കൊല്ലം: ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് പൊതുജനങ്ങള്‍ ഒരുരൂപ പോലും ചെലവാക്കേണ്ടതില്ലെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ. സോയില്‍ സര്‍വ്വേ ഓഫീസിലെ ഡ്രൈവറായ കെ.ഷാജിയുടെ മകള്‍ ഷാനിയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്വേഷിക്കുന്നതിനായി ജില്ലാ ആശുപത്രിയിലെത്തിയതായിരുന്നു പ്രസിഡന്റ്.
ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ ലഭ്യമാണ്. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ആവശ്യമായ ഏതുസാധനവും വാങ്ങി നല്‍കുന്നതിന് ജില്ലാപഞ്ചായത്ത് തയ്യാറാണ്. ഇതിനായി പ്രത്യേക ഫണ്ട് നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് ആവശ്യമായ നടപടികള്‍ നേരത്തെതന്നെ സ്വീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് രൂപ ആവശ്യപ്പെട്ടതായി ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പ്രത്യേക ബോര്‍ഡ് പോസ്റ്റ്‌മോര്‍ട്ടം റൂമിന് മുമ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് രൂപ ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട സൂപ്രണ്ടിനെയോ വിജിലന്‍സ് സൂപ്രണ്ടിനെയോ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍, സെക്രട്ടറി എന്നിവരെയോ അറിയിക്കണമെന്നും പറഞ്ഞു.
















