വടശ്ശേരിക്കര: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയതോടെ നാടാകെ ഉത്ഘാടന മാമാങ്കം. പൂര്‍ണമാകാത്ത പദ്ധതികള്‍പോലും ഉത്ഘാടനം ചെയ്യുന്നതില്‍ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഉത്ഘാടന ചടങ്ങുകള്‍ എല്ലാം തന്നെ രാഷ്ട്രീയ യോഗങ്ങള്‍ ആയി മാറുകയാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിക്കഴിഞ്ഞാല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നിയന്ത്രണം ഉണ്ടാകുമെന്നതിനാലാണ് തട്ടിക്കൂട്ടി പരമാവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കുന്നത്.
ഒരു പോലീസ് സ്റ്റേഷന് ഉദ്ഘാടനം ചെയ്യണമെങ്കില്‍ കുറഞ്ഞത് ഒരു സര്‍ക്കാര്‍ വിജ്ഞാപനമെങ്കിലും വേണം. അതില്ലെങ്കില്‍ ആ പോലീസ് സ്റ്റേഷനില്‍ ഒരു എഫ് ഐ ആര് പോലും തയ്യാറാക്കാന്‍ സാങ്കേതികമായി കഴിയില്ല. സര്‍ക്കാര്‍ വിജ്ഞാപനമില്ലാതെ മലയാലപ്പുഴ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി തന്നെ ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് ആരോപണം ഉയരുന്നു. വിജ്ഞാപനം പുറകെ വരുമെന്നാണ് അധികൃതരുടെ വിശദീകരണം.
ഇക്കഴിഞ്ഞ ദിവസം നടന്ന സീതത്തോട് അഗ്നിശമന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ആഭ്യന്തര മന്ത്രിയാണ്. ചടങ്ങ് രാഷ്ട്രീയമാണെന്ന് ആരോപിച്ചു വേദിയില്‍ നിന്ന് തന്നെ പ്രധിഷേധം ഉയര്‍ന്നു. ചടങ്ങിനെതിരെ വേദിയില്‍ തന്നെ ഒരു വിഭാഗം നോട്ടീസും വിതരണം ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ നാട്ടുകാരും സംഘാടകരും തമ്മില്‍ സംഘര്‍ഷാന്തരീക്ഷം വരെ ഉണ്ടായി. പോലീസ് വളരെ പണിപെട്ടാണ് അന്തരീക്ഷം ശാന്തമാക്കിയത്.
തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിവസം ആരംഭിക്കുന്ന വടശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തില്‍ രാഷ്ട്രീയ പൊതുയോഗം സംഘടിപ്പിച്ചത് ഭക്തന്മാരുടെ വന്‍ എതിര്‍പ്പിനു കാരണമായി. തിരുവാഭരണ ഘോഷയാത്ര ആയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുകയായിരുന്നു. ഇതേ വേദിയില്‍ പൂര്‍ത്തിയാകാത്ത പേങ്ങാട്ടു കടവ് പാലത്തിന്റെ ഉദ്ഘാടനം നടത്താന്‍ അധികാരികള്‍ ആലോചിച്ചിരുന്നതായി ചിലര്‍ പറയുന്നു.
വടശേരിക്കര കുംബളത്താമണ് പി എച്ച് സി ഉത്ഘാടനവും തികച്ചും രാഷ്ട്രീയ യോഗമായി മാറുകയായിരുന്നു. ഒന്നാം വാര്‍ഡു കല്ലക്കല്‍ പ്രദേശത്തെ പണി പൂര്‍ത്തിയാകാത്ത മൃഗാശുപത്രി അടിയന്തിരമായി ഉദ്ഘാടനം നടത്തണമെന്ന് അധികാരികള്‍ അന്ത്യ ശാസനം നല്‍കിയിരിക്കുകയാണ്. ഇതേ മൃഗാശുപത്രി പഞ്ചാത്തു തെരഞ്ഞെടുപ്പു കാലത്ത് മറ്റൊരു ഉദ്ഘാടനം കഴിഞ്ഞതാണ്. ഇതിന്റെ ഉത്ഘാടനവും ഇലക്ഷന് മുമ്പ് തന്നെ ഉണ്ടാവുമെന്നാണ് നാട്ടുകാര്‍ പ്രതീക്ഷിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പണി പൂര്‍ത്തിയാകാത്ത പദ്ധതികളുടെ ഉല്‍ഘാടനങ്ങള്‍ സംഘടിപ്പിച്ചു ജനങ്ങളുടെ കണ്ണില്‍ പൊടീ ഇടാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: