പുനലൂര്‍: നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് ബസാറിന് തീപിടിച്ച് കോടികളുടെ നഷ്ടം. ഇന്നലെ രാവിലെ എട്ടിനോടെയാണ് സംഭവം. എസ്ബിടിക്ക് സമീപത്തെ ചൈനീസ് ബസാറിനാണ് തീപിടിച്ചത്. 500 ചതുരശ്രഅടി വരുന്ന സ്റ്റാള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. ഓച്ചിറ സ്വദേശി ഷറഫുദീന്റെതാണ് സ്ഥാപനം. 1.20 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്.
ഇവിടെ വീട്ടുപകരണങ്ങളും തുണിത്തരങ്ങളും കളിപ്പാട്ടങ്ങളുമായി നിറഞ്ഞിരുന്ന സ്റ്റാള്‍ നിമിഷനേരം കൊണ്ടാണ് കത്തിപടര്‍ന്നത്. തീയണക്കാന്‍ പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര, കുണ്ടറ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി 15 യൂണിറ്റ് വേണ്ടിവന്നു. തീപിടിത്തം നടന്നയുടന്‍ തന്നെ പുനലൂര്‍ ഡിവൈഎസ്പി എസ്.മധുസൂദനന്‍, പത്തനാപുരം സിഐ ബൈതു എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തതിനാല്‍ കാര്യമായ അനിഷ്ടസംഭവങ്ങളുണ്ടായില്ല. തീപിടിത്തത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത സ്തംഭിച്ചു. സമീപത്തെ ചില സ്ഥാപനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
തീ അണക്കുന്നതിനിടെ പുനലൂര്‍ യൂണിറ്റിലെ ഫയര്‍മാനായ രാഹുല്‍, ഡ്രൈവര്‍ ശ്രീകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ കഴിഞ്ഞദിവസം ഇവിടെ ലോഡിംഗ് തൊഴിലാളികളായ സിഐടിയുക്കാരുമായി ലോഡിറക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായതായും ഉടമയെ ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. ഇന്നലെ രാവിലെ 7.30 മുതല്‍ തൊഴിലാളികള്‍ സ്ഥാപനത്തിലുണ്ടായിരുന്നെന്നും ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് തീപിടിത്തമുണ്ടായതെന്നതും ദുരൂഹമാണെന്ന് ഉടമ പറഞ്ഞു.
















