കേരളത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ആഴവും പരപ്പും നല്കിയ ഭാസ്കര്‍ റാവുജിയെന്ന ഭാസ്കര്‍ ശിവറാം കളംബി നമ്മെ വിട്ടുപിരിഞ്ഞ് 14 വര്‍ഷം തികയുകയാണ്. 2002 ജനുവരി 12 നായിരുന്നു അദ്ദേഹത്തിന്റെ ദേഹവിയോഗം. അതിനുമുമ്പ് സംഘപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ അവസരം ലഭിച്ചവര്‍ എപ്പോഴെങ്കിലും അദ്ദേഹത്തെ കാണുകയോ സ്വരം കേള്‍ക്കുകയോ ചെയ്തിരിക്കും. പിന്നീട് വന്നവര്‍ക്ക് അദ്ദേഹം ജീവത്തായ കേട്ടുകേള്വിയാണെന്നു പറയാം.
1946 മുതല്‍ 1982 വരെ അദ്ദേഹം കേരളത്തില്‍ മാത്രമാണ് തന്റെ കര്‍മക്ഷേത്രം വകഞ്ഞെടുത്തത്. അതിനുശേഷം ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് വളരെ കായികാദ്ധ്വാനം ആവശ്യമായ പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിവായി, വനവാസി കല്യാണാശ്രമത്തിന്റെ മുംബൈയിലെ കേന്ദ്രകാര്യാലയത്തിന്റെ കാര്യങ്ങള്‍ സംയോജിപ്പിക്കുന്ന കാര്യം സംഘാധികാരികള്‍ ഏല്‍പ്പിച്ചുകൊടുത്തു.
1946 ല്‍ ഭാസ്കര്‍ റാവു എറണാകുളത്തുവന്നപ്പോള്‍ തികച്ചും അപരിചിതമായ പര്യാവരണത്തിലാണ് എത്തിപ്പെട്ടത്. തെക്കന്‍ കര്‍ണാടകത്തില്‍ വേരുകളുണ്ടായിരുന്നതും ജോലിക്കായി ബര്മയിലേ (ഇപ്പോള്‍ മ്യാന്മര്)ക്കു കുടിയേറിയതുമായ ഡോക്ടര്‍ ശിവറാം കളംബിയുടെ മകനായിട്ടാണ് ജനിച്ചത്. 12-ാം വയസ്സില്‍ അച്ഛനും അമ്മയും അന്തരിച്ചതിനെത്തുടര്‍ന്ന് ആ കുടുംബം മുംബൈയിലേക്കു പോന്നു. പ്രാഥമിക വിദ്യാഭ്യാസം ബര്‍മീസ് ഭാഷയിലായിരുന്നു. മനക്കണക്കു കൂട്ടുന്നതും മറ്റും അതിനാല്‍ ആ ഭാഷയിലായി. മുതിര്‍ന്നതിനുശേഷവും അങ്ങനെത്തെ ഗുണനപ്പട്ടികയാണ് അദ്ദേഹം ഉപയോഗിച്ചത്. 1936 ല്‍ മുംബൈയില്‍ സ്വയംസേവകനായി. പൂജനീയ ഡോക്ടര്‍ജി വന്നാല്‍ താമസിക്കുന്ന വീട്ടിനടുത്തായിരുന്നു കളംബി കുടുംബത്തിന്റെ വാസം. ഡോക്ടര്‍ജിയുടെ വാത്സല്യഭാജനമാകാന് പിന്നെന്തുവേണം! അവിടത്തെ സ്വയംസേവകര്‍ക്ക് അദ്ദേഹമായിരുന്നു മാതൃക.
ഡോക്ടര്‍ജിയുടെ മരണശേഷം 1942 ല്‍ രാജ്യം അത്യന്തം പ്രക്ഷുബ്ധമായ പരിതസ്ഥിതികളിലൂടെ കടന്നുപോയപ്പോള്‍ യുവജനങ്ങളോട് സംഘപ്രവര്‍ത്തനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കാന്‍ പൂജനീയ ഗുരുജി ആഹ്വാനം ചെയ്തു. അതു ചെവിക്കൊണ്ടു നൂറുകണക്കിന് വിദ്യാര്‍ത്ഥികളും പഠനം കഴിഞ്ഞ യുവാക്കളും മുന്നോട്ടുവന്നു. അവരില്‍ ചിലരാണ് കേരളത്തില്‍ സംഘത്തിന് വിത്തിട്ടത്. അന്ന് ഭാസ്കര്‍ റാവുവും മുന്നോട്ടുവന്നെങ്കിലും അദ്ദേഹത്തിന് മുംബൈയില്‍ത്തന്നെ നില്‍ക്കാനാണ് നിര്‍ദ്ദേശം ലഭിച്ചത്. 1946 ലാണ് അദ്ദേഹത്തെ കൊച്ചി രാജ്യത്തിലേക്ക് സംഘാധികാരിമാര്‍ അയച്ചത്. ബല്‍ഗാമിലെ സംഘശിക്ഷാ വര്‍ഗില്‍ ശിക്ഷകനായി എത്തിയ അദ്ദേഹം അവിടെനിന്നു നേരെ എറണാകുളത്തെത്തുകയായിരുന്നു.
അപ്പോഴേക്ക് എറണാകുളത്തും കൊച്ചിയിലും ആലുവായിലും സാമാന്യം നല്ല ശാഖകള്‍ ആയിക്കഴിഞ്ഞിരുന്നു. ഭാഷയും വസ്ത്രധാരണവും ഭക്ഷണരീതികളും പെരുമാറ്റവും നടത്തയുമൊക്കെ പുതിയതായ ഒരു പര്യാവരണത്തിലാണ് ഭാസ്കര്‍ റാവു എത്തിയത്. എറണാകുളത്തെയും കൊച്ചിയിലെയും നല്ലൊരു ഭാഗം സ്വയംസേവകര്‍ തന്റെ സ്വന്തം ഭാഷയായ കൊങ്കണി മാതൃഭാഷക്കാരാണെന്നറിഞ്ഞ അദ്ദേഹത്തിന്റെ കൂര്‍മബുദ്ധി ഉണര്‍ന്നു. കേരളീയ സമൂഹത്തെ മുഴുവന്‍ സംഘത്തിലേക്കു കൊണ്ടുവരികയാണ് തന്റെ ദൗത്യമെന്നതിനാല്‍ ഏതെങ്കിലും ഒരു സമൂഹവുമായി താദാത്മ്യം പ്രാപിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. സ്വയംസേവകര്‍ ഏറെയും വിദ്യാര്‍ത്ഥികളായിരുന്നതിനാല്‍ അവരുമായി ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തി. വളരെ വേഗത്തില്‍ത്തന്നെ ഭക്ഷണ രീതിയുമായി ഇണങ്ങി. പുറമെയുള്ളവരുമായി (കച്ചവടക്കാര്‍, ബസ് ജീവനക്കാര്‍ തുടങ്ങിയവര്‍) ഇടപെടാന്‍ വേണ്ടത്ര മലയാളവും പഠിച്ചു. അതിനിടെ ചില അബദ്ധവും പിണഞ്ഞിട്ടുണ്ട്. പഞ്ചസാരയ്ക്ക് സക്കര് എന്നാണല്ലൊ ഹിന്ദിയില്‍. ചായക്ക് പഞ്ചസാര വേണമെന്ന അര്‍ത്ഥത്തില്‍ സക്കര് എന്നുപറഞ്ഞപ്പോള്‍ ശര്ക്കരയിട്ട ചായകുടിക്കേണ്ടിവന്ന അനുഭവമുണ്ടായത്രെ.
നിയമബിരുദം നേടി അഭിഭാഷകനാകാന്‍ യോഗ്യത ലഭിച്ചിരുന്നതിനാല്‍ തന്റെ പ്രത്യുത്പന്നമതിത്വമുപയോഗിച്ച് ആദ്യത്തെ സംഘനിരോധക്കാലത്ത് പല പരിതസ്ഥിതികളെയും സഫലമായി തരണം ചെയ്തു. മറ്റു സംസ്ഥാനങ്ങളില്‍നിന്നുവന്ന പ്രചാരകന്മാരെ അറസ്റ്റ് ചെയ്ത് സംസ്ഥാനത്തിന് പുറത്തയച്ചപ്പോള്, തന്റെ പൂര്‍വിക ഗ്രാമത്തിലെ വിലാസം നല്കിയതിനാല്, (അത് അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലായിരുന്നു) ഭാസ്കര്‍ റാവുവിനു പ്രശ്നമുണ്ടായില്ല. മാത്രമല്ല മുംബൈയില്‍ തന്നോടൊപ്പം ക്രിക്കറ്റ് കളിച്ചിരുന്ന ഒരാളുടെ ജ്യേഷ്ഠനായിരുന്ന മദിരാശിയിലെ പോലീസ് ഓഫീസറുമായി സൗഹൃദം സ്ഥാപിച്ചു ചില നേട്ടങ്ങള്‍ ഉണ്ടാക്കി.
നിരോധനക്കാലത്തെ സത്യഗ്രഹത്തിന്റെ മേല്‍നോട്ടം വഹിച്ചു. ഒളിവില്‍ കഴിഞ്ഞ് പ്രവര്‍ത്തിച്ചു.
ശാഖകളുടെ നടത്തിപ്പിനെ കുറ്റമറ്റതാക്കാന്‍ അദ്ദേഹം സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു. 1950 കളായപ്പോഴേക്കും ശാഖകളില്‍നിന്ന് പ്രചാരകന്മാരായിവരാന് സ്വയംസേവകര്‍ക്ക് അദ്ദേഹം പ്രേരണയും പ്രചോദനവും നല്കി. 1955-56 കാലത്ത് ഭാസ്കര്‍ റാവുജി കോട്ടയം ജില്ലയുടെ പ്രചാരകനായി. അവിടുത്തെ ശാഖകളെല്ലാംതന്നെ ഗ്രാമീണമേഖലകളിലായിരുന്നു. ഗതാഗത സൗകര്യങ്ങള്‍ വിരളമായ അക്കാലത്ത് അദ്ദേഹം കുന്നും മലയും കയറിയിറങ്ങി, പദയാത്രയായി ആ ഉള്‍നാടുകളില്‍ സംഘത്തിന്റെ അടിത്തറയുറപ്പിച്ചു. ഓരോ വീട്ടിലും, അദ്ദേഹം സ്വന്തക്കാരനായി. തങ്ങളുടെ ജ്യേഷ്ഠനോ, അമ്മാവനോ ആണ് എന്നമട്ടില്‍ കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തെ സ്നേഹാദരപൂര്‍വം പരിഗണിച്ചുവന്നു.
സംഘത്തിന് പുറമേയുള്ള ഹൈന്ദവ സമാജത്തെയും പ്രസ്ഥാനങ്ങളെയും അടുത്തറിയാന്‍ ഭാസ്കര്‍റാവുജി പ്രത്യേകം ശ്രദ്ധിച്ചു.
1958 മുതല്‍ അദ്ദേഹത്തിന് മുഴുവന്‍ കേരളത്തിന്റെയും ചുമതലകള്‍ ലഭിച്ചു. ശാഖാപ്രവര്‍ത്തനങ്ങളില്‍ മാത്രമായി ഒതുങ്ങിനിന്ന സംഘപ്രവര്‍ത്തനത്തിന്റെ സ്വാഭാവികമായ സ്വാധീനവും പ്രതിഫലനങ്ങളും ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലും കാണാന്‍ തുടങ്ങിയിരുന്നു. വിദ്യാഭ്യാസം, രാഷ്ട്രീയം, തൊഴിലാളി രംഗം, ആധ്യാത്മിക മേഖല തുടങ്ങിയവയില്‍നിന്നും ആവശ്യങ്ങള്‍ ഉണ്ടായി.
ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഹൈന്ദവ ചൈതന്യം നിറഞ്ഞുനില്ക്കണമെന്നതായിരുന്നല്ലൊ പൂജനീയ ഡോക്ടര്‍ജി അഭിലഷിച്ചത്. അതിന് തക്ക യോഗ്യതയും പാത്രതയുമുള്ളവരെ മെനഞ്ഞെടുക്കുന്ന പ്രക്രിയയാണ് ശാഖകളില്‍. അത്യന്തം ക്ഷമയും അവധാനതയും സ്വാതന്ത്ര്യവും ആവശ്യമാണ് അതിന് എന്ന് ഭാസ്കര്റാവുജിക്കറിയാമായിരുന്നു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കേണ്ടവരെ തയ്യാറാക്കിയെടുക്കുന്നതില് അദ്ദേഹം അന്യാദൃശമായ പ്രതിഭ കാട്ടിയിരുന്നു.
അടിയന്തരാവസ്ഥയുടെ ഇരുള്‍നിറഞ്ഞ കാലത്ത് ഏറ്റവും സമര്‍ത്ഥമായി, അദ്ദേഹം അതിനെതിരായ സംഘര്‍ഷത്തെ നയിച്ചു. ബഹുമുഖമായ മുന്നണികളില്‍ പടനയിക്കാന്‍ ആളുകളെ നിയോഗിക്കുകയും അവര്‍ക്കൊക്കെ ഉചിതമായ നേതൃത്വം നല്‍കുകയും ചെയ്തു. കേരളത്തിലെ സംഘര്‍ഷത്തെ ദേശീയതലത്തിലെ സംഘര്‍ഷവുമായി ഒത്തിണക്കുവാന് നടത്തിയ നീക്കങ്ങള്‍ ശ്രദ്ധേയമാണ്.
അതിനിടയിലാണ് അദ്ദേഹത്തിന് ഹൃദ്രോഗലക്ഷണങ്ങള്‍ കണ്ടത്. ഒരു മനുഷ്യന് താങ്ങാവുന്നതിന്റെ പരമാവധി കൃത്യങ്ങളാണദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. അടിയന്തരാവസ്ഥയ്ക്കുശേഷം വീണ്ടും പ്രവര്‍ത്തനങ്ങളെ പടുത്തുയര്‍ത്താന്‍ ശ്രമമായി. ഹൃദ്രോഗത്തിന് ശസ്ത്രക്രിയ കഴിഞ്ഞ് മുംബൈയിലേക്കു പോയെങ്കിലും താന്‍ കേരളീയനാണ് എന്നുതന്നെ അദ്ദേഹം ഉറച്ചു. പേര് കെ.ഭാസ്കരന് എന്നായി. വനവാസി കല്യാണാശ്രമത്തെ ഭാരതം കണ്ട ഏറ്റവും ബൃഹത്തും സര്‍വാശ്ലേഷിയുമായ പ്രസ്ഥാനമാക്കി.
മഹത്തായ ഭാരതീയ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും തുല്യഅവകാശികളാണ് തങ്ങളെന്ന അഭിമാനം വനവാസികള്‍ക്കും മറ്റു ഗോത്ര വിഭാഗക്കാര്‍ക്കും ഉണ്ടാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. പോയ സ്ഥലങ്ങളിലെ ആളുകളെയൊക്കെ സ്വന്തമാക്കാനും അവര്‍ക്ക് താന്‍ സ്വന്തമാണെന്ന് തോന്നിക്കാനും കഴിഞ്ഞ അമാനുഷ പ്രതിഭയായിരുന്നു ഭാസ്കര്‍ റാവുജിയുടേത്. അദ്ദേഹത്തോളം വ്യക്തിപരമായ ബന്ധം പുലര്‍ത്തുകയും ഗൃഹസന്ദര്‍ശനം നടത്തുകയും നേരിട്ടു കത്തെഴുതുകയും ചെയ്ത മറ്റൊരാള്‍ ഉണ്ടാവില്ലെന്നു തീര്‍ച്ച. ആ കത്തുകള്‍ നിധിപോലെ സൂക്ഷിക്കുന്നവര്‍ പതിനായിരക്കണക്കിനുണ്ടാവും. ഭാസ്കരദ്യുതി വിതറി നില്ക്കുന്ന അദ്ദേഹം നാടിന്റെ പുണ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: