കാസര്‍കോട്: കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ കാസര്‍കോട് ജില്ലയുടെ വ്യവസായ പുരോഗതിക്ക് ഒന്നും ചെയ്യാത്ത, പുരോഗതിക്ക് കടിഞ്ഞാണിട്ട വ്യവസായ-ഐടി വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടി സമത്യ സന്ദേശമുയര്‍ത്തി നടത്തുന്ന യാത്ര ജില്ലയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തേനും പാലുമൊഴുക്കാമെന്ന വാക്കുകളുമായി കുഞ്ഞാലിക്കുട്ടി യാത്ര തുടങ്ങിയത്. മുസ്ലീം ലീഗിന്റെ രണ്ട് എംഎല്‍എമാരുള്ള ജില്ലയാണ് കാസര്‍കോട്. എന്നിട്ടും ജില്ലയിലെ വ്യാവസായിക വളര്‍ച്ചയ്ക്ക് വേണ്ടത് ചെയ്യാന്‍ ലീഗിനായിട്ടില്ല. ലീഗിന് ഏറെ സ്വാധീനമുണ്ടായിരുന്ന കാസര്‍കോട് മണ്ഡലവും മഞ്ചേശ്വരവും ഇന്ന് ബിജെപിയുടെ ശക്തികേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. അഞ്ച് വര്‍ഷത്തെ ലീഗിന്റെ ഭരണം മൂലം എന്തുപുരോഗതിയാണ് ജില്ലയ്ക്കുണ്ടായതെന്ന ചോദ്യം അണികള്‍ തന്നെ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ വകുപ്പില്‍നിന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജില്ലയ്ക്ക് എന്ത് അനുവദിച്ചുവെന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ വ്യവസായ വകുപ്പില്‍നിന്ന് ഒരു രൂപ പോലും ജില്ലയ്ക്ക് അനുവദിച്ചില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിന് അദ്ദേഹത്തിന്റെ വകുപ്പ് മേലധികാരികള്‍ തന്നെ മറുപടി പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ ജനങ്ങളെ വീണ്ടും വിഡ്ഡികളാക്കാന്‍ കിന്‍ഫ്രയില്‍ റൂറല്‍ ഐടി പാര്ക്കുതുടങ്ങുമെന്ന് പ്രഖ്യാപിച്ചാണ് കേരള യാത്ര തുടങ്ങിയത്.
24 കോടിരൂപ ചിലവില്‍ കഴിഞ്ഞ സര്‍ക്കാര്‍ മൈലാട്ടിയില്‍ ഉദ്ഘാടനം ചെയ്ത ഉദുമ സ്പിന്നിംഗ് മില്ല് ഒന്നു തുറന്നുകൊടുക്കാന്‍ പോലും വ്യവസായ മന്ത്രിക്ക് സാധിച്ചില്ലെന്നത് നേതൃത്വത്തിന്റെ പരാജയമായാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. നൂറുകണക്കിന് യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്കാന് കഴിയുമായിരുന്ന സ്ഥാപനം തുറക്കാന്‍ പോലും അഞ്ച് വര്‍ഷംകൊണ്ട് കഴിയാത്ത വ്യവസായ വകുപ്പും മന്ത്രിയും ജില്ലയോട് കടുത്ത അവഗണനയും വിവേചനവുമാണ് കാണിച്ചിരിക്കുന്നത്. വൈദ്യുതിബന്ധം വിച്ഛേദിച്ചതോടെ പ്രവര്‍ത്തനം നിലച്ച മില്ലിലെ ഉപകരണങ്ങള്‍ ഇപ്പോള്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയിരിക്കുന്നു. 2011 ജൂലൈയിലാണ് പ്രത്യേക ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് ഇവിടേക്ക് വൈദ്യുതി നല്‍കിയത്. ഉത്പാദനം തുടങ്ങാത്തതിനാല്‍ പ്രതിമാസം 1.21 ലക്ഷം രൂപ കണക്കാക്കി വൈദ്യുതി ചാര്‍ജ് നല്‍കണമെന്നായിരുന്നു വകുപ്പുമായുള്ള ധാരണ. ആദ്യത്തെ രണ്ട് ഗഡു അടച്ചതിനു ശേഷം പിന്നീട് ബില്ല് അടച്ചില്ല.
കാസര്‍കോട്ടെ വ്യവസായ കേന്ദ്രമായ കിന്‍ഫ്രാ, അനന്തപുരം വ്യവസായ എസ്റ്റേറ്റ് എന്നിവയുടെ ശോചനീയാവസ്ഥ പരിഹരിക്കാനോ, എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച നെല്ലിക്കുന്ന് ഐടി പാര്‍ക്ക്, ചീമേനി ഐടി പാര്‍ക്ക് എന്നിവയൊന്നും തുടങ്ങാന്‍ വ്യവസായ വകുപ്പിനായിട്ടില്ല. ചീമേനിയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കില്ല അവിടെ മറ്റ് വലിയ പദ്ധതികളാണ് ആലോചിക്കുന്നതെന്ന് മന്ത്രി തന്നെ ഇന്നലെ വ്യക്തമാക്കി കഴിഞ്ഞു. കിന്‍ഫ്രാ പാര്‍ക്കില്‍ വ്യവസായം തുടങ്ങാന്‍ അന്യജില്ലക്കാരായ നിരവധിപേര്‍ സ്ഥലം ഏറ്റെടുത്തെങ്കിലും വ്യവസായം തുടങ്ങാത്ത ഇവരില്‍ നിന്നും സ്ഥലം തിരിച്ചുപിടിക്കാന്‍ പോലും വ്യവസായ വകുപ്പ് നടപടി സ്വീകരിച്ചിട്ടുപോലുമില്ല. ജില്ലയിലെ ചെറുകിട വ്യവസായികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മൂന്ന് തവണ മന്ത്രിയെ ക്ഷണിച്ച് കാസര്‍കോട്ട് മുഖാമുഖം പരിപാടി നടത്തിയെങ്കിലും മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ചെറുകിട വ്യവസായ രംഗത്തുള്ളവര്‍ പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ മന്ത്രി കുഞ്ഞാലിക്കുട്ടി നിരവധി തവണ കാസര്കോട്ടെത്തിയിരുന്നത് പലപ്പോഴും സ്വകാര്യപരിപാടിക്കായിരുന്നവെന്നത് ജില്ലയ്ക്ക് തന്നെ നാണക്കേടാണ്.
ജില്ലാ വ്യവസായ കേന്ദ്രം വഴി 2010 മുതല്‍ 2015 വരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 44,09,97,808 രൂപ വകുപ്പിലെ പദ്ധതി ഇനത്തില്‍ ചിലവഴിച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇത് ബാങ്ക് വായ്പ ഇനത്തില്‍ നല്കിയതുമാത്രമാണെന്നാണ് വ്യവസായ കേന്ദ്രം അധികൃതര്‍ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലോ പൊതുമേഖലയിലോ ഒരു വ്യവസായം തുടങ്ങാനും പണം ചിലവഴിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും വിവരാവകാശ രേഖകളില്‍ പറയുന്നു. മറ്റുജില്ലകളുമായി താരതമ്യംചെയ്യുമ്പോള്‍ ഒരു സമത്വവും, സൗഹൃവും, സമന്വയവും കാസര്‍കോട് ജില്ലയോട് കുഞ്ഞാലിക്കുട്ടി കാണിച്ചിട്ടില്ല. സംസ്ഥാനം മാറി മാറി ഭരിച്ച ഇടതുവലതു മുന്നണികളും, നിലവില്‍ ഭരണപക്ഷത്തെ പ്രബല പാര്‍ട്ടിയായ മുസ്ലീം ലീഗും ജില്ലയോട് കാണിച്ച അവഗണന അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടായി മാറും. ബിജെപിക്ക് ശക്തമായ മുന്നേറ്റമുണ്ടായിട്ടുള്ള മഞ്ചേശ്വരത്തും കാസര്‍കോട്ടും ഇത്തവണ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ വോട്ടര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: