ഇന്ദ്രസഭയില്‍ സംഗീത സദസ്സ് നടക്കുന്നനേരം. ഗന്ധര്‍വന്‍ പാടുന്നതിനിടെ ശ്രദ്ധ പാളി. മനസ്സ് മുഴുവന്‍ സുന്ദരിയായ തന്റെ പുതിയ ഭാര്യയിലായിരുന്നു. അതിനാല്‍ത്തന്നെ ഗാനസദസ്സ് അമ്പേ പരാജയമായിരുന്നു. ശ്രുതിഭംഗവും, ലയഭംഗവും കൊണ്ട് അരോചകമായിരുന്നു അത്. അതോടെ ഇന്ദ്രന് അതികഠിനമായ ശുണ്ഠിവന്നു. ഉടനെ വന്നു ശാപം. നീന്റെ മനസ്സില്‍ നിറഞ്ഞ്‌നില്‍ക്കുന്ന സുന്ദരി ആരായാലും അവള്‍ രാക്ഷസിയാവട്ടേ.
ശാപം വന്നതോടെ ഗന്ധര്‍വ്വന്‍ ആകെ പരിഭ്രാന്തനായി. ദേവേന്ദ്രന്റെ കാല്‍ക്കല്‍ വീണ് ക്ഷമയാചിച്ചു. ഇന്ദ്രനാവട്ടെ അതേക്കുറിച്ച് ഒന്നുംതന്നെ മിണ്ടാതെ സ്വഗൃഹത്തിലേയ്‌ക്ക് പോയി. തന്നയുമല്ല തന്റെ പുതിയ പത്‌നി രാക്ഷസിയായിത്തീര്‍ന്നത് കാണുവാനുള്ള കെല്‍പ്പ് ആഗന്ധര്‍വനുണ്ടായതുമില്ല. പലപ്രകാരവും ശാപമോക്ഷത്തിന് യത്‌നിച്ചു. പക്ഷേ അതെല്ലാം പരാജയമാവുകയായിരുന്നു.
കുണ്ഠിതനായ ഗന്ധര്‍വ്വന്‍ തനിക്കു സംഭവിച്ച ദുര്‍വിധിയെ ഓര്‍ത്ത് സങ്കടപ്പെട്ട് ഒരിടത്തിരിപ്പായി. അപ്പോഴാണ് നാരദ മഹര്‍ഷി ഗന്ധര്‍വ്വനെ കാണാന്‍ ഇടയായത്. കാര്യങ്ങള്‍ എല്ലാം ചോദിച്ചുമനസ്സിലാക്കി. ദോഷത്തിന് പരിഹാരമായി ഉപദേശിച്ചത് ഏകാദശി അനുഷ്ഠിക്കുവാനായിരുന്നു. അതും മാഘത്തിലെ വെളുത്ത ഏകാദശിയും. അതിനൊപ്പെം ഭഗവദ് കീര്‍ത്തനവും ചെയ്യണം.
വ്രതാനുഷ്ഠാനത്താല്‍ ഗന്ധര്‍വ്വന് വന്നുകൂടിയ സകല ദോഷത്തിനും പരിഹാരം കാണാനായി. പ്രിയ പത്‌നിയുടെ ദേഹത്തുകയറിപ്പറ്റിയ ബാധകള്‍ അകന്ന മുന്നേപ്പോലെ അതിസുന്ദരിയായിത്തീര്‍ന്നു.
















