ജീവിതത്തില്‍ ഏറ്റവും ദുഃഖകരമായ അവസ്ഥ അനാഥത്വമാണ്. ഉറ്റവരില്ലാതെ ജീവിക്കേണ്ടിവരുമ്പോഴുള്ള വേദനയെക്കുറിച്ച് കേവലം വാക്കുകള്‍കൊണ്ട് വരച്ചിടാനുമാവില്ല. സ്നേഹിക്കാനും താലോലിക്കാനും ആരുമില്ലാതെ പിറക്കുമ്പോഴേ ഉപേക്ഷിക്കപ്പെടുന്ന പിഞ്ചുകുഞ്ഞുങ്ങളുണ്ട്. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെടുന്നവരുണ്ട്. സമൂഹത്തില്‍ അനാഥരെന്ന് മുദ്രകുത്തപ്പെടുന്നവര്‍.
അനാഥാലയത്തിനുള്ളില്‍ ദുഃഖവും സന്തോഷവും പങ്കുവച്ച് ജീവിക്കുമ്പോഴും അനാഥരെന്ന ചിന്ത കുത്തിമുറിവേല്‍പ്പിക്കുന്ന ബാല്യങ്ങള്‍. ഇവരേയും സന്മനസ്സുണ്ടെങ്കില് നമുക്ക് സനാഥരാക്കാം. വിശാലമായ മനസ്സാണ് ഇവിടെ ആവശ്യം. അതുകൊണ്ടുതന്നെയാണ് ദത്തെടുക്കല്‍ വാര്‍ത്തയാകുന്നതും. ആദിവാസി നേതാവ് സി.കെ. ജാനുവാണ് ഇപ്പോള്‍ അത്തരത്തിലൊരു നന്മയുടെ പൂമരമായിരിക്കുന്നത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ പൊതുജനമധ്യത്തിലെത്തിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്ന സി.കെ. ജാനുവിന്റെയുള്ളില് കുരുന്നുകളോടുള്ള വാത്സല്യവും നിറഞ്ഞിരിക്കുന്നു. ഛത്തീസ്ഗഡിലെ സേവാഭാരത് എന്ന അനാഥമന്ദിരത്തില്‍ നിന്നാണ് ജാനകിയെന്ന പേരു നല്കി ജാനു ഒരു കുട്ടിയെ ദത്തെടുത്തത്.
ലോകത്തിന്റെ പലഭാഗത്തും ജാനുവിനെപ്പോലെതന്നെ നിരവധി പേര് നന്മയുടെ തണല്‍ വിരിച്ചിട്ടുണ്ട്. നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ നിരവധി പേര്. കുട്ടികളില്ലാത്തതുകൊണ്ട് ഒരു കുട്ടിയെ ദത്തെടുത്തവര്‍ മാത്രമല്ല ഇതിലുള്ളത്. രണ്ടും മൂന്നും കുട്ടികളുണ്ടായിട്ടും അത്തരത്തിലൊരു മഹത്കര്‍മം ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്. ആ വ്യക്തികളുടെ മനസ്സിനെ എങ്ങനെ അംഗീകരിക്കാതിരിക്കാന്‍ പറ്റും. അവരില്‍ ചിലരെ നമുക്ക് പരിചയപ്പെടാം.
ശോഭന
മലയാളികളുടെ മനസ്സില്‍ മായാത്ത നടനചാരുത സമ്മാനിച്ച അതുല്യ പ്രതിഭ ശോഭന. നടിയായും നര്‍ത്തകിയായും തിളങ്ങുന്ന ശോഭനയ്ക്ക് ഇപ്പോള്‍ കൂട്ട് മകള്‍ അനന്തനാരായണിയാണ്. 2010 ലാണ് ശോഭന ഈ കുട്ടിയെ ദത്തെടുക്കുന്നത്. ഗുരുവായൂരപ്പന്റെ തിരുനടയിലാണ് ശോഭന തന്റെ മകള്‍ക്ക് ചോറൂണ് നടത്തിയത്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് രണ്ട് തവണ സ്വന്തമാക്കിയ ശോഭന മകളുടെ കാര്യങ്ങളും നൃത്തവുമെല്ലാമായി തിരക്കിലാണ്.
സുസ്മിത സെന്‍
സുഹൃത്തുക്കള്‍ക്കിടയില്‍ സുഷ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സുസ്മിത സെന്‍. മുന്‍ വിശ്വസുന്ദരിയും ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളുമായ സുസ്മിത സെന്‍ രണ്ട് പെണ്‍കുട്ടികളെയാണ് ദത്തെടുത്തിരിക്കുന്നത്. റിനീയും ആലിഷയും.
കാതറിന് ഹെയ്ഗല്‍
ദ അഗ്ലി ട്രൂത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കാതറിന് ഹെയ്ഗലും ഭര്‍ത്താവ് ജോഷ് കെല്ലിയും 2009 ലാണ് സൗത്ത് കൊറിയയില്‍ നിന്നാണ് ആദ്യം ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. നാന്‍സി എന്നാണ് അവള്ക്കുനല്കിയ പേര്. 2012 ല്‍ യുഎസില്‍ നിന്നും ഒരു പെണ്‍കുട്ടിയ ദത്തെടുത്തു, അവളാണ് അഡ്ലെയ്ഡ് മേരി ഹോപ്.
പ്രിറ്റി സിന്റ
ബോളിവുഡില്‍ ഒരുകാലത്തെ ഗ്ലാമര്‍ താരമായിരുന്നു ലിറിലിന്റെ പരസ്യത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രിറ്റി സിന്റ. ഒന്നും രണ്ടും പേരെയല്ല പ്രിറ്റി ദത്തെടുത്തിരിക്കുന്നത്. ഋഷികേശിലെ മദര്‍ മിറാക്കിള്‍ സ്കൂളില്‍ നിന്നും 34 പേരുടെ സംരക്ഷണമാണ് പ്രിറ്റി ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ വിദ്യാഭ്യാസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ താരമാണ് നോക്കുന്നത്.
രവീണ ഠണ്ടന്
പത്തര് കേ ഫൂല് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച രവീണ ഠണ്ടന് രണ്ട് ദത്തുപുത്രിമാരാണ് ഉള്ളത്. ഛായയും പൂജയും. രവീണ തന്റെ വിവാഹത്തിനും മുന്നേയാണ് ഇവരെ ദത്തെടുത്തതും.
നിക്കോള്‍ കിഡ്മാന്
പ്രമുഖ ഹോളിവുഡ് നടി നിക്കോള്‍ കിഡ്മാനും മുന്‍ ഭര്‍ത്താവ് ടോം ക്രൂയിസും ദത്തെടുത്ത മക്കളാണ് ഇസബെല്ലയും കൊണര്‍ ആന്റണിയും. 2001 ല്‍ ഇരുവരും വേര്‍പിരിഞ്ഞതോടെ മക്കളുടെ സംരക്ഷണാവകാശം നിക്കോളിന് നഷ്ടമായി.
ആഞ്ജലീന ജോളി
ഹോളിവുഡിലെ സൂപ്പര്‍ നായിക ആഞ്ജലീന ജോളി ജീവിതത്തിലും എല്ലാവര്ക്കും മാതൃകയാണ്. കാന്‍സറിനെപ്പോലും ചെറുത്തുതോല്‍പ്പിച്ച് ആരിലും പ്രചോദനം നിറയ്ക്കുന്ന വ്യക്തിത്വം. ആഞ്ജലീനയും ബ്രാഡ് പിറ്റും ഒരാണ്‍കുട്ടിയേയും പെണ്‍കുട്ടിയേയുമാണ് ദത്തെടുത്തിരിക്കുന്നത്. മഡോക്സ് ചിവാനും സാറ മെര്ലെയുമാണ് ആ കുട്ടികള്‍. ഇവരെ കൂടാതെ ഈ താരദമ്പതിമാര്‍ക്ക് നാല് മക്കള്‍കൂടിയുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇരുവരും.
ഷാറോണ്‍ സ്റ്റോണ്‍
മൂന്ന് ആണ്‍കുട്ടികളെയാണ് ഈ ഹോളിവുഡ് സുന്ദരി ദത്തെടുത്തിരിക്കുന്നത്. റോണ്‍ ജോസഫ്, ലെയ്ഡ്, ക്വിന്‍ എന്നിവരാണ് ഇപ്പോള്‍ മാതൃസ്നേഹം അനുഭവിച്ചറിയുന്നത്.
സാന്ദ്ര ബുള്ളോക്ക്
ഹോളിവുഡില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന താരസുന്ദരി സാന്ദ്രാ ബുള്ളോക്ക് രണ്ട് കുട്ടികളെയാണ് ദത്തെടുത്തിരിക്കുന്നത്. ആദ്യത്തെകുട്ടിയ്ക്ക് നല്‍കിയിരിക്കുന്ന പേര് ലൂയിസ്. രണ്ടാമത്തെ കുട്ടിയെ ദത്തെടുത്തിട്ട് അധികനാളായില്ല. 2015 ഡിസംബറിലാണ് മൂന്നരവയസുകാരിയെക്കൂടി ദത്തെടുത്തത്.
മഡോണ
പോപ് താരം മഡോണ രണ്ട് കുട്ടികളുടെ മാതാവായ ശേഷമാണ് രണ്ട് കുട്ടികളെക്കൂടി ദത്തെടുക്കുന്നത്. 2008 ല്‍ ആണ് ഒരു ആണ്‍കുട്ടിയേയും തൊട്ടടുത്ത വര്‍ഷം പെണ്‍കുട്ടിയേയുമാണ് ഇവര്‍ ദത്തെടുത്തത്.
ഇവരൊക്കെ നമുക്ക് അറിയാവുന്ന പ്രശസ്തരില്‍ ചിലര്‍ മാത്രം. ഇതുപോലെ നമുക്കറിയാത്ത, അല്ലെങ്കില്‍ നമ്മുടെതന്നെ ചുറ്റുവട്ടത്തുള്ളവരും കുട്ടികളെ ദത്തെടുത്തിട്ടുണ്ടാകും. കുട്ടികളില്ലാത്തവര്ക്കിടയില് ദത്തെടുക്കുന്നവരുടെ എണ്ണവും ഇന്ന് കൂടിവരുന്നുണ്ട്. ഇത് തീര്‍ച്ചയായും അംഗീകരിക്കേണ്ട പ്രവണതയാണ്. ഒപ്പം ഒരു പുണ്യവും. ആരോരുമില്ലാതെ ഏതോ ഒരോരത്ത് ഒറ്റപ്പെടുമായിരുന്നവര് സനാഥരാകുന്ന കാഴ്ച ആരിലാണ് ആനന്ദം ഉളവാക്കാത്തത്. സ്വന്തം മക്കളെ നോക്കി വളര്‍ത്തുന്നതിനേക്കാള്‍ ഈശ്വരന്റെ കണക്കുപുസ്തകത്തില്‍ ഈ നന്മയായിരിക്കും കൂടുതല്‍ പ്രാധാന്യത്തോടെ എഴുതിച്ചേര്‍ക്കുക. കാരണം സ്വന്തം രക്തത്തെ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. അതിനേക്കാള്‍ വലിയകാര്യമല്ലെ, ആരുമില്ലാത്ത ഒരു കുട്ടിക്ക് എല്ലാമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: