കല്‍പ്പറ്റ : കുടുംബശ്രീ പുതുതയി ആരംഭിച്ച അപ്പാരല്‍ പാര്‍ക്ക് യൂണിറ്റുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാകലക്ടര്‍ വി.കേശവേന്ദ്രകുമാര്‍ വിതരണം ചെയ്തു. പട്ടികവര്‍ഗ്ഗവകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം നിര്‍മ്മിക്കുന്നതില്‍ കുടുംബശ്രീ അപ്പാരല്‍ പാര്‍ക്കുകളെയും പങ്കാളികളാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ തിരുനെല്ലി, പടിഞ്ഞാറത്തറ, തരിയോട്, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് അപ്പാരല്‍ പാര്‍ക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ചെറുതും വലുതുമായ ഓര്‍ഡറുകള്‍ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് എത്രയും വേഗത്തില്‍ വസ്ത്രം നല്‍കാനാവുമെന്നതാണ് അപ്പാരല്‍ പാര്‍ക്കിന്റെ പ്രത്യേകത. വസ്ത്ര നിര്‍മ്മാണ വിപണന രംഗത്ത് കുടുംബശ്രീക്കാര്‍ക്ക് പുതിയ അവസരവും അംഗീകാരവും ഉറപ്പ് വരുത്തിയാണ് അപ്പാരല്‍ പാര്‍ക്ക് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
തുണി വാങ്ങി വസ്ത്രമാക്കി പായ്ക്ക്ചെയ്ത് വിപണിയിലെത്തിക്കുന്നതുവരെയുള്ള മുഴുവന്‍ കാര്യത്തിലും ഘട്ടംഘട്ടമായി വിദഗ്ധപരിശീലനം നല്കുകയുണ്ടായി. ആധുനിക യന്ത്രോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനവുംം യൂണിറ്റംഗങ്ങള്‍ക്കു നല്‍കിയിട്ടുണ്ട്.
ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ കെ.കൃഷ്ണന്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി.കെ.സുരേഷ്കുമാര്‍, സമഗ്ര ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ നിഷ, അജയ്ദാസ് പ്രസംഗിച്ചു. അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന് സ്വാഗതവും, സമഗ്ര ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ പി.ഹുദൈഫ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: