എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ആചാര അനുഷ്ഠാനങ്ങളില്‍ നിറകാഴ്ചയൊരുക്കി ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുളളല് നാളെ. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ എരുമേലിയെ ഭക്തി സാന്ദ്രമാക്കും. ദേവചൈതന്യമായി ശ്രീകൃഷ്ണപരുന്ത് ചരിത്രഭൂമിയില്‍ വട്ടമിട്ട് പറക്കുന്നതോടെയാണ് മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുളളല് ആരംഭിക്കുന്നത്.
ഗുരുസ്വാമി എ. കെ. വിജയകുമാറിന്റെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘം. പേട്ടതുളളല് സംഘത്തോടൊപ്പം വാവരുടെ പ്രതിനിധിയും യാത്രയാകും. വിവിധ വര്‍ണ്ണങ്ങളിലുളള ചായങ്ങള്‍ ദേഹമാസകലം വാരിപൂശി, പാണല്‍ ഇലകള്‍ കൊണ്ട് താളം പിടിച്ചും അസുരവാദ്യത്തിന്റെ താളക്കൊഴുപ്പില്‍ ആനന്ദനൃത്തം വെച്ചും അമ്പലപ്പുഴ സംഘം പേട്ടതുളളും. അവതാര ലക്ഷ്യം പൂര്‍ത്തീകരിച്ച മണികണ്ഠ സ്വാമിയുടെ സ്മരണ പുതുക്കുകകൂടിയാണ് പേട്ടതുളളല്. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തിലുളള തീര്‍ത്ഥാടക സംഘമാണ് എരുമേലയില്‍ പേട്ടതുളളുന്നത്.
ഇരുപേട്ടതുളളല്‍ സംഘങ്ങളേയും വിവിധ സ്ഥലങ്ങളില്‍ സ്വീകരിക്കും. ഗജവീരന്മാരും പാണ്ടിമേളവും ശിങ്കാരി മേളം, മയിലാട്ടം തുടങ്ങിയവ പേട്ടതുളളലിന് അകമ്പടിയേകും. പേട്ടകൊച്ചമ്പലത്തില്‍ മേല്‍ശാന്തിയും വലിയമ്പലത്തില്‍ മേല്‍ശാന്തി ജയരാജ് നമ്പൂതിരിയും സംഘങ്ങള്‍ക്ക് പ്രത്യേക വഴിപാട് പ്രസാദം നല്‍കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ഡെപ്യൂട്ടി കമ്മീഷണര്‍ കെ. ആര് മോഹന്‍ലാല്‍ എ. ഒ. പത്മനാഭനുണ്ണി തുടങ്ങിയ സ്വീകരിക്കും. പേട്ടതുളളുന്ന സംഘങ്ങള്‍ക്ക് സേവാഭാരതിയും പൊലീസും സംയുക്തമായി സംരക്ഷണം ഒരുക്കും. ശബരിമല അയ്യപ്പ സേവാസമാജം, അഖില ഭാരത അയ്യപ്പ സേവാസംഘം, ഗ്രാമ പഞ്ചായത്ത്, കെഎസ്ആര്‍ടിസി, പൊലീസ്, പുത്തന്‍വീട്, എന്‍എസ്എസ് എരുമേലി കരയോഗം, കേരള വെളളാള മഹാസഭ തുടങ്ങിയ സംഘടനകള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: