തിരൂര്‍: ഭാരതപ്പുഴയുടെ ഉത്സവമായിരുന്ന മാമാങ്ക സ്മരണ നിലനിര്‍ത്താന്‍ നിളയില്‍ സ്നാനം ചെയ്തും നിളാപൂജ നടത്തിയും ആഘോഷിക്കാന്‍ മാമാങ്കം ആലോചനയോഗം തീരുമാനിച്ചു.
26ന് വൈകിട്ട് നാലിന് നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ തിരുന്നാവായയില്‍ എത്തിച്ചേരും. നിളയില്‍ സ്നാനം ചെയ്ത ശേഷം നാവാമുകുന്ദക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് മാമാങ്കം ഐതീഹ്യവും ചരിത്രവും എന്ന വിഷയത്തില്‍ പ്രഭാഷണമുണ്ടാകും.
ഇനി തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. 2018ല്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധിക്കുന്ന രീതിയില്‍ ആഘോഷം നടത്താനാണ് പരിപാടി. മകരമാസത്തെ പൂയം മുതല്‍ മകം വരെയുള്ള 28 ദിവസം നിളയില്‍ ഗംഗ അടക്കമുള്ള പുണ്യനദികളുടെ സാന്നിധ്യമുണ്ടാകുമെന്നും ഈ ദിവസങ്ങളില്‍ നിളയില്‍ സ്നാനം ചെയ്ത് നാവമുകുന്ദനെ വണങ്ങുന്നത് ശ്രേഷ്ഠമാണെന്നുമാണ് പുരാതന വിശ്വാസം.
പുരാണങ്ങളിലും കോഴിക്കോട് സാമൂതിരി ബ്രിട്ടീഷ് സര്‍ക്കാരിന് നല്കിയ മാമാങ്ക വിവരണത്തിലും ഇക്കാര്യം പറയുന്നുണ്ട്. ഭാരതപ്പുഴയുടെ ഉത്സവമാണ് യഥാര്‍ത്ഥത്തില്‍ മാമാങ്കം.
ഇതിന്റെ അടിസ്ഥാനത്തിലാണ് വിശ്വാസത്തിലും ആചാരത്തിലും അധിഷ്ഠിതമായ മാമാങ്കം ഈ വര്‍ഷം മുതല്‍ ആഘോഷിക്കാന്‍ തീരുമാനിച്ചത്.
കോട്ടക്കലില്‍ നടന്ന സമൂഹ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ പി.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സി.ശേഖരന്, തിരൂര്‍ ദിനേശ്, വി.സുശികുമാര്‍, പി.വി.മുരളീധരന്, ടി.വി.രാമന്, വി.പ്രസാദ്, അഡ്വ.എന്‍.അരവിന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: