അങ്ങാടിപ്പുറം: ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വരുന്ന അനധികൃത പന്നിവളര്‍ത്തല്‍ ഫാം അടച്ചു പൂട്ടാന്‍ സ്റ്റോപ് മെമ്മോ നല്കാന് ജില്ലാ കലക്ടര്‍ ടി.ഭാസ്കരന് നിര്‍ദേശിച്ചു. സുതാര്യകേരളം ജില്ലാതല സെല്ലിന്റെ പ്രതിമാസ അവലോകന യോഗത്തില്‍ പരാതികളിലുള്ള തുടര്‍നടപടികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
മലമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫാം പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. വളാഞ്ചേരിയില്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നത് തടയാന്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തിയതായി എക്സൈസ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പഞ്ചായത്ത്വക കെട്ടിടത്തില്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നതിനെതിരെ ‘നന്മ•’ ലഹരി വിരുദ്ധ സമിതിയാണ് പരാതി നല്‍കിയത്.
പെരിന്തല്‍മണ്ണ-പട്ടാമ്പി സംസ്ഥാന പാതയില്‍ പുലാമന്തോളില്‍ ഗതാഗത തടസ്സമുണ്ടാക്കുന്നതിനാല്‍ ഓട്ടോറിക്ഷകള്‍ റോഡിന് സമാന്തരമായി നിര്‍ത്തിയിടാന്‍ നിര്‍ദേശിച്ചതായി ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് കൂടുതല്‍ സ്ഥലം ലഭിക്കുന്നതിന് പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അരീക്കോട് ചാലിയാര്‍പാലം മുതല്‍ പത്തനാപുരം കെ.എസ്.ഇ.ബി. വരെയുള്ള പൊതുസ്ഥലം കൈയ്യേറിയവരെ ഒഴിപ്പിക്കുന്നതിന് നോട്ടീസ് നല്കാന് അധ്യക്ഷന്‍ നിര്‍ദേശിച്ചു. നിശ്ചിത സമയത്തിനകം കൈയ്യേറ്റം നീക്കം ചെയ്തില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് ഇവ നീക്കം ചെയ്ത് ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കാനും തീരുമാനിച്ചു. ചേലേമ്പ്ര വില്ലേജില്‍ വെസ്റ്റ് ചാലിപ്പറമ്പില്‍ തര്‍ക്ക ഭൂമിയിലെ കാട് വെട്ടുന്നതിനുള്ള പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
കീഴുപറമ്പ്- ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തുകളിലെ ചെറുപുഴയില്‍ നീന്തല്‍ പരിശീലന വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ നിര്‍ദേശിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ സുതാര്യകേരളം ജില്ലാതല സെല്‍ കണ്‍വീനര്‍ കൂടിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, ജില്ലാ കോഡിനേറ്റര്‍ വി.നിമിഷ, വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: