നിലമ്പൂര്‍: മലയോര മേഖലകളില്‍ വ്യാജചിട്ടികള് പെരുകുന്നു. നിക്ഷേപകര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന കേന്ദ്രചിട്ടി ആക്ട് നടപ്പിലാക്കാന്‍ രജിസ്ട്രേഷന് വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് വ്യാജന്മാര്ക്ക് വളരാന്‍ ഊര്‍ജ്ജമാകുന്നത്.
സമീപകാലത്ത് നിരവധി ചിട്ടി കമ്പനികളാണ് പുതിയതായി ആരംഭിച്ചിരിക്കുന്നത്. പ്രദേശിക ടിവി ചാനലുകളില്‍ പരസ്യം ചെയ്താണ് ഇത്തരം കമ്പനികള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 1982ലെ കേന്ദ്ര ചിട്ടി ആക്ട് 2012 ഏപ്രിലില്‍ സുപ്രീംകോടതിയുടെ വിധിയോടെ പ്രാബല്യത്തില്‍ വന്നിരുന്നു. പക്ഷേ ഇത് നടപ്പിലാക്കാന്‍ രജിസ്ട്രേഷന് വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. പല ചിട്ടി കമ്പനികള്‍ക്ക് ലൈസന്‍സ് പോലുമില്ലെന്നുള്ളതാണ് വാസ്തവം. ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 90 ശതമാനം ചിട്ടി കമ്പനികളും അടച്ചുപൂട്ടി. മലയോര മേഖലയില്‍ നിന്നും കോടികളാണ് ഇത്തരക്കാര്‍ കൊണ്ടുപോയത്. കൃഷിക്കാര്‍ ഏറെയുള്ള മേഖലയില്‍ തട്ടിപ്പ് നടത്താന്‍ ചിട്ടി നല്ലൊരു പരിപാടിയാണ്. പഴയ കമ്പനികള്‍ തന്നെയാണ് പുതിയ വേഷത്തില്‍ വീണ്ടും അവതരിച്ചിരിക്കുന്നത്. രജിസ്ട്രേഷന് വകുപ്പിലെ ഉന്നതരുമായി കമ്പനികള്‍ക്ക് പിടിപാടുണ്ട്. അതുകൊണ്ട് പോലീസിനും കൂടുതലായൊന്നും ചെയ്യാനും സാധിക്കുന്നില്ല.
രാഷ്ട്രീയക്കാര്‍ നേരിട്ടും അല്ലാതെയും ഈ തട്ടിപ്പിന് കൂട്ടുനില്‍ക്കുകയാണ്. മുമ്പ് കെപിസിസി സെക്രട്ടറിയായിരുന്ന കോട്ടയം സ്വദേശി നടത്തിയ ആപ്പിള്‍ ട്രീ ചിട്ടി കമ്പനി നിലമ്പൂര്‍ താലൂക്കില്‍ നിന്ന് മാത്രം മൂന്ന് കോടി രൂപയാണ് തട്ടിയെടുത്തത്. ചോലക്കപ്പറമ്പിലെ ഒരു ചിട്ടി കമ്പനി പൊട്ടിയപ്പോള്‍ നിലമ്പൂര്‍ ടൗണിലെ വ്യാപാരികള്‍ക്ക് നഷ്ടമായത് 20 കോടി രൂപയാണ്.
ബാലുശ്ശേരി ആസ്ഥാനമായ ചിട്ടി കമ്പനിക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശാഖകളുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ബ്രാഞ്ചുകള്ക്കെല്ലാം ഒരേ ദിവസം താഴുവീണു. ചിട്ടി കമ്പനി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലിറങ്ങി ഇന്നും വിലസി നടക്കുന്നു.
ഇപ്പോള്‍ വീണ്ടും അവതരിച്ചിരിക്കുന്നു. രജിസ്ട്രേഷന് വകുപ്പിന്റെ അനുമതിയുണ്ടെന്ന അവകാശവാദവുമായാണ് ഇവര്‍ ആളുകളെ ചേര്‍ക്കുന്നത്.
നിലമ്പൂര്‍, എടക്കര, വഴിക്കടവ്, ചുങ്കത്തറ, കാളികാവ് എന്നിവിടങ്ങളില്‍ രഹസ്യമായും പരസ്യമായും നൂറിലധികം ചിട്ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില കമ്പനികളെ കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പോലീസും അധികൃതരും തിരിഞ്ഞുനോക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: