മാവേലിക്കര: കോഴയും പോര്‍വിളികളും വിധി നിര്‍ണ്ണയത്തിലെ തര്‍ക്കങ്ങളും അധ്യാപക സംഘടനകള്‍ തമ്മിലുള്ള പോരും അവ്യവസ്ഥയും നിഴലിച്ചു നില്‍ക്കുന്ന ഇതര സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് മാതൃകയായി ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം.
ചിട്ടയായും അച്ചടക്കത്തോടെയും പരിപാടികള്‍ നടക്കുന്നു. വിദ്യാധിരാജ വിദ്യാപീഠം സ്‌കൂളിലും സമീപത്തുമായി തയ്യാറാക്കിയിരിക്കുന്ന പത്ത് വേദികളില്‍ ഇന്നലെ രാവിലെ കൃത്യസമയത്ത് തന്നെ പരിപാടികള്‍ ആരംഭിച്ചു. ഓരോ വേദികളിലും നിശ്ചയിച്ച അദ്ധ്യാപകര്‍, മാതൃസമിതി, ക്ഷേമസമിതി, സംഘാടകസമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ കൃത്യതയോടെ ചുമതലകള്‍ നിര്‍വ്വഹിച്ചു.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും മത്സരത്തിനുപരി കലയെ വളര്‍ത്തുന്നതിനുള്ള മാര്‍ഗമായി വിദ്യാനികേതന്‍ കലോത്സവത്തിനെ കാണുന്നു. ഇവിടെ മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തമ്മില്‍ മത്സരമില്ല, പോര്‍വിളികളില്ല. സാഹോദര്യ ബന്ധം മാത്രം.
നൃത്തവേദികളില്‍ ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഫോട്ടോയെടുപ്പുകാരുടെ തള്ളികയറ്റവും ഉണ്ടായില്ല. പരിപാടികാണാനെത്തിയവരും സംഘാടകരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചു. കലോത്സവ വേദികള്‍ കലാപ വേദികളായി മാറുമ്പോള്‍ ഭാരതീയ വിദ്യാനികേതന്‍ കലോത്സവങ്ങള്‍ മാതൃകാപരമാകുന്നു.
















