കാസര്‍കോട്: കാസര്‍കോടന്‍ ജനതയെ ആവേശത്തിരയിളക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര ജില്ലയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറി. ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലും വന്‍ സ്വീകരണങ്ങളാണ് യാത്രക്ക് ലഭിച്ചത്. ഉച്ചക്ക് 1 മണിയോടെ ഉപ്പളയില്‍ നിന്നും പ്രയാണം ആരംഭിച്ച യാത്ര കാസര്‍കോട്, പൊയിനാച്ചി സ്വീകരണങ്ങള്‍ക്ക് ശേഷം കാഞ്ഞങ്ങാട് നഗരത്തിലെത്തുമ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. കാഞ്ഞങ്ങാട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹരിത കുങ്കുമ പതാകകളാല്‍ മൂടി പതിയാരിങ്ങളാണ് യാത്രയെ വരവേറ്റത്. യാത്ര കടന്നുവന്ന പാതകള്‍ക്കിരുവശവും പതാക വീശി കുട്ടികളും വൃദ്ധരും സ്ത്രീകളുമടക്കം വന്‍ ജനാവലിയാണ് ഉണ്ടായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിജയം ഉറപ്പാക്കുന്നതായിരുന്നു ലഭിച്ച സ്വീകരണങ്ങള്‍ തെളിയിക്കുന്നത്. സപ്തഭാഷാ സംഗമ ഭൂമിയെ ആവേശത്തിലാറാടിച്ച് രാത്രിയോടു കൂടി യാത്ര കണ്ണൂരിന്റെ മണ്ണിലേക്ക് കടന്നു. ഇരുട്ടിനെയും അവഗണിച്ച് യാത്ര കടന്നുപോയ വഴികളില്‍ പതിനായിരങ്ങള്‍ കുമ്മനത്തിന് ആശംസകളര്‍പ്പിക്കാന്‍ അണിനിരന്നു. ഇടത്-വലത് മുന്നണികള്‍ സ്വീകരിക്കുന്ന തേജോവധ നിഷേധാത്മക രാഷ്ട്രീയമല്ല സമാധാനത്തിന്റെയും ശാന്തിയുടേയും പാത സ്വീകരിച്ചുകൊണ്ട് ജനകീയ വികസനത്തിന് മുന്നോക്കം നല്‍കിക്കൊണ്ടുള്ള നയമാണ് ബിജെപി സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു യാത്രയിലുടനീളമുള്ള പ്രസംഗങ്ങള്‍. എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്ല്യനീതി ഇത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് വിമോചനയാത്ര നടത്തുന്നത്.
നിശ്ചയിച്ച സമയത്തില്‍ നിന്നും ഏറെ വൈകിയിട്ടും യാത്രയെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് കാസര്‍കോട് നഗരവീഥികളില്‍ നിറഞ്ഞ് നിന്നത്. കാസര്‍കോടെത്തിയ യാത്രയെ ബാന്‍ഡ് മേളവും ബൈക്ക് റാലിയും അകമ്പടി സേവിച്ചു. കാസര്‍കോട് നല്കിയ സ്വീകരണത്തില്‍ ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് എം.സുധാമ ഗോസാഡ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, പി.രാധാമണി, രവിപ്രസാദ്, സഞ്ജീവഷെട്ടി, പ്രമീള.സി.നായ്ക്, വി.വി.രാജന്, അനില്‍ കോടോത്ത്, മാലതി റായ്, മാലതി സുരേഷ്, പി.രമേഷ്, ശിവകൃഷ്ണഭട്ട്, പി.ആര്.സുനില്‍, സ്വപ്ന, ലത സംസാരിച്ചു. ഗുരുപ്രസാദ് വന്ദേമാതരം ആലപിച്ചു. കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി സ്വാഗതവും, രാജേഷ് ഷെട്ടി നന്ദിയും പറഞ്ഞു.
എല്ലാ രംഗത്തും സമഗ്രമായ വികസനം, അക്രമ-കൊലപാതക രാഷ്ട്രീയത്തിന്റെ മാര്‍ഗ്ഗം ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്താനാണ് സിപിഎം ശ്രമം. ആദര്‍ശാധിഷ്ടിതവും മൂല്യാധിഷ്ടിതവുമായ പ്രവര്‍ത്തന ശൈലിക്കായി ജനങ്ങല്‍ മോഹിക്കുകയാണ്. അസ്വസ്ഥതക്കും സംഘര്‍ഷത്തിനു മെതിരെ കാര്‍ഷിക വ്യവസായ രംഗത്ത് സമാധാനം വേണം, അതാണ് ഭാരതീയ ജനതാ പാര്‍ട്ടി ആഗ്രഹിക്കുന്നത് കുമ്മനം പറഞ്ഞു. പൊയിനാച്ചി: പൊയിനാച്ചിയില്‍ നല്കിയ സ്വീകരണത്തില്‍ ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്, കെ.പി.ശ്രീശന് മാസ്റ്റര്‍, നഞ്ചില്‍ കുഞ്ഞിരാമന്, ബാലകൃഷ്ണന് എടപ്പണി, ചന്ദ്രന് മാസ്റ്റര്‍, ചന്ദ്രന് കുറ്റിക്കോല്‍ സംസാരിച്ചു. ബാബുരാജ് സ്വാഗതവും സദാശിവന് മണിയങ്ങാനം നന്ദിയും പറഞ്ഞു. ജനക്ഷേമകരമായ പദ്ധതികള്‍ നടപ്പിലാക്കുമോ ഇല്ലയോ എന്ന് ജനങ്ങളോട് പറയാന്‍ ഇടത്-വലത് മുന്നണികള്‍ക്ക് കഴിയുന്നില്ല. പകരം അവര്‍ തേജോവധ രാഷ്ട്രീയമാണ് ചെയ്യുന്നതെന്ന് ചടങ്ങില്‍ സംസാരിച്ചുകൊണ്ട് യാത്രാനായകന് കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: