പുനലൂര്‍: സിപിഎം എന്ന പാര്‍ട്ടി ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്. പുനലൂരില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്രസക്തമായ ഒരു രാഷ്‌ട്രീയപാര്‍ട്ടി അനിവാര്യമാണെന്ന് പ്രസംഗിക്കുന്ന സീതാറാം യെച്ചൂരി എന്ത് വിരോധാഭാസമാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടി. സിപിഎം ഇന്ന് അതിജീവനത്തിന് പാടുപെടുകയാണ്. സ്ഥാപിതമായ രാജ്യത്ത് നിന്നും സിപിഎം പിഴുതെറിയപ്പെട്ടു. മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എംപിയും എംഎല്‍എയുമുണ്ടായിരുന്ന പാര്‍ട്ടി ഇന്ന് മൂന്നു സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങി. അവിടെ തന്നെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നും ഇത് കേരളത്തിലും സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
27 വര്‍ഷം കേരളം ഭരിച്ചുമുടിച്ച കോണ്‍ഗ്രസ് കേരളരക്ഷായാത്ര നടത്തുന്നത് പരിഹാസ്യമാണ്. ഇടതും വലതും മാറിമാറി ഭരിച്ച കേരളത്തില്‍ കാര്‍ഷികമേഖലയും വ്യാവസായികമേഖലയും തകര്‍ന്നുതരിപ്പണമായി. മുമ്പ് ബിജെപി അക്കൗണ്ട് തുറക്കുമോയെന്ന് ചോദിച്ചവര്‍ ആരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നു ചോദിച്ചുതുടങ്ങി. ഇത് ബിജെപിയുടെ വളര്‍ച്ചക്ക് തെളിവാണ്. ബിജെപിക്ക് അധികാരത്തിലെത്താന്‍ കേരളത്തില്‍ നിരവധി അനുകൂലഘടകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന്‍ അധ്യക്ഷനായിരുന്നു.
കര്‍ഷകമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് കെ.എസ്.രാജന്‍ ബൂത്തുതല പ്രവര്‍ത്തനം വിശദമാക്കി. ബിജെപി സംസ്ഥാന സെക്രട്ടറി ബി.രാധാമണി, ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, കര്‍ഷകമോര്‍ച്ച വൈസ് പ്രസിഡന്റ് ആയൂര്‍ മുരളി, ജില്ലാ ജനറല്‍ സെക്രട്ടറി മാലുര്‍ സുരേഷ്, കരവാളൂര്‍ സജി, കുളത്തൂപ്പുഴ വാസുദേവന്‍, പി.ബാനര്‍ജി, വടമണ്‍ ബിജു, തുളസീധരന്‍ എന്നിവര്‍ സംസാരിച്ചു.
















