കല്‍പ്പറ്റ: മാനസിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച മാനസികാരോഗ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ആവശ്യംശക്തമായി.ജില്ലയില്‍ നാലായിരത്തോളം രോഗികള്‍ ഈ പദ്ധതിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടുന്നുണ്ട്. സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കുകയും പി.എച്ച്.സികള്‍, സി.എച്ച്.സികള്‍ എന്നിവയിലൂടെ 13 കേന്ദ്രങ്ങളില്‍ മാസത്തിലൊരിക്കല്‍ രോഗികളെ വിദഗ്ധ ഡോക്ടര്‍ പരിശോധിക്കാറുമുണ്ടായിരുന്നു. ഇവരെ ദോഷകരമായി ബാധിക്കുന്നതാണ് തീരുമാനം. മാനസികരോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം പകരുന്നതിന് പകരം ഇവരെ ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാരില്‍നിന്നും ഉണ്ടായത്. കാര്‍ഷിക മേഖലയിലെ തകര്‍ച്ച, ആദിവാസിമേഖലകളിലെ സാമ്പത്തിക പരാധീനത തുടങ്ങിയ കാരണങ്ങളാല്‍ ജില്ലയില്‍ നിരവധി പേരാണ് മനസിന്റെ താളം തെറ്റിക്കഴിയുന്നത്. ഇവര്‍ക്കുള്ള സഹായമാണ് സര്‍ക്കാര്‍ നിര്‍ത്തിയത്.
കോഴിക്കോട് ഇന്ഹാന്സിന്റെ മേല്‍നോട്ടത്തില്‍ 2007 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കിയത്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തില്ല. ഇതോടെയാണ് പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചത്. പ്രൊജക്ടില്‍ ജോലി ചെയ്യുന്ന സൈക്കോളജിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളം പോലും നല്‍കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: