കാസര്‍കോട്: കെ.എസ്.ആര്.സി.ടി ബസ് സ്റ്റാന്‍ഡിലേക്ക് പോവുകയായിരുന്ന സ്വര്‍ണ്ണാഭരണ ശാലാ ജീവനക്കാരന്റെ കൈയ്യില്‍ നിന്നും ഒന്നര കിലോ സ്വര്‍ണ്ണവും പണവുമടങ്ങിയ ബാഗ് കാറിലെത്തിയ അജ്ഞാത സംഘം തട്ടിയെടുത്തു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് മെഹ്ബൂബ് തീയേറ്ററിന് സമീപം ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. തൃശൂര്‍ സ്വദേശി ടോണി (50) ആണ് കവര്‍ച്ചയ്ക്ക് ഇരയായത്. കാസര്‍കോട്ടെ ജ്വല്ലറികളില്‍ ആഭരണം വിതരണം നടത്താനായിരുന്നു ഇയാള്‍ ടൗണിലെത്തിയത്. കാസര്‍കോട് കെ.എസ്.ആര്‍ടി.സി ബസ്റ്റാന്റിലെത്തിയ ടോണി ചായ കഴിക്കാനായി ഹോട്ടലിലേക്ക് പോകുന്നതിനിടെ ഒരാള്‍ വന്ന് എന്തോ സംസാരിക്കുകയും ബാഗ് തട്ടിയെടുക്കുകയുമായിരുന്നു. ഏറെ നേരത്തെ മല്പിടുത്തത്തിന് ശേഷം ടോണിയെ ആക്രമിച്ചയാള്‍ സ്വര്‍ണ്ണമടങ്ങിയ ബാഗുമായി സമീപത്ത് വന്ന് നിര്‍ത്തിയ കാറില്‍ കയറി കടന്ന് കളയുകയായിരുന്നു. മല്പിടുത്തത്തിനിടയില് താഴെ വീണ് ടോണിയുടെ ഇടത് കൈമുട്ടില്‍ മുറിവ് പറ്റിയിട്ടുണ്ട്. കൂടാതെ കാല്‍മുട്ട് വീഴ്ചയില്‍ നീര് വന്ന് വീര്‍ത്തു. നീല കളര്‍ നിറമുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് കൊള്ളയടിച്ചതെന്ന് ടോണി പോലിസിന് നല്കിയ പരാതിയില്‍ പറയുന്നു. കാറിന്റെ നമ്പര്‍ പോലിസിന് നാട്ടുകാര്‍ കൈമാറിയിട്ടുണ്ട്. സുള്ള്യ പുത്തൂരിലെ ജ്വല്ലറിയില്‍ സ്വര്‍ണ്ണം വിതരണം ചെയ്ത ശേഷം ബാക്കി സ്വര്‍ണ്ണവുമായി വരുന്നതിനിടെയാണ് കവര്‍ച്ച. കാസര്‍കോട് ടൗണ്‍ കേസെടുത്ത് പോലിസ് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: