വണ്ടൂര്‍: നാല് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി കാളികാവ് എക്സൈസിന്റെ പിടിയിലായി. തമിഴ്നാട് ദിണ്ഡിക്കല്‍ പന്തൈപ്പെട്ടി സ്വദേശി മുത്തുവാണ് പിടിയിലായത്. മഞ്ചേരിയിലെ മൊത്തകച്ചവടക്കാര്ക്കായി കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. തമിഴാനാട്ടില്‍ നിന്നും കഞ്ചാവുമായി വരുമ്പോഴാണ് വണ്ടൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഇയാള്‍ പിടിയിലായത്. സമാനമായ കേസില്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ റിമാന്റില്‍ കിടന്നിട്ടുണ്ട്.
3500 രൂപ നിരക്കില്‍ തമിഴ്നാട്ടില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് 20000 രൂപക്കാണ് ഇവിടെ വില്‍ക്കുന്നത്. കഞ്ചാവ് നന്നായി പൊതിഞ്ഞ് അതിന് മുകളില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശി ബസിലാണ് കൊണ്ടുവരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വന്‍തോതില്‍ കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാള്‍. ഈ വര്‍ഷം മാത്രം കഞ്ചാവ് കേസില്‍ മൂന്ന് പേരെ കാളികാവ് എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. കഞ്ചാവ് വിളവെടുപ്പിന്റെ കാലമായതിനാല്‍ കൂടുതല്‍ കഞ്ചാവ് എത്താന്‍ സാധ്യതയുണ്ട്.
എക്സൈസ് പ്രിവന്റിംഗ് ഓഫീസര്‍ ടി.ഷിജുമോന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എസ്.അരുണ്‍കുമാര്‍, വി.സുഭാഷ്, വിനില്‍കുമാര്‍, പി.വി.സുഭാഷ്, പി.കെ.പ്രശാന്ത്, കെ.പി.ശുഭ, പി.രജനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വടകര കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: