നിലമ്പൂര്‍: വിമതശല്ല്യം രൂക്ഷമായതോടെ പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ നിലമ്പൂരിലെ സ്വീകരണ സ്ഥലം മാറ്റാന്‍ സാധ്യത.
നവകേരള യാത്രയുടെ മുന്നോടിയായി നടത്തിയ മണ്ഡലം തലത്തിലുള്ള പ്രചരണ ജാഥകള്‍ ജനപങ്കാളിത്തമില്ലാതെ നിറംമങ്ങിയിരുന്നു. ജനപങ്കാളിത്തമില്ലാതെ പരിപാടി നടത്തിയാല്‍ നാണക്കേടാകുമെന്ന തിരിച്ചറിവാണ് സ്വീകരണ സ്ഥലം മാറ്റാന്‍ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. നാടുംനഗരവും ഇളക്കിമറിക്കുമെന്ന് നേതൃത്വം കരുതിയ പ്രചരണ ജാഥയില്‍ പങ്കെടുത്തത് സജീവ പ്രവര്‍ത്തകരില്‍ ചിലര്‍മാത്രം. മണ്ഡലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിമത ഭീഷണിയും സംസ്ഥാന നേതാവിന്റേതടക്കമുള്ള രാജിയും പ്രശ്നം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
ജില്ലാ നേതൃത്വം ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുത്തത് നിലമ്പൂര്‍ മണ്ഡലത്തിലെ പ്രചരണജാഥകള്ക്കായിരുന്നു. പക്ഷേ ഒന്നും ഫലം കണ്ടില്ല. പ്രാദേശിക സിപിഎം നേതാക്കളുടെ അഴിമതിയും കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളും ലീഗ്-കോണ്‍ഗ്രസ് നേതാക്കളുമായുള്ള രഹസ്യചങ്ങാത്തവും അവശേഷിക്കുന്ന അണികളെ അസംതൃപ്തരാക്കുന്നു. കഴിഞ്ഞ ദിവസം സിഐടിയു ലോഡിംഗ് തൊഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറി കുഞ്ഞൂട്ടി പാനോലന്‍ രാജിവെച്ചതാണ് ഇപ്പോള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.
സംസ്ഥാന നേതാവ് പി.കെ.സൈനബ പിണറായിയുടെ യാത്രയില്‍ സ്ഥിരാഗംമാണ്. സൈനബയുടെ തട്ടകത്തിലേക്ക് യാത്ര എത്തുമ്പോഴേക്കും മണ്ഡലത്തില്‍ പാര്‍ട്ടിയുടെ പതനം ഏകദേശം പൂര്‍ത്തിയാകും. 26നാണ് നിലമ്പൂരില്‍ സ്വീകരണം നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ മരണവീട്ടിലെ ശ്മശാനമൂകതയാണ് നിലമ്പൂരിലെ സിപിഎമ്മുകാര്‍ക്കിടയില്‍.
സജീവപ്രവര്‍ത്തകര്‍ ഒരോരുത്തരായി പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകുന്നു. അവരില്‍ ഭൂരിഭാഗവും ചേക്കേറുന്നതാകട്ടെ വിമതപക്ഷത്തും. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടിക്കൊപ്പം നിലകൊണ്ട എസ്എന്‍ഡിപി നേതാക്കളും പ്രവര്‍ത്തകരും ബിജെപിക്കൊപ്പം ചേര്‍ന്ന് കഴിഞ്ഞു. വിരലിലെണ്ണാവുന്ന ആളുകളെ വെച്ച് നവകേരള യാത്രക്ക് എങ്ങനെ സ്വീകരണം നല്കുമെന്നറിയാതെ നെട്ടോട്ടമോടുകയാണ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: