മീനങ്ങാടി : പൂതാടി വരദൂരിന് സമീപം കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് വീണ് ആദിവാസി യുവാവ് മരിച്ചു. ചാതിക്കൊല്ലി കോളനിയിലെ അയ്യപ്പനാണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. തിങ്കളാഴ്ച എട്ട് മണിയോടെയാണ് നാട്ടുകാര്‍ പാലത്തിന് താഴെ വീണ് കിടക്കുന്ന അയ്യപ്പനെ കണ്ടത്. തകര്‍ന്ന പാലത്തിലേക്ക് പ്രവേശിക്കുന്നതിനായി സ്ഥാപിച്ച കവുങ്ങ് തടിയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനം. സംഭവസ്ഥലത്ത് വെച്ച് തന്നെ അയ്യപ്പന് മരിച്ചു. വിവരമറിഞ്ഞ് മൃതദേഹം കൊണ്ട് പോകാനെത്തിയ പൊലീസിനെയും ട്രൈബല്‍ വകുപ്പ് ഉദ്യോഗസ്ഥരെയും നാട്ടുകാര്‍ സ്ഥലത്ത് തടഞ്ഞ് വെച്ചു.അപകടം പതിവാകുന്ന സാഹചര്യത്തില്‍ പുതിയ പാലം നിര്‍മ്മിക്കുമെന്ന ഉറപ്പ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തുടര്‍ന്ന് ബത്തേരി തഹസില്‍ എന്‍കെ
അബ്രഹാം സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി പാലം നിര്‍മ്മിക്കാന്‍ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ട് നല്‍കിയത്. അയ്യപ്പന്റെ കുടുംബത്തിന് ട്രൈബല്‍ വകുപ്പ് അടിയന്തര സഹായമായി അയ്യായിരം രൂപ കൈമാറി. അരിമുള വരദൂര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം പുനര്‍ നിര്‍മ്മിക്കുമെന്ന് എംഎല്‍എ നാട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നതാണ്. എട്ട് വര്‍ഷം മുമ്പുണ്ടായ മഴവെള്ളപ്പാച്ചിലിലാണ് പാലം തകര്‍ന്നത്. പാലത്തില്‍ നിന്ന് താഴെ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: