ബത്തേരി: വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന പച്ചക്കാപ്പി മോഷ്ടിച്ച് വാഹനത്തില്‍ കടത്തുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ നെന്മേനി കോളിയാടി കാട്ടിക്കളത്തില് ഹംസയാണ് പിടിയിലായത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കോളിയാടി കട്ടക്കയം മത്തായിയുടെ വീട്ടില്‍ നിന്നാണ് രണ്ട് ക്വിന്റല്‍ പച്ചക്കാപ്പി മോഷ്ടിച്ച് ഗുഡ്സ് ഓട്ടോറിക്ഷയില്‍ കടത്തിയത്. വീട്ടുകാര്‍ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. മോഷണസംഘത്തെ കോളിയാടി ടൗണിന് സമീപത്ത് വെച്ച് നാട്ടുകാര്‍ വളഞ്ഞ് വെക്കുകയും അമ്പലവയല്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്പലവയല്‍ എസ് ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഹംസയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനിടെ ഹംസയോടൊപ്പമുണ്ടായിരുന്ന കോളിയാടി സ്വദേശി ബാബു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. 130 കിലോ പച്ചക്കാപ്പി ഗുഡ്സ് ഓട്ടോറിക്ഷയില്‍ നിന്നും എഴുപത് കിലോ ബത്തേരിയിലെ ഒരു മലഞ്ചരക്ക് കടയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കാപ്പി കടത്താനുപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: