ഒരു ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) ഭീകരന് സ്വന്തം അമ്മയെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നല്ലോ. സിറിയയിലാണ് സംഭവം. ഐസ് ഉപേക്ഷിച്ച് തന്റെകൂടെ നഗരംവിട്ടു പോരാന്‍ പ്രേരിപ്പിച്ചു എന്നതാണ് ആ മാതാവ് ചെയ്ത കുറ്റം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും മറ്റനേകം പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളുടെയും ഇരകളില്‍ ഒരാള്‍ മാത്രമാണ് ആ നിസ്സഹായയായ അമ്മ.
ഇത് സിറിയയിലാണല്ലോ എന്ന് കേരളീയരായ നമുക്ക് ഒരു നിമിഷം ആശ്വസിക്കാം. പക്ഷെ, പ്രബുദ്ധരെന്ന് സ്വയം മേനി നടിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദശാബ്ദങ്ങളായി തുടര്‍ന്നുവരുന്ന കൊലപാതക രാഷ്ട്രീയം ആരേയും ലജ്ജിപ്പിക്കുന്നതാണ്. ടി.പി.ചന്ദ്രശേഖരന്റെ മേല്‍ വീണ 51 വെട്ടുകളില്നിന്നും ഒഴുകിയ ചോരക്കറ ഇന്നും കേരളീയ മനസുകളിലുണ്ട്. ക്ലാസ് മുറിയില്‍ കുട്ടികളുടെ മുമ്പില്‍വച്ച് ജയകൃഷ്ണന് മാസ്റ്ററെ കൊത്തിനുറുക്കിയതും നമ്മെ ലജ്ജിതരാക്കുന്നു.
അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് ജനറല്‍ സെക്രട്ടറി ആര്. മോഹനനും, സഹാദ്ധ്യക്ഷനായ ഞാനുംസജീവ പ്രവര്‍ത്തകനായ കവിദാസും വയനാട്ടിലെത്തിയത് അടിയന്തരാവസ്ഥയില്‍ പീഡനമേറ്റവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ്. കേരളസിംഹം വീരപഴശിയുടെ വലംകൈയായിരുന്ന എടച്ചന കുങ്കന്റെ തലമുറയിലെ ജീവിച്ചിരിക്കുന്നവരില്‍ കാരണവരില്‍ ഒരാളായ 92 വയസുകാരന് ചെമ്മന്തട്ട എടച്ചന കുഞ്ഞിരാമന് നായര്‍ 40 വര്‍ഷംമുമ്പ് അടിയന്തരാവസ്ഥക്കെതിരെ വയനാട്ടില്‍ നയിച്ച ആദ്യത്തെ സമരചരിത്രത്തെക്കുറിച്ച് പറഞ്ഞു. പക്ഷെ, ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാക്കിയത് ആദിവാസി സംഘത്തിന്റെ സ്ഥാപകനേതാവും മണ്ണിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ആദിവാസികള്‍ നടത്തിയ അനേകം പോരാട്ടങ്ങളിലെ മുന്നണി പോരാളിയുമായ കുഞ്ഞിരാമന് നായര്‍ പറഞ്ഞ ഒരു പാതിരാക്കൊലപാതത്തിന്റെ സംഭവകഥയാണ്. അതാകട്ടെ ഇന്നും പരിഹാരമില്ലാതെ തുടരുന്ന കൊലപാതക രാഷ്ട്രീയത്തിന് നായകത്വം വഹിക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ജനിതകസ്വഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു കുഞ്ഞിരാമന് നായര്‍. അദ്ദേഹം ആ പാര്‍ട്ടി വിട്ടു.
“ഇവരോടൊന്നിച്ച് നില്ക്കാന് സാദ്ധ്യമല്ല, ഇവര്‍ അമ്മയെ കൊല്ലുന്ന പാര്‍ട്ടിയാണ് എന്ന് പൂര്‍ണമായി മനസിലാക്കിക്കൊണ്ടാണ് ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്ന് വിടപറഞ്ഞത്,” കുഞ്ഞിരാമന് നായര്‍ പറയുന്നു.
രണ്ടാം ക്ലാസ് വിദ്യാഭ്യാസംപോലുമില്ലാത്ത അദ്ദേഹവുമായി എം. രാജശേഖര പണിക്കര്‍ നടത്തിയ അഭിമുഖത്തില്‍നിന്ന്.
താങ്കളുടെ പേര്?
– സി.എ. കുഞ്ഞിരാമന് നായര്‍
എത്ര വയസുണ്ട്?
– 92
വീട്ടില്‍ ആരൊക്കെയുണ്ട്?
ആരുമില്ല. ഞാന്‍ മാത്രമേ ഉള്ളു. വീട് ഇപ്പോള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. ഇതിനുമുമ്പ് നാട്ടിലെ എല്ലാവരുടെയും വീടായിരുന്നു എന്റെ വീട്.
എന്താണ് ജോലി?
ഞാന്‍ പ്രധാനമായി നിന്നത് വയനാട്ടിലെ ഏറ്റവും നിര്‍ദ്ധനരായ ആദിവാസികളെ ഉദ്ധരിച്ച് അവരുടെ ജീവിതരീതി നന്നാക്കിക്കൊണ്ടുവരാന്‍ വേണ്ടിയാണ്. അതിനിടയില്‍ വിവിധ പാര്‍ട്ടികളില്‍ ഉണ്ടായിരുന്നു. അധികവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പോന്നു.
അന്ന് പാര്‍ട്ടിയിലെ നേതാക്കന്മാര് ആരൊക്കെയായിരുന്നു?
അന്നത്തെ നേതാക്കന്മാരില് എകെജിയെ മാത്രമേ എനിക്കറിയുള്ളു. ഇഎംഎസ് ഉണ്ട് എന്നോക്കെ പറയുന്നു. പിന്നെ ആര്. ശങ്കറിനേയും അറിയാം.
എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിട്ടത്?
ഞാന്‍ വളരെ സജീവ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ എന്തെങ്കിലും ജീവിതമാര്‍ഗവും വേണമല്ലോ എന്ന നിലയ്ക്ക് തെക്കുംതറ കോട്ടത്തറ അംശത്തില്‍ ചെറിയ ഒരു ചായക്കച്ചവടം നടത്തിയാണ് എന്റെ ജീവിതം ഞാന്‍ മുന്നോട്ടുകൊണ്ടുപോയത്. ആ കാലഘട്ടത്തില്‍ കടയുടമയായ കേശവന് നായര്‍ എന്ന ആള് മൂന്ന് ആളുകളെ രാത്രിയില്‍ കൂട്ടിക്കൊണ്ടുവന്നു. ഈ വീടിന്റെ മുകളില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞു. അവരുടെ വീടായതുകൊണ്ട് ഞാനൊന്നും വിസമ്മതിച്ചില്ല. എതിരൊന്നും പറഞ്ഞില്ല. അങ്ങനെ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ അനിയന് ഗോപാലന് നായര്‍ എന്നോട് വന്നിട്ട് പറഞ്ഞു, ഈ ആളുകളെ ഇവിടെനിന്ന് മാറ്റിയില്ലെങ്കില്‍ നീയും ചേട്ടനുമടക്കമുള്ളവരെ ഞാന്‍ കാണിച്ചു തരാം, ഉടനെ ഇവരെ പഞ്ഞയക്കണം. ഞാന്‍ പറഞ്ഞു, നിങ്ങള്‍ തന്നെ പറയ്. അവര്‍ ആരാണെന്ന് എനിക്കറിയില്ല. അവര്‍ ഇവിടെനിന്ന് ചായ കുടിക്കുന്നുണ്ട്. അതിന്റെ പൈസ കേശവന് നായര്‍ തരുന്നുണ്ട്. മൂന്നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ചായപ്പീടികയും വീടും രാത്രിയില്‍ പോലീസ് വളഞ്ഞു. മുകളില്‍നിന്ന് അവരെ പിടിച്ചു. എന്നെയും പിടിച്ചു. പോലീസ് വൈത്തിരിയിലേക്ക് നടത്തിച്ചു. അന്ന് ബസ് ഒന്നുമില്ലാത്ത കാലഘട്ടമാണ്. നടത്തിച്ചു കൊണ്ടുപോയി. അങ്ങനെ സര്‍ക്കിള്‍ ഓഫീസില്‍ കൊണ്ടുപോയി സെല്ലുപോലത്തെ, ആളുകളെ ഇടുന്ന സ്ഥലമുണ്ട്. അവിടെ കൊണ്ടുപോയിട്ടു. നേരം പുലര്‍ന്ന് പത്തുമണിയായപ്പോള്‍ സര്‍ക്കിള്‍ വിളിപ്പിച്ചു.
പോലീസുകാരന്റെ പേര് ഓര്‍മയുണ്ടോ?
പേരോര്‍മയില്ല. എന്നെ വിളിപ്പിച്ചു. എന്നെയും ചോദ്യം ചെയ്തു. ഇങ്ങനെ താമസിപ്പിക്കാനുള്ള കാരണത്തെക്കുറിച്ച് ചോദിച്ചു. ഞാന്‍ പറഞ്ഞു, എനിക്കൊരു കാരണവുമറിയില്ല. കേശവന് നായരുടേതാണ് കട. അദ്ദേഹത്തിനോട് ചോദിച്ച് അനുവാദം വാങ്ങിയാണ് കട തുടങ്ങിയത്. ചായ കുടിക്കുന്നതിന്റെ പൈസകിട്ടുമല്ലോ എന്ന ദുരുദ്ദേശവുമുണ്ടായിരുന്നു. ഞാന്‍ സംസാരിച്ചതില്‍നിന്ന് എന്നില്‍ കളങ്കമൊന്നുമില്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായി. എന്നോട് പോയ്ക്കൊള്ളാന്‍ പറഞ്ഞു. ആറണയും തന്നു. ആ ആറണയും വാങ്ങി ഞാന്‍ പുറത്തിറങ്ങി. ഇവിടെക്കൊണ്ടുവന്ന ആ മൂന്ന് ആള്ക്കാര് തലശ്ശേരി ഇരിങ്ങല്‍ എന്ന സ്ഥലത്തുകാരാണ്. അവിടെയൊരു അധികാരിയുണ്ട്.
ഇരിങ്ങല്‍ അധികാരി എന്നാണ് അറിയപ്പെടുക. പ്രഗത്ഭനാണ്. ദേശത്ത് വേണ്ടപ്പെട്ട ആള്‍ക്കാരാണ്. പറഞ്ഞു കേട്ടിട്ടുള്ളതാണ്. നേരിട്ട് കണ്ടിട്ടില്ല. വളരെ നല്ലയാളാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ രണ്ടുജോലിക്കാരെ നിര്‍ത്തി. ഭാര്യയും ഭര്‍ത്താവും ചെറിയ പയ്യനും ഉണ്ടായിരുന്നു. ഈ പയ്യനെയൊക്കെ വളര്‍ത്തിയത് ഇദ്ദേഹമാണ്. പഠിപ്പിച്ചത് ഇദ്ദേഹമാണ്. അങ്ങനെ കൊല്ലങ്ങള്‍ കടന്നുപോയപ്പോള്‍ ആ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചു. അമ്മയും മകനും മാത്രമേയുള്ളു. അതിനുശേഷവും ഇവര്‍ക്കുവേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തിരുന്നത് ഇദ്ദേഹമാണ്. വീടുണ്ടാക്കി കൊടുത്തു.
പയ്യനെ പഠിപ്പിച്ചു. ഇവനും കമ്മ്യൂണിസ്റ്റുകാരനാണ്. ഇരിങ്ങല്‍ എന്നു പറയുന്ന സ്ഥലം കമ്മ്യൂണിസ്റ്റ് കോട്ടയാണ്. ശക്തിപ്രദേശമാണ്. ഇരിങ്ങല്‍ അധികാരിയുടെ കര്മപദ്ധതികൊണ്ട് ഇവര്‍ക്ക് വളരാനും പൂര്‍ണമായി വികസിക്കാനും സാധിക്കുന്നില്ല. അതിന് എന്തെങ്കിലും ഒരു പോംവഴി കണ്ടെത്താന്‍വേണ്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലോചിച്ച് തീരുമാനമെടുത്തു. അത് ഇരിങ്ങല്‍ അധികാരി ഉണ്ടാക്കിക്കൊടുത്ത വീട്ടില്‍വെച്ചായിരുന്നു. ഇവര്‍ രാത്രി യോഗം കൂടി ഇരിങ്ങല്‍ അധികാരിയെ ശരിപ്പെടുത്താന്‍ വേണ്ടുന്ന എല്ലാ കാര്യങ്ങളും തീരുമാനിച്ചു. കൂട്ടത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കില്‍ ചികിത്സിക്കാനുള്ള കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു. ഇന്നയിന്ന ആള്ക്കാര് അധികാരിയെ ശരിപ്പെടുത്താന്‍ വേണം, വഴിയില്‍ ഇന്നയിന്ന ആള്ക്കാരുവേണം, എന്തെങ്കിലും കേസ് വന്നാല്‍ ഇന്നയിന്ന ആള്ക്കാര് വേണം എന്നീ കാര്യങ്ങളെല്ലാം തീരുമാനിച്ച് രാത്രി 12 മണിക്ക് അവരെല്ലാം പിരിഞ്ഞുപോയി.
മകന്റെ പേര് ഓര്‍മയുണ്ടോ?
മകന്റെ പേര് ഓര്‍മയില്ല. അന്നൊക്കെ അതിന്റെ ആവശ്യം തോന്നിയില്ല. മകന്റെ പേരോ അച്ഛന്റെ പേരോ ഒന്നുമറിയില്ല.
ഇവരെല്ലാം പോയശേഷം അമ്മ മകനെ വിളിച്ചു. അപ്പോള്‍ മകന് ”അമ്മ ഉറങ്ങിയില്ലെ” എന്ന് ചോദിച്ചു. ”ഇല്ല നിന്നെയും കാത്ത് നില്‍ക്കുകയാണ്” എന്ന് അമ്മ പറഞ്ഞു. എന്നാല്‍ അമ്മയോട് ചോറ് കൊണ്ടുവരാന്‍ പറഞ്ഞു. അമ്മ ചോറ് മകന്റെ മുമ്പില്‍ കൊണ്ടുവച്ചു. അമ്മ പറഞ്ഞു, ”മോനെ, എന്റെ മോന് അതിന് പോവണ്ട. നിന്നെ വളര്‍ത്തി ഇത്രയും ആക്കിയത് ഇദ്ദേഹമാണ്. നിന്നെ വയറ്റില്‍ ഉണ്ടായ കാലം മുതല്‍ക്ക് നിന്നേം എന്നേം സഹായിക്കുന്നത് അദ്ദേഹമാണ്. അച്ഛനേയും നമ്മളേയും എല്ലാം സഹായിച്ചിട്ടുണ്ട്. അത് നമ്മള് മറന്നു പോകരുത്. മോന് അതിനൊന്നിനും പോകണ്ട. മോന് അതില്‍നിന്ന് മാറി നില്‍ക്കണം” എന്നു പറഞ്ഞു. അമ്മയുടെ ദേവവാക്യമല്ല മകന്റെ മനസില്‍ ഉദയം വന്നത്. പ്രതികാരമനോഭാവമാണ് ആ സമയത്തും മകന്റെ മനസില്‍ വന്നത്. അമ്മ ചോറ് മുമ്പില്‍ വച്ച് കറിയെടുക്കാന്‍ പോകുമ്പോഴേയ്ക്കും അടുത്തുനിന്ന് വെട്ടുകത്തിയെടുത്ത് അമ്മയുടെ തല ഛേദിച്ചു. അമ്മ ഉടനെ മരിച്ചു. അവന്റെ പാര്‍ട്ടിക്കാര്‍ക്കൊക്കെ സംഗതി പറഞ്ഞുകൊണ്ട് വിവരം കൊടുത്തു. അവനേം ഒളിപ്പിച്ചു. അതിനായി പലരും സഹായിച്ചു. അതില്‍ കുറേ ആള്ക്കാര് പ്രതികളൊക്കെയായി. അങ്ങനെയുള്ളവരില്‍ മൂന്ന് പ്രതികളാണ് ഞാന്‍ താമസിക്കുന്നിടത്ത് നാലഞ്ചുദിവസം താമസിക്കാനും പോലീസുകാര്‍ കൊണ്ടുപോകാനും ഇടയായത്. അവരെ പിന്നീട് എന്തുചെയ്തു എന്ന് എനിക്ക് പറയാനാവില്ല. അവരെ ശിക്ഷിച്ചോ എന്നും എനിക്കറിയില്ല.
ഇത് ഏത് വര്‍ഷമായിരുന്നു?.
1948 കാലഘട്ടത്തിലാണ്. ഒഞ്ചിയം വെടിവയ്പ് എന്നൊക്കെ കേട്ടിട്ടുണ്ടാകും ഒഞ്ചിയം വെടിവയ്പിന്റെയൊക്കെ കാലഘട്ടത്തിന്റെ തുടക്കമാണ്. ഒഞ്ചിയം വെടിവയ്പ്, ഒരു സബ് ഇന്‍സ്പെക്ടറെ കൊന്ന കേസ്, ഇതൊക്കെയുള്ള കാലഘട്ടത്തിലാണ് .
അധികാരിയെ അവര്‍ കൊന്നോ?
ഒന്നും തന്നെ ചെയ്യാന്‍ സാധിച്ചില്ല. ഇതിലായിപ്പോയി അവരുടെ എല്ലാമെല്ലാം. ഈ സംഭവം വലുതായി ആളിക്കത്തി. അധികാരിക്കും ഇത് മനസിലായി. സംഭവം അദ്ദേഹത്തിനെതിരായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹത്തിനും മനസിലായി. അദ്ദേഹവും കാര്യമായ പ്രവര്‍ത്തനം നടത്തി. അതാണ് ഇവരെല്ലാം ഒളിവില്‍ പോകാനുണ്ടായ കാരണം. പിന്നെ അതെല്ലാം എന്തെല്ലാമായി എന്നൊന്നും അറിയില്ല. എനിക്ക് നേരിട്ടുള്ള അനുഭവം ഇത്രയേയുള്ളു.
ഈ സംഭവങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്?
ഈ മൂന്നുപേരില്‍ ഒരു പയ്യന്, പത്തുപതിനെട്ട് വയസുണ്ടാകും. അത്ര പ്രാപ്തനൊന്നുമല്ല. വലിയ മാനസിക കഴിവൊന്നുമുള്ള ആളല്ല. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അദ്ദേഹത്തെ ലേശം ഉപദ്രവിക്കുകയൊക്കെ ചെയ്തെന്ന് തോന്നുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് അവന് അനുഭവങ്ങളൊക്കെ, അവിടെയുമിവിടെയുമൊക്കെയായി കുറേ പറഞ്ഞു. അത് കേള്‍ക്കാന്‍ എനിക്ക് സാധിച്ചു. പിന്നീട് തലശേരിയുമായി കൂടുതല്‍ അടുപ്പം വന്നപ്പോള്‍ കുറെയൊക്കെ കേട്ടറിവും ഉണ്ടായി.
നേരിട്ട് ഈ സംഭവങ്ങള്‍ അറിയുമോ?
– ഇല്ല. നേരിട്ട് ഒന്നുമറിയില്ല. ആ സംഭവങ്ങളിലേക്കൊന്നും എത്തിയിട്ടില്ല ഞാന്‍. വയനാട്ടിലായിരുന്നല്ലോ. ഈ സംഭവം നടന്നത് തലശ്ശേരിയിലാണ്. അന്നത്തെ കാലത്ത് തലശ്ശേരിയില്‍ പോകുക എളുപ്പമല്ല. അത്രയും ബുദ്ധിമുട്ടുള്ള കാലഘട്ടമാണ്. വണ്ടിയൊന്നുമില്ല. പൈസയില്ലാത്ത കൂട്ടര്‍ക്ക് ഒന്നുംതന്നെ ആവില്ല.
ചായക്കടയില്‍ അവര്‍ താമസിക്കുമ്പോള്‍ ഈ വിവരം അറിയില്ലായിരുന്നോ?
– ഇല്ല. ഈ സംഗതി അറിയില്ല. കേശവന് നായര്‍ പറഞ്ഞു, നമ്മുടെ പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിക്കാരാണ് എന്ന മാനസിക ബന്ധം മാത്രമേയുള്ളു.
അതിനുശേഷം പാര്‍ട്ടിയില്‍നിന്ന് പോരാന്‍ കാരണം?
ഇതുതന്നെ. ഈ ഒറ്റക്കാരണമാണ്. ഇവരോടൊന്നിച്ച് നില്ക്കാന് സാദ്ധ്യമല്ല. ഇവര്‍ അമ്മയെ കൊല്ലുന്ന പാര്‍ട്ടിയാണ് എന്ന് പൂര്‍ണമായി മനസിലാക്കിക്കൊണ്ടാണ് ഞാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍നിന്ന് വിട പറഞ്ഞത്.
അതിനുശേഷം പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ഭീഷണി ഉണ്ടായിരുന്നോ?
അവര്‍ വന്നിരുന്നു. ഞാന്‍ ഒഴിഞ്ഞുമാറി, ഒഴിഞ്ഞുമാറി നിന്നു. പിന്നെ അത്രവലിയ കഴിവൊന്നുമില്ല. എന്തുമായിക്കോട്ടെ, ഒരു പയ്യനല്ലെ എന്ന നിലയ്ക്ക് അന്ന് കൂടുതല്‍ ഉപദ്രവിക്കാനൊന്നും ആരും വന്നില്ല.
എന്തുകൊണ്ട് ഇത് നേരത്തേ പറഞ്ഞില്ല?
ഭയമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രചരണം കൊടുത്തില്ല. എന്തെങ്കിലും ദേഹോപദ്രവം ഏല്‍പ്പിക്കും എന്ന ഭയമുണ്ടായിരുന്നു. ഉപദ്രവിച്ചിട്ടൊന്നുമില്ല.
ഇപ്പോള്‍ ഇത് പറയാനുള്ള കാരണം?
അതുപിന്നെ… (ചിരിക്കുന്നു) ഇനിയിപ്പോ അങ്ങോട്ട് പോകാറായല്ലോ. സാരമില്ലല്ലോ. ഇനിയിപ്പോ ഇവര്‍ ശരിയാക്കിയാലും എനിക്ക് സുഖാ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: