ഇത്തരമരുളിച്ചെയ്തുമഹേശന്‍
സത്വരമങ്ങൊരു വനചരനായി
അത്ര സുവര്‍ണ്ണകവര്‍ണശരീരം
തത്ര വിളങ്ങി വിശേഷ മനോജ്ഞം
ജടമുടി നല്ലൊരു തലമുടിയായി
നിടിലത്തിരുമിഴി തിലകമതായി
ഫണിമണിമാലകള്‍ പീലികളായി
ഫണിപതി വാസുകി കടകമതായി
അസ്ഥികള്‍ ശംഖാഭരണമതായി
അത്തൊഴില്‍ കണ്ടാലത്രമനോജ്ഞം
കരിത്തോല്‍ നല്ല കറുത്ത ദുകൂലം
വരിത്തോല്‍ ഭുജകം പൊന്നരഞ്ഞാണം
വെണ്മഴു ശൂലം ചാപം ശരവും
വെണ്മയിലിവ പുനരങ്ങനെയല്ലോ
കുന്നിന്‍ മകളുമതിന്നനുകൂലം
കുന്നിക്കുരുകുലമാലയണിഞ്ഞു.
ഒട്ടുകറുത്തൊരു പുടവടെടുത്തു
കൊട്ടയെടുത്തൊരു കോലുമെടുത്തു
ശങ്കര ഭാമിനി കൈകളിലങ്ങഥ
ശംഖും മുടവുകള്‍ കൊണ്ടുനിറച്ചു
മെച്ചമിയന്നൊരു കൈവിരല്‍ മുഴുവന്‍
പിച്ചളമോതിരമിട്ടു വിളങ്ങി.
















