ഭാരതത്തിന്റെ ദേശീയ കലാരൂപങ്ങളുടെ അപൂര്‍വ്വ സംഗമമായിന്നു ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ അരങ്ങേറിയത്. ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അവസാന വാരം നടന്ന ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവം കഥക്, ഒഡീസി, കുച്ചുപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്ത ഇനങ്ങളാല്‍ ധന്യമായിരുന്നു.
പ്രശസ്ത കഥക് ആചാര്യന് അഷിം ബന്ധു ഭട്ടാചാര്യയും സംഘവുമാണ് ആദ്യദിനത്തില്‍ കഥക് വിസ്മയത്താല്‍ വേദിയെ അവിസ്മരണീയമാക്കിയത്. ചടുലതാളങ്ങളാല് ദൃശ്യവിസ്മയം തീര്‍ത്ത് വന്ദനം മുതല്‍ വിവിധ വിഭാഗമായാണ് കഥക് അരങ്ങേറിയത്. സൂക്ഷ്മമായ പാദചലനങ്ങളിലൂടെയും മുദ്രകളിലൂടെയും കൃഷ്ണലീലകള്‍ ആറാടി. പൂതനാമോക്ഷവും കാളിയമര്‍ദ്ദനവും വിശ്വരൂപദര്‍ശനവും ആസ്വദിച്ച ഏവരും കൃഷ്ണകഥാ സാഗരത്തിലലിഞ്ഞു ചേര്‍ന്നു.
ലക്നൗ, ജയ്പൂര്‍ ശൈലികളുടെ സമ്മേളനത്തിലൂടെ പുതിയൊരു ശൈലിയാണ് ആഷിം ബന്ധു ഭട്ടാചാര്യയും സംഘവും അവതരിപ്പിച്ചത്. ലക്നൗ ശൈലിയുടെ ലാളിത്യവും ജയ്പൂരിന്റെ ഗാംഭീര്യവും ഒത്തിണങ്ങിയപ്പോള്‍ വേറിട്ടൊരു അനുഭൂതിയാണ് പ്രധാനം ചെയ്തത്. മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും വളരെ പുരാതനകാലം മുതല്‍ നിലവിലുണ്ടായിരുന്ന കലാരൂപമാണ് കഥക്. ശ്രീകൃഷ്ണകഥകളാണ് കഥക് നര്‍ത്തകര്‍ അവതരിപ്പിച്ചിരുന്നത്.
പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍, മറ്റു പല കലാസാംസ്കാരികാചാരങ്ങളെയെന്നപോലെ കഥക് നൃത്തത്തേയും മിക്ക ബ്രിട്ടീഷ് ഭരണാധികാരികളും അപ്രിയമനോഭാവത്തോടെയാണ് വീക്ഷിച്ചത്. എങ്കിലും ഇതിനെയെല്ലാം അതിജീവിച്ച ഈ കലാരൂപം സ്വാതന്ത്ര്യാനന്തരം ഭാരതത്തിലെ ശാസ്ത്രീയ നൃത്തരൂപങ്ങളിലൊന്നായി സ്ഥാനം പിടിച്ചു. വേദിയില്‍ നര്‍ത്തകര്‍ പ്രവേശിക്കുന്നത് ‘ആമദ്'(വന്ദനം) എന്ന ചടങ്ങോടെയാണ്. ഒരു കൈ ഉയര്‍ത്തിയും മറ്റേ കൈ അരയില്‍ വച്ചും, കണ്ണുകള്‍ ഇരുഭാഗത്തേക്ക് ചലിപ്പിച്ചും, പുരികങ്ങള്‍ മാറി മാറി ഉയര്‍ത്തിയും, താഴ്ത്തിയും, കഴുത്തുവെട്ടിച്ചുമുള്ളനില കഥകിന്റെ പ്രത്യേകതയാണ്.
ഗണേശസ്തുതിയോടെയാണ് കഥക് ആരംഭിക്കുന്നത്. സമത്തില് നിന്ന് ദ്രുതത്തിലേയ്ക്കും, അതിദ്രുതത്തിലേയ്ക്കുമുള്ള താളസംക്രമണം അകൃത്രിമമാക്കുന്നതിലാണ് കഥക് നര്ത്തകറുടെ സാമര്‍ത്ഥ്യം. കണങ്കാലിന്റെ അയത്നലളിതമായ ഭ്രമണം(ചുറ്റല്) കഥകിന്റെ സവിശേഷതയാണ്. കഥകിലെ പ്രേമസങ്കല്പം പരമാത്മാവായ ശ്രീകൃഷ്ണനില്‍ അണയാനുള്ള ജീവാത്മാവായ രാധയുടെ ഉള്‍പ്രേരണയാണ് രാധാകൃഷ്ണപ്രേമത്തിന്റെ അന്തസത്ത.
ഭരതനാട്യത്തെപ്പോലെ വര്‍ണ്ണശബളമല്ല കഥകിന്റെ വേഷം. ഇറക്കമുള്ള കമ്മീസും അരക്കെട്ടു വസ്ത്രവും ധരിച്ച് ഓരോ കാലിലും നൂറ്റിപ്പത്ത് ചിലങ്കകള്‍ ഉറപ്പുള്ള ചരടില്‍ കോര്ത്തുകെട്ടുകയാണ് പതിവ്.
അഷിം ഭട്ടാചാര്യ, രഞ്ജിനി ഭട്ടാചാര്യ, താമ്നി ചൗധരി, സുബ്രധോ പണ്ഡിറ്റ്, അവിക് ചാക്കി, ശില്പി, താന്ത്ര തുടങ്ങി ഏഴ് കലാകാരന്മാരാണ് വേദിയെ ധന്യമാക്കിയത്.
ഒഡീസി നൃത്തമായിരുന്നു നൃത്തോത്സവത്തിന്റെ മറ്റൊരു സവിശേഷത. ഭാരതത്തിന്റെ പുണ്യനദിയായ ഗംഗയെ ശുചിയായി കാത്ത് സംരക്ഷിക്കേണ്ട സന്ദേശം ഒഡീസി നൃത്തത്തിലൂടെ ബെംഗളൂരുവിലെ സരിതാ മിശ്ര പകര്‍ന്ന് നല്‍കിയത് വ്യത്യസ്തമായ അനുഭൂതിയായി. ദേശീയ ശ്രീശങ്കര നൃത്തസംഗീതോത്സവത്തിന്റെ മൂന്നാംദിനം ഒഡീസി അരങ്ങേറിയത്. ഭഗീരഥന് തപസ്സ് ചെയ്ത് ഗംഗാനദി ശ്രീപരമേശ്വരന്റെ ജഡയിലൂടെ ഭൂമിയിലെത്തുന്നതും ആ പുണ്യനദിയുടെ ഇന്നത്തെ ശോച്യാവസ്ഥയും സരിതാ മിശ്ര മനോഹരമായി ഒഡീസിയിലൂടെ അവതരിപ്പിച്ചത് ഏറെ ഹൃദ്യമായിരുന്നു.
പുരി ജഗന്നാഥനെ സ്തുതിച്ചുക്കൊണ്ടുള്ള പുഷ്പാഞ്ജലിയോടെയാണ് സരിതാ മിശ്രയുടെ ഒഡീസി ആരംഭിച്ചത്. തുടര്‍ന്ന് ശില്പ ചാതുരിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പല്ലവി രാഗശ്രീ ഏകതാളത്തില്‍ അവതരിപ്പിച്ചു. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള പല്ലവിക്ക് ശേഷം ഭക്തനായ പ്രഹഌദന്റെ കഥയാണ് അവതരിപ്പിച്ചത്. എല്ലാത്തിനുമുപരിയായി ഭക്തിയിലൂടെ എല്ലാം സാക്ഷാത്ക്കരിക്കാമെന്ന സന്ദേശം ഉദാഹരണസഹിതം അവതരിപ്പിച്ചു. കൗരവസഭയില്‍ അവഹേളിക്കപ്പെടുന്ന ദ്രൗപതിയെ ശ്രീകൃഷ്ണന് രക്ഷിക്കുന്നതും ഗജേന്ദ്ര മോക്ഷവുമെല്ലാം ഭക്തിയുടെ പ്രാധാന്യം എടുത്തുകാട്ടുന്നതും ഏറെ ആനന്ദദായകവുമായിരുന്നു.
നര്‍ത്തകി എല്ലാം ദേവിക്ക് മുമ്പില്‍ സമര്‍പ്പിച്ച് മോക്ഷം നേടുന്ന നാരായണീ സ്തുതിയോടെയാണ് ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ഒഡീസിക്ക് സമാപനമായത്.
ഏകലവ്യ പുരസ്കാരം, റീത്താ ബേബി പുരസ്കാരം, പ്രതിഭാ ശ്രേഷ്ഠ, നൃത്ത പ്രതിഭ, നാട്യവേദ തുടങ്ങി നിരവധി അവാര്‍ഡുകള്‍ സരിതാ മിശ്രക്ക് ലഭിച്ചിട്ടുണ്ട്. ഒഡീസിയിലെ പ്രമുഖ കലാകാരിയായ സരിതാ മിശ്ര ബെംഗളൂരുവില്‍ ആദ്യക്ഷ എന്ന നൃത്ത വിദ്യാലയത്തിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒഡീസി നൃത്തം പകര്‍ന്നുനല്‍കുന്നു. വിചിത്രാനന്ദ് സൈ, യുധിഷ്ഠിര നായിക് എന്നിവരാണ് മിശ്രയുടെ ഗുരുക്കന്മാര്. ഗുരു കേളീചരണ് മാഹാപാത്ര ശൈലിയിലാണ് ഒഢീസി നൃത്തം സരിതാ മിശ്ര അവതരിപ്പിക്കുന്നത്.
ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സ് ഡയറക്ടര്‍ സുധാ പീതാംബരനും സംഘവുമവതരിപ്പിച്ച ദേവീകടാക്ഷം പ്രത്യേക നൃത്തപരിപാടിയായിരുന്നു നൃത്തോത്സവത്തിന്റെ മറ്റൊരു സവിശേഷത. മുടിയേറ്റിലെ പ്രകൃതിദത്തമായ വര്ണ്ണധൂളികള്കൊണ്ട് തയ്യാറാക്കിയ കളത്തില്‍ നിന്ന് ആവാഹിക്കപ്പെടുന്ന കാളിയുടെ ശക്തികൊണ്ട് ദാരികനെ നിഗ്രഹിക്കുന്ന പ്രത്യേക നൃത്തശില്പം ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തില്‍ വിസ്മയമായി. ദാരികവധം കൂടാതെ ചണ്ഡമുണ്ഡാസുരന്മാരുടെ നിഗ്രഹവും ദേവീകടാക്ഷത്തില്‍ മനോഹരമായി ദൃശ്യവത്കരിച്ചു.
സാംസ്കാരിക പൈതൃകത്തിന്റ വിളനിലങ്ങളായ നാടന്‍ കലകളും അവയോടനുബന്ധിച്ചുളള അനുഷ്ഠാനങ്ങളും ശൈലീകൃത സുകുമാര കലകളുടെ ശക്തമായ വേരുകളാണെന്ന സന്ദേശം നല്കുന്ന നാട്യാവതരണം കൂടിയായിരുന്നു ദേവീകടാക്ഷം.
ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുരുദേവനും കാലാനുസൃതമായി ആവാഹിച്ചു സ്തുതിച്ച ദേവീസങ്കല്പത്തിലെ ലാസ്യ – താണ്ഡവ ഭാവങ്ങളാണ് ഈ നൃത്തശില്പത്തെ വ്യത്യസ്തമാക്കിയത്.
സുധാ പീതാംബരനൊടൊപ്പം, അധ്യാപികമാരായ രശ്മി നാരായണന്, സരിഷ്മ സതീശന്, മീനാക്ഷി വി.പി, ശ്രീക്കുട്ടി മുരളി, അഞ്ജന പി. സത്യന്, അനഘ ടി. വിജയന് എന്നിവരും അരങ്ങിലെത്തി. രചനയും സംവിധാനവും ഡോ. സി.പി. ഉണ്ണികൃഷ്ണനും സംഗീത സംവിധാനം എം.എസ്. ഉണ്ണികൃഷ്ണനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കലാശ്രീ സുനന്ദ നായരുടെ മോഹിനിയാട്ടവും ശ്രദ്ധേയമായിരുന്നു.
വിശ്വകവി രവീന്ദ്രനാഥ ടാഗോറിന്റെ നായികാ കഥാപാത്രങ്ങള്‍ക്ക് കുച്ചുപ്പുടിയിലൂടെ സാക്ഷാത്ക്കാരം നല്കി പ്രശസ്ത നര്‍ത്തകി ദീപികാ റെഡ്ഡി വേറിട്ട അനുഭൂതി നല്കി. ടാഗോറിന്റെ കഥാപാത്രങ്ങളായ ചിത്രാംഗദ രാജ്ഞിയും ചണ്ഡാലഭിക്ഷുകിയുമെല്ലാം ദീപികാ റെഡ്ഡി വേദിയില്‍ അനശ്വരമാക്കി. ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന വ്യത്യസ്തങ്ങളായ അവതരണത്തെ ഹര്‍ഷാരവത്തോടെയാണ് ഏവരും ഹൃദയത്തിലേറ്റിയത്.
വൈദ്യശാസ്ത രംഗത്തെ പ്രാഗത്ഭ്യത്തിനൊപ്പം നൃത്തത്തിലെ പ്രാവീണ്യവും പ്രകടമാക്കുന്ന മനോഹരമായ അവതരണമായിരുന്നു ഡോ. ദ്രൗപദി പ്രവീണിന്റെയും ഡോ. പത്മിനി കൃഷ്ണന്റെയും ഭരതനാട്യം കുച്ചുപ്പുടി ഫ്യൂഷന്‍. സരസ്വതി രാഗത്തില്‍ ആദിതാളത്തില്‍ പുഷ്പാഞ്ജലിയോടെയായിരുന്നു തുടക്കം. അഞ്ച് രാഗത്തില്‍ അഞ്ച് ഗതിയില്‍ ചിട്ടപ്പെടുത്തിയ ജതിസ്വരം, മാനസ സഞ്ചരരേ എന്ന് തുടങ്ങുന്ന കീര്‍ത്തനത്തിനൊപ്പം ഭഗവാന് കൃഷ്ണനില്‍ അലിഞ്ഞുചേരുന്ന പ്രത്യേക അവതരണവുമെല്ലാം അമൃതധാരയായിട്ടാണ് ഏവരും സ്വീകരിച്ചത്.
ജയപ്രഭാമേനോന്റെ മോഹിനിയാട്ടമായിരുന്നു മറ്റൊരു ആകര്‍ഷണം. വിഘ്നേശ്വര സ്തുതിയോടെയായിരുന്നു തുടക്കം. ലോകത്തിന്റെ ഊര്ജ്ജദായകനായി പ്രകൃതിയെ നിലനിര്‍ത്തുന്ന സൂര്യസ്തുതി തം സൂര്യം പ്രണമാമ്യഹം വളരെ മനോഹരമായിട്ടാണ് വേദിയില്‍ അറങ്ങേറിയത്. കാവാലം നാരായണപണിക്കരാണ് സംഗീതം പകര്‍ന്നത്. ആദിശങ്കരന്റെ ജന്മഭൂമിയില് ജഗദ്ഗുരുവിന്റെ ഭജഗോവിന്ദവും അനുഗ്രഹ വര്‍ഷമായി മോഹിനിയാട്ടത്തിലൂടെ പെയ്തിറങ്ങി. ചെന്നൈ രഞ്ജിത്ത് വിജ്ന ദമ്പതികളവതരിപ്പിച്ച ഭരതനാട്യം വേറിട്ട അവതരണശൈലികളാല് ഏറെ മനോഹരമായിരുന്നു.
അഞ്ച് ദിവസങ്ങളിലായി ശ്രീശങ്കര ജന്മഭൂമിയില് നടന്ന ദേശീയ ശ്രീങ്കര നൃത്ത സംഗീതോത്സവം ഏറെ വ്യത്യസ്തവും തനത് കലകളുടെ സംഗമവുമായിരുന്നു. ഭാരതീയ കലകളുടെ തനത് മഹോത്സവത്തില്‍ പങ്കെടുക്കുവാനും ആസ്വദിക്കുവാനുമായി ആയിരങ്ങളാണ് അദ്വൈതഭൂമിയിലെ നൃത്തോത്സവവേദിയിലേക്ക് ഒഴുകിയെത്തിയത്. ശ്രീശങ്കര നാട്യമണ്ഡപത്തിന് സമീപം 2250 ചതുരശ്ര അടിയില്‍ തയ്യാറാക്കിയ വലിയ നൃത്തവേദിയില്‍ അന്താരാഷ്ട്ര പ്രസിദ്ധരായ കലാകാരന്മാരുള്പ്പടെ അറുനൂറോളം കലാകാരന്മാരാണ് നൃത്താവതരണത്തിലൂടെ ഉത്സവത്തെ ധന്യമാക്കിയത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ദേശീയ നൃത്തോത്സവത്തിന്റെ സംഘാടകര്‍ ശ്രീശങ്കരാ സ്കൂള്‍ ഓഫ് ഡാന്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: