നീലേശ്വരം: നഗരപാത കയ്യേറി നടത്തുന്ന അനധികൃത കച്ചവടം വാഹനങ്ങള്‍ക്കും, ബസ് കാത്തു നില്‍ക്കുന്നവര്‍ക്കും ദുരിതമാകുന്നു. നീലേശ്വരം മെയിന്‍ ബസാറില്‍ ടെമ്പിള്‍ ജംഗ്ഷനില്‍ ബസ് സ്റ്റോപ്പ് പരിസരത്താണ് റോഡ് കയ്യേറി പച്ചക്കറി, ആക്രിക്കച്ചവടം എന്നിവ നടത്തുന്നത്. കടയില്‍ നിന്ന് മൂന്ന് മീറ്റര്‍ പുറത്തേക്ക് താല്കാലിക ഷെഡ്ഡൊരുക്കിയാണ് കച്ചവടം വിപുലപ്പെടുത്തിയിരിക്കുന്നത്. ബസ് ഷെല്‍ട്ടര്‍ പോലുമില്ലാത്ത ഇവിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഈ അനധികൃത കയ്യേറ്റം ഭീഷണിയാണ്. റോഡിലേക്ക് കടന്നു പോകുന്ന നിരവധി വാഹനങ്ങള്‍ ഉള്ളതിനാല്‍ ടെമ്പിള്‍ ജംഗ്ഷന് സദാസമയവും ഗതാഗത കുരുക്കിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. എടിഎമ്മിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ പോലും പച്ചക്കറി കടക്കാരന്റെയും, ആക്രിക്കടക്കാരന്റെയും അനധികൃത കൈയ്യേറ്റം മൂലം സാധിക്കുന്നില്ല.
നഗരസഭാ കാര്യാലയത്തിന്റെ വിളിപ്പാടകലെയാണ് ഇത്തരം ജനദ്രോഹ നടപടികള്‍ അരങ്ങേറുന്നത്. ജനപ്രതിനിധികളോട് പലരും ഇതേക്കുറിച്ച് പരാതിപ്പെട്ടുവെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. ഇടുങ്ങിയ നഗരപാത മൂലം ദുരിതമനുഭവിക്കുന്ന നീലേശ്വരത്തുകാര്‍ക്ക് ഇത്തരം കയ്യേറ്റം കൂനിന്മേല് കുരുവാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: