പുനലൂര്‍: ചൈനീസ് ബസാര്‍ കത്തിനശിച്ചതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പുനലൂര്‍ പോലീസും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുള്ളതായി കടയുടമ മൊഴി നല്‍കിയിട്ടുണ്ട്. ചുമട്ടുതൊഴിലാളികളുമായി കഴിഞ്ഞദിവസം സാധനം ഇറക്കുന്നതുമായി തര്‍ക്കം നടന്നതായി മൊഴിയില്‍ കടയുടമ പറയുന്നുണ്ട്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം വിലയിരുത്തുന്നുണ്ട്. ഞായറാഴ്ച രാവിലെ എട്ടിനോടെയാണ് സംഭവം. എസ്ബിടിക്ക് സമീപത്തെ ചൈനീസ് ബസാര്‍ കത്തിനശിക്കുകയായിരുന്നു. 500 ചതുരശ്രഅടി വരുന്ന സ്റ്റാള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഓച്ചിറ സ്വദേശി ഷറഫുദീന്റെതാണ് സ്ഥാപനം. ഇവിടെ വീട്ടുപകരണങ്ങളും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമായി നിറഞ്ഞിരുന്ന സ്റ്റാള്‍ നിമിഷനേരം കൊണ്ടാണ് കത്തിയമര്‍ന്നത്. തീയണക്കാന്‍ പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര, കുണ്ടറ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 15 യൂണിറ്റ് വേണ്ടിവന്നു. തീ അണക്കുന്നതിനിടെ പുനലൂര്‍ യൂണിറ്റിലെ ഫയര്‍മാനായ രാഹുല്‍, ഡ്രൈവര്‍ ശ്രീകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞദിവസം ഇവിടെ ലോഡിംഗ് തൊഴിലാളികളായ സിഐടിയുക്കാരുമായി ലോഡിറക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതായും ഉടമയെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. സംഭവം നടന്നതിന്റെ തലേ ദിവസം രാവിലെ 7.30 മുതല്‍ തൊഴിലാളികള്‍ സ്ഥാപനത്തിലുണ്ടായിരുന്നെന്നും ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് തീപിടിത്തമുണ്ടായതെന്നത് ദുരൂഹമാണെന്ന് ഉടമ പറഞ്ഞു.
















