ്. അവള് ഈക്വല്‍ അല്ല, മറിച്ച് അതുല്യയാണ് എന്തെന്നാല്‍ പ്രകൃതി അവള്‍ക്കുമാത്രം പ്രതേ്യകതകള്‍ കനിഞ്ഞുനല്‍കിയിരിക്കുന്നു. മാതാവാകാനും, കുഞ്ഞുങ്ങളെ വളര്‍ത്താനും, സമൂഹത്തിന് വെളിച്ചം നല്‍കാനും അവള്‍ക്കുമാത്രമേ കഴിയൂ. നല്ല സ്ത്രീ ഉത്തമയായ അമ്മയും, സാമൂഹ്യപരിഷ്കര്‍ത്താവുമാണ്. നാളെയുടെ പ്രതീക്ഷയാണ്. ഭാവിയുടെ പ്രത്യാശകളെ വിളയിക്കുന്ന മാതാവ് എന്നും ആദരണീയയാണ്. തുല്യയല്ല; അതുല്യയാണ്. ഇതുതന്നെയാണ് എന്റെ സന്ദേശവും.
ഈ സന്ദേശം ഞാനൊരു പുസ്തകരൂപത്തിലും എഴുതിയിട്ടുണ്ട്. ”ബിടിയാ ഹെ വിശേഷ്” (പെണ്‍കുട്ടികള്‍ സവിശേഷരാണ്). സ്ത്രീകള്‍ എന്നും പ്രത്യേക പരിഗണനയര്ഹിച്ചിരുന്നവരായിരുന്നു. ഞങ്ങളുടെ നാട്ടില്‍ സ്ത്രീകള്‍ പല്ലക്കില്‍ സഞ്ചരിച്ചിരുന്നു. ആ പല്ലക്ക് ചുമന്നിരുന്നതാകട്ടെ പുരുഷന്മാരും. പുരുഷന്മാര് പല്ലക്കിലല്ല സഞ്ചരിച്ചിരുന്നത്. സ്ത്രീകള്‍ക്ക് വിശിഷ്ടമായ പരിഗണന ലഭിച്ചിരുന്നു എന്നതിന്റെ ഉദാഹരണമാണിത്.
സ്ത്രീ എവിടെപ്പോയിരുന്നപ്പോഴും പുരുഷന് അനുഗമിച്ചിരുന്നു. മാര്‍ക്കറ്റില്‍പ്പോലും സ്ത്രീകള്‍ ഒറ്റയ്ക്ക് പോയിരുന്നില്ല. എന്നാല്‍ ആളുകളുടെ ചിന്താഗതി മറിച്ചായിരുന്നു. സ്ത്രീകള്‍ക്ക് ഉപദ്രവം നേരിടേണ്ടിവന്നതിനാലാണ് പുരുഷന്മാര് അനുഗമിച്ചിരുന്നത് എന്നാണ്. അത് വാസ്തവമേയല്ല. പുരുഷന്മാര് സ്ത്രീകള്‍ക്ക് സ്ഥാനവും മാനവും സ്നേഹവും സംരക്ഷണവും നല്‍കിയതിനാലാണ് അവരെ അനുഗമിച്ചിരുന്നത്. അത് സമൂഹത്തിലെ സ്ത്രീയുടെ ആഢ്യതയെയും മാന്യതയെയും ഉയര്‍ത്തിക്കാട്ടുന്നു.
ഞങ്ങളുടെ നാട്ടില്‍ സ്ത്രീ പുരുഷന്റെ ”പഗ്ഢി”(തലേക്കെട്ട്) ആയി കണക്കാക്കിയിരുന്നു. മാന്യമായതും ഉയര്‍ന്നതുമായ സ്ഥാനം നല്കി വനിതകള്‍ ആദരിക്കപ്പെട്ടിരുന്നു, ബഹുമാനിക്കപ്പെട്ടിരുന്നു.
ഞാനൊരുദാഹരണം പറയാം. ഒരു പുരുഷനുമായി വഴക്കിടുമ്പോള്‍ അയാളെ അസഭ്യവര്‍ഷം കൊണ്ട് മൂടിയാല്‍പ്പോലും അയാളുടെ ക്ഷോഭത്തിന് അതിര്‍ത്തിയുണ്ട്. പക്ഷേ അയാളുടെ അമ്മയെയോ, സഹോദരിയെയോ മോശമായിപ്പറഞ്ഞാല്‍ ആ പുരുഷന്റെ കോപാഗ്നി ആളിക്കത്തി കാട്ടുതീയായിപ്പടരും. ഇത് സാമാന്യമായി കണ്ടുവരുന്നതാണ്. ഇതില്‍ നിന്നും തന്നെ സ്ത്രീയുടെ സ്ഥാനം എത്രമാത്രം മഹത്തരമാണ് എന്ന് മനസ്സിലാക്കാം.
എന്നാലിന്ന് നാം ചിന്തിക്കുന്നത് എത്ര സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടു എന്നതിന്റെ കണക്കാണ്. സത്യമാണ് പക്ഷേ ഇന്നിന്റെ കണക്കാണിത്. ഇന്നും സ്ത്രീയ്ക്ക് സുരക്ഷിതത്വം നല്കാന് പുരുഷന്മാര് ശ്രമിക്കാറുണ്ട്. ഇന്നും മകളുടെ കൂടെയുള്ള സെല്‍ഫിയിടാന്‍ പറഞ്ഞപ്പോള്‍ 30 ലക്ഷം അച്ഛന്മാരാണ് ഫോട്ടോയിട്ടത്. എന്താണ് കഥ. ഒരിക്കലും പെണ്മക്കളെ നാം തഴയാറില്ല. പലതും മാദ്ധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നതാണ്. പ്രശ്നങ്ങള്‍ക്ക് ആവശ്യത്തില്‍കൂടുതല്‍ പ്രചാരം കൊടുത്ത് സ്ഥിതിഗതികളെ വഷളാക്കുകയാണ് ചെയ്യുന്നത്. പെണ്മക്കള് ഭാരതത്തില്‍ വിശിഷ്ടരാണ് – വിശിഷ്ടരായിത്തന്നെ തുടരും.
ഫെമിനിസത്തെക്കുറിച്ച് എന്താണഭിപ്രായം?
ഒരിക്കല്‍ ഒരാളെന്നോട് ഫെമിനിസ്റ്റാണോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ ഫെമിനിസ്റ്റല്ല, ഫാമിലിയിസ്റ്റ് ആണ് എന്ന്. എനിക്ക് ഫെമിനിസ്റ്റാവാന്‍ സാധിക്കുകയുമില്ല. ഫെമിനിസ്റ്റാശയങ്ങളുമായി എനിക്ക് യോജിക്കാനേ കഴിയുകയില്ല.
ഒരു സ്ത്രീയെ സന്ദിഗ്ദ്ധഘട്ടത്തില്‍ റോഡില്പ്പിടിച്ചിറക്കിയതിന് ശേഷം അവളുടെ പ്രശ്നപരിഹാരത്തെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാകും എത്തരത്തിലാണ് അവളുടെ ആധികള്‍ക്ക് പരിഹാരം ലഭിക്കുന്നത്. റോഡിലെത്തി പൊലിപ്പിക്കപ്പെടുന്ന പ്രശ്നത്തെ ഒതുക്കിയെടുക്കുക എന്നത് ബാലികേറാമലയാണ്. പെരുവഴിയിലിറക്കി മാന്യതയില്ലാതെയല്ല ഒരു മഹിളയുടെ വിധി നിശ്ചയിക്കേണ്ടത്. അവളുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം നല്കാന് ഭര്‍ത്താവുണ്ട് മാതാപിതാക്കളുണ്ട്. മക്കളുണ്ട്. അവര്‍ പരിഹരിക്കും പ്രശ്നം. ഏകയാക്കി സ്ത്രീയെ നടുറോഡിലെത്തിക്കുന്ന ഫെമിനിസ്റ്റുവാദികള് യഥാര്‍ത്ഥത്തില്‍ എന്താണാഗ്രഹിക്കുന്നത്. ശാശ്വതപരിഹാരം വീട്ടിലല്ലേ ലഭിക്കേണ്ടത്. റോഡിലാണോ?
സ്ത്രീകളുടെ പ്രശ്നം എന്ന് പറയുന്നത്, സ്ത്രീകളുടെ മാത്രം പ്രശ്നമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ്. അതിനാല്‍ സമൂഹം തന്നെ മുന്നിട്ടിറങ്ങട്ടെ സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി.
യൂണിവേഴ്സിറ്റി ചാന്‍സലറെന്ന നിലയില്‍ ഇന്നത്തെ പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സന്ദേശമെന്താണ്?
ഞാന്‍ ഏത് കോണ്വൊക്കേഷനില്പ്പോയാലും യുവാക്കളെക്കൊണ്ട് നാല് ശപഥങ്ങള്‍ ചെയ്യിക്കുന്നു.
1. അച്ഛനമ്മമാരെ വൃദ്ധാശ്രമങ്ങളില്‍ അയക്കില്ല.
2. വിവാഹമോചനം നടത്തില്ല.
3. സ്ത്രീകള്‍ക്കെതിരെ അതിക്രമം കണ്ടാല്‍ പ്രതികരിക്കുകയും അതൊരു ചാലഞ്ചായി ഏറ്റെടുത്ത് പൊരുതുകയും ചെയ്യും. സ്വന്തം ജീവന് അപായപ്പെട്ടാലും അപകടത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കാന്‍ ശ്രമിക്കും. ഒരിക്കലും അത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുകയുമില്ല.
4. പരിസരങ്ങളില്‍ മലിനത കണ്ടാല്‍ അത് വൃത്തിയാക്കാന്‍ ശ്രമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: