ലോകത്തിന്റെ നശ്വരതയെയും അതിലെ അനേകവിധമായ കഷ്ടപ്പാടുകളേയും മറ്റും പ്രതിപാദിക്കുമ്പോള്‍ വേദാന്തം അപ്രായോഗികതയിലേക്കും അശുഭാപ്തി വിശ്വാസത്തിലേക്കും ചായുന്നുവെന്ന് തോന്നിപ്പോകാമെങ്കിലും അനന്തവും സച്ചിദാനന്ദരൂപവുമായ ബ്രഹ്മത്തെപ്പറ്റി പറയുമ്പോള്‍ തികഞ്ഞ പ്രായോഗികതയും ശുഭാപ്തി വിശ്വാസവുമാണ് വേദാന്തം പ്രഖ്യാപനം ചെയ്യുന്നത്.
പീഡിതനെ സാന്ത്വനിപ്പിക്കാനും നിരുന്മേഷചിത്തനെ ആശ്വാസ സമ്പൂര്‍ണ്ണനാക്കാനുമാണ് അദ്വൈത സിദ്ധാന്തം ആത്യന്തികമായി ശ്രമിക്കുന്നതെന്ന് ലോകസമക്ഷം ഉച്ചൈസ്തരം ഉദ്‌ഘോഷിക്കപ്പെട്ടത് ശ്രീശങ്കരനിലൂടെയാണ്.
ഭാരതീയ ദര്‍ശനങ്ങളുടെ എല്ലാ ശാഖകളിലും വെച്ച് ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തമാണ് ആധുനികര്‍ക്ക് കൂടുതല്‍ സ്വീകാര്യമെന്നുള്ള കാര്യത്തില്‍ സംശയമില്ല എന്ന് ഭാരതീയ സിദ്ധാന്തങ്ങളിലും അതേസമയം ഭാരതീയേതരമായ സിദ്ധാന്തങ്ങളിലും ആഴത്തില്‍ അവഗാഹം നേടിയ പണ്ഡിറ്റ് സീതാനാഥ തത്വഭൂഷണ്‍ പറയുന്നു. ആധുനിക ലോകത്ത് ശങ്കരദര്‍ശനത്തിന്റെ പ്രസക്തിയെപ്പറ്റി പുനരവലോകനം ചെയ്യുന്ന അവസരത്തില്‍ പണ്ഡിറ്റിന്റെ പ്രസ്താവന ഗൗരവമര്‍ഹിക്കുന്നു.
















