കരവാളൂര്‍ ബി.പ്രമോദ്കുമാര്‍
പുനലൂര്‍: ലഹരി നുരയാന്‍ ബാറുകളും ഷാപ്പുകളും ഉണ്ടായിരുന്ന സമയം വലിയ അളവില്‍ വ്യാജച്ചാരായ നിര്‍മ്മാണം ഇല്ലാതിരുന്ന കിഴക്കന്‍ മേഖലയില്‍ നിലവില്‍ കള്ളവാറ്റ് സജീവം.
കിഴക്കന്‍ മേഖലയില്‍ ബാറുകള്‍ പൂട്ടിയതിനാലാണ് വ്യാജവാറ്റ് കൂടിയത്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ മുന്നില്‍ കണ്ട് നിര്‍മ്മാണം ആരംഭിച്ച സംഘങ്ങള്‍ പിന്നീട് ഈ രംഗത്ത് സജീവമാകുകയാണ്. സ്ഥിരം കുടിയന്‍മാരെ ലക്ഷ്യമിടാതെ വിവാഹം ഉള്‍പ്പടെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരെ മാത്രം ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൊടിക്കുപ്പിയും മൂലവെട്ടി ചാരായവും വരുംദിവസങ്ങളില്‍ സജീവമാകും. ഇതിന് പുറമേ ഇതര സംസ്ഥാനക്കാര്‍ ഏറെ പണിയെടുക്കുന്ന കിഴക്കന്‍മേഖലയില്‍ മദ്യത്തിന് പുറമേ തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ടുവരുന്ന ലഹരി പദാര്‍ത്ഥങ്ങളായ ശംഭു. പാന്‍പരാഗ്, പോലുള്ള കവര്‍ ഉല്‍പ്പന്നങ്ങളും കഞ്ചാവും സുലഭമാണ് പുനലൂരില്‍. കഞ്ചാവിന്റെ പ്രഭവകേന്ദ്രം പുനലൂരാണെന്നിരിക്കെ മുറുക്കാന്‍കടകള്‍ കേന്ദ്രമാക്കി മാത്രം റെയ്ഡ് നടത്തിയാല്‍ വന്‍ ലഹരിപദാര്‍ത്ഥങ്ങള്‍ പിടികൂടാന്‍ സാധിക്കും. എന്നാല്‍ പോലീസും എക്‌സൈസും വനംവകുപ്പും ഇത്തരം ലോബികളെ പറ്റി അറിഞ്ഞിട്ടും നടപടി സ്വീകരിക്കാന്‍ വൈകുകയാണ്.
















