മൂന്നിയൂര്‍: കുണ്ടംകടവിലെ വെള്ളക്കാടന് ഇര്‍ഫാനയുടെ ദുരൂഹമരണവും ചെറുകാവിലെ ബല്‍ക്കീസ് ബീവിയുടെ തിരോധാനവും സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും കാര്യക്ഷമമായ അന്വേഷണമുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. എസ് പിക്കും കലക്ടര്‍ക്കും ഇതുസംബന്ധിച്ച പരാതി ഇന്നലെ നല്കി. അന്വേഷണമുണ്ടായില്ലെങ്കില്‍ ബന്ധപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി കലക്ട്രേറ്റിന് മുന്നില്‍ നിരാഹാര സമരമടക്കം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ എട്ടിന് രാത്രി കുണ്ടംകടവിലെ കടലുണ്ടിപ്പുഴയിലാണ് ഇര്‍ഫാനയുടെ മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പതര വരെ വീട്ടില്‍ ഫോണ്‍ ചെയ്യുന്ന നിലയില്‍ ഇര്‍ഫാനയെ കണ്ടിരുന്നു. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിക്കാണ് അരയ്ക്കൊപ്പം വെള്ളമുള്ളിടത്ത് ഇര്‍ഫാനയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. നീന്തല്‍ വശമുണ്ടായിരുന്ന ഇര്‍ഫാന മുങ്ങിമരിക്കില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
മൊബൈല്‍ ഫോണ്‍ കരയില്‍ ടോര്‍ച്ച് പ്രകാശിപ്പിച്ച നിലയിലുമായിരുന്നു. ഇര്‍ഫാന പഠനം നടത്തുന്ന ചെമ്മാട്ടെ കോളെജിലെ വിദ്യാര്‍ഥിയുമായി പ്രണയമുണ്ടായിരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാത്തതുകൊണ്ടാണ് അന്വേഷണത്തിന് കാലതാമസമുണ്ടാവുന്നതെന്നാണ് തിരൂരങ്ങാടി പൊലീസ് ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചത്.
ചെറുകാവിലെ ഭര്‍തൃവീട്ടില്‍ നിന്നാണ് ബല്‍ക്കീസ് ബീവിയെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 10ന് കാണാതാവുന്നത്. സംഭവത്തിന് അഞ്ച് മാസം മുമ്പ് വിവാഹം കഴിഞ്ഞ ബല്‍ക്കീസിന്റെ ഭര്‍ത്താവ് വിദേശത്തായിരുന്നു. ഇതു സംബന്ധിച്ച് കൊണ്ടോട്ടി പൊലീസില്‍ നല്കിയ പരാതിയിലും കൃത്യമായ അന്വേഷണമുണ്ടായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. ഇരുസംഭവങ്ങളിലും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഉദാസീനത അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ഹൈദര്‍ കെ മൂന്നിയൂര്‍, എം സിദ്ദീഖ്, അഷ്റഫ് കളത്തിങ്ങല്‍പാറ, പി പി ഹംസക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: