കരുനാഗപ്പള്ളി: ക്ലാപ്പനയിലെ സിപിഎമ്മില്‍ നിലനിന്നിരുന്ന പോര് രൂക്ഷമാകുന്നു. കഴിഞ്ഞദിവസം നടത്താനിരുന്ന ഡിവൈഎഫ്‌ഐ തെരഞ്ഞെടുപ്പും പൊതുസമ്മേളനവും അനിശ്ചിതമായി നീട്ടിവച്ചു. മുന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും ഇപ്പോള്‍ ഏരിയാകമ്മിറ്റി അംഗവുമായ ക്ലാപ്പന സുരേഷിന്റെ ഭൂമാഫിയ-ക്വട്ടേഷന്‍ പ്രവര്‍ത്തനത്തിനും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനും പാര്‍ട്ടി കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ചാണ് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം രക്തസാക്ഷി പരിവേഷം നല്‍കി തോളിലേറ്റിയ അജയപ്രസാദിന്റെ അനുജന് ജോലി നല്‍കുന്നതുമായി ബന്ധപ്പെട്ട് അജയപ്രസാദിന്റെ അമ്മയെ മകന്റെ പേരിലുള്ള പാര്‍ട്ടി ഓഫീസില്‍ നിന്നും തള്ളിപുറത്താക്കിയ സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കിയിട്ടും യാതൊരുവിധ അനക്കവുമില്ലാത്തത് എടുത്തുകാട്ടിയാണ് ഒരുവിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയും മൂലം പൊറുതിമുട്ടിയ ക്ലാപ്പനയില്‍ കോണ്‍ഗ്രസില്‍ നിന്നും ഭരണം പിടിച്ചുവാങ്ങാനുള്ള അവസരം നഷ്ടപ്പെട്ടത് സുരേഷിന്റെ നേതൃത്വത്തില്‍ ഇവിടെ നടന്നുവരുന്ന സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നും ഇവര്‍ പറയുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ അഴീക്കല്‍ പെണ്‍വാണിഭക്കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടും അവരെ സംരക്ഷിക്കുവാന്‍ ശ്രമിച്ചതും സുരേഷാണെന്നാണ് ഇവര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഗ്രൂപ്പ്‌പോര് ശക്തമാകും.
















