കല്‍പ്പറ്റ : വികസനകേരളത്തിനായി എല്ലാവര്ക്കും അന്നം, വെള്ളം, തൊഴില്‍, ഭൂമി, തുല്യനീതി എന്ന മുദ്രാവാക്യവുമായി ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രക്ക് ജനുവരി 22ന് വയനാട്ടില്‍ ഊഷ്മള സ്വീകരണമൊരുക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ.സദാനന്ദന്, ജില്ലാ ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ വയനാട് പ്രസ്സ് ക്ലബിലെ പത്രസമ്മേളനത്തില്‍ പറഞ്ഞു. മാനന്തവാടി, ബത്തേരി, നിയോജകമണ്ഡലങ്ങളിലെ പര്യടനത്തിനുശേഷം കല്‍പ്പറ്റ നിയോജകമണ്ഡലത്തിലാണ് സമാപനപരിപാടി.
വിമോചന യാത്രക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. ബിജെപി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സജിശങ്കറിന് മാനന്തവാടി മണ്ഡലത്തിന്റെയും യാത്രയുടെയും ചുമതലയുള്ളതിനാല്‍ സംസ്ഥാന പ്രസിഡണ്ടിന്റെ വിമോചനയാത്രക്കുശേഷമായിരിക്കും ജില്ലാ ചുമതല ഏല്‍ക്കുകയെന്നും പത്രലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി നേതാക്കള്‍ പറഞ്ഞു. സ്വീകരണ പരിപാടികള്‍ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി ബിജെപി ജില്ലാ-നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
കേരളം മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ സംസ്ഥാനത്തെ അധ:പതനത്തിലേക്കാണ് നയിച്ചത്. അടുത്ത തിരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ സമഗ്രമായ ഒരു പരിവര്‍ത്തനത്തിന് തുടക്കുംകുറിക്കും. ഈ ലക്ഷ്യം മുന്നില്‍ കണ്ട് വികസിത കേരളത്തിനായി എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, എല്ലാവര്ക്കും തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുയര്ത്തിപിടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന വിമോചന യാത്ര വിജയിപ്പിക്കാന്‍ ദേശസ്നേഹികള്‍ തയ്യാറാകണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ജനുവരി ഇരുപത്തിരണ്ടിന് മൂന്ന് മണിയോടുകൂടി വയനാട് ജില്ലയില്‍ പ്രവേശിക്കുന്ന കേരള വിമോചനയാത്രയെ ജില്ലാഅതിര്‍ത്തിയായ ബോയ്സ്ടൗണില്‍നിന്നും അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടിയിലേക്ക് ആനയിച്ച് സ്വീകരണം നല്‍കും. യാത്രയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തികാട്ടിയുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ വിലയിരുത്തികൊണ്ടുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടാകും. ഭാരതീയ ജനതാപാര്‍ട്ടി പ്രവര്‍ത്തകര്‍ നയിക്കുന്ന തെരുവ് നാടകം യാത്രയുടെ മുഖ്യ ആകര്‍ഷണമാകും. ബിജെപിയെ പ്രതീക്ഷയോടെ കാണുന്ന ആര്‍ക്കും എന്റെ നാട് എന്റെ പ്രതീക്ഷ എന്ന വിഷയത്തില്‍ അഭിപ്രായ കുറിപ്പുകള്‍ എഴുതി പെട്ടിയിലിടാനുള്ള സൗകര്യവും യാത്രയിലുടനീളം ഒരുക്കിയിട്ടുണ്ട്.
ബത്തേരി നിയോജകമണ്ഡലത്തിലെ സ്വീകരണം 3.30 സ്വതന്ത്രമൈതാനിയില്‍ നടക്കും. തുടര്‍ന്ന് കല്‍പ്പറ്റയിലെത്തുന്ന വിമോചനയാത്രയെ കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ അനന്തവീര ടാക്കീസിനുസമീപത്തുനിന്നും നിരവധി ബൈക്കുകളുടെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ സ്വീകരിച്ച് കല്‍പ്പറ്റയിലെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. സമാപനസമ്മേളനം അഞ്ച് മണിയോടുകൂടി കല്‍പ്പറ്റയില്‍ ആരംഭിക്കും.
23ന് രാവിലെ ഒന്‍പത് മണിക്ക് സംസ്ഥാന അദ്ധ്യക്ഷന്‍ വിവിധ സാമുദായിക സംഘടനാ നേതാക്കള്‍, കര്‍മ്മസമിതി ഭാരവാഹികള്‍, ഭൂസമര നേതാക്കള്‍, റെയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, പാരിസ്ഥിതിക സംഘടനാനേതാക്കള്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്രയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി മൂന്ന് മണ്ഡലങ്ങളിലും പണക്കിഴി സ്വീകരിക്കല്‍ ചടങ്ങും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: