അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളില്‍ സുപ്രധാനമായ സ്ഥാനമുള്ള പന്ത്രണ്ടുകളഭം ഇന്ന് സമാപിക്കും. വര്‍ഷംതോരും മകരം ഒന്നുമുതല്‍ 12 വരെ നടക്കുന്ന അത്യപൂര്‍വ്വമായ ഈ ചടങ്ങ് ചെമ്പകശേരി തമ്പുരാന്‍ നാടുവാഴുന്ന കാലത്ത് ആരംഭിച്ചതാണ്. ദേവചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടേറെ തന്ത്രപ്രധാനമായ ചടങ്ങുകള്‍ നടക്കുന്ന ഇവിടെ വര്‍ഷംതോറുമുണ്ടാകുന്ന ചൈതന്യലോപും മൂലം ഉണ്ടാകുന്ന ദോഷങ്ങള്‍ തീര്‍ക്കുന്നതിനാണ് ഇവയെല്ലാം നടത്തിവരുന്നത്.
പന്ത്രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പള്ളിപ്പാനയും 12 പള്ളിപ്പാനകള്‍ കൂടുമ്പോള്‍ നടക്കുന്ന വിജയബലിയും അമ്പലപ്പുഴ ക്ഷേത്രത്തില്‍ മാത്രം നടന്നുവരുന്നു.
രാവിലെ 11ന് നടക്കുന്ന കളഭാഭിഷേകവും രാത്രിയിലെ വിളക്കും കണ്ടാല്‍ ഒരു മുറജപം കണ്ടുതൊഴുന്ന ഫലസിദ്ധി കൈവരുമെന്നാണ് പറയുന്നത്. ഓരോ കര്‍മ്മം നടക്കുമ്പോഴും ക്ഷേത്ര ചൈതന്യത്തിന് വര്‍ദ്ധനവ് ഉണ്ടാകുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളില്‍ പ്രത്യേകിച്ച് ശ്രീകൃഷ്ണക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനമാണ് അമ്പലപ്പുഴ ക്ഷേത്രത്തിനുള്ളത്. മീനമാസത്തിലെ ഉത്സവത്തിനു മുന്നോടിയായി വരുന്ന പന്ത്രണ്ടുകളഭം ഇന്ന് അമ്പലപ്പുഴ നാടിന്റെ തന്നെ ഒരു മഹോത്സവമായി മാറിക്കഴിഞ്ഞു. ഇവയെല്ലാം പകര്‍ന്നു നല്‍കുന്ന ആദ്ധ്യാത്മിക സംസ്‌കൃതിയാണ് അമ്പലപ്പുഴയുടെ സ്വത്ത്.
















