മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 367. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. വാഹനങ്ങളുടെ പെരുക്കവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടങ്ങളുടെ പ്രധാനകാരണം. ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതാണ് 2015ലെ വാഹനാപകടങ്ങളുടെ കണക്ക്.
2865 വാഹാനാപകടങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷം മാത്രം ജില്ലയിലുണ്ടായത്. ബൈക്ക് അപകടമാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് 878 എണ്ണം. തൊട്ടുപിന്നില്‍ കാറുകള്‍ 743 എണ്ണം. ഹെവി ട്രക്ക്-29, ടിപ്പര്‍ ലോറി-61, ജെസിബി-2, ലോറി-158, സര്‍ക്കാര്‍ വാഹനങ്ങള്‍-3, മിനി ലോറി-48, ഓട്ടോറിക്ഷ-372, ഗുഡ്സ് ഓട്ടോറിക്ഷ-50, ആംബുലന്‍സ്-4 ഗ്യാസ് ടാങ്കര്‍-5, ഇന്ധന ടാങ്കര്‍-13, കെഎസ്ആര്‍ടിസി ബസ്-53, സ്വകാര്യ ബസ്-334, ജീപ്പ്-62, സ്കൂള്‍ ബസ്-8, മറ്റുള്ളവ-29 എന്നിങ്ങനെയാണ് വാഹനങ്ങള്‍ തിരിച്ചുള്ള അപകടത്തിന്റെ കണക്ക്.
മോട്ടോര്‍ വാഹനവകുപ്പും പോലീസും പരിശോധന കര്‍ശനമാക്കിയിട്ടും അപകടങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല. ഓരോ പ്രധാന പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും കുറഞ്ഞത് രണ്ട് ലക്ഷം രൂപയാണ് മാസന്തോറും പിഴയിനത്തില്‍ ഈടാക്കുന്നത്.
പ്രധാനനഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളും സര്‍ക്കാരും പരാജയമാണ്. അപകടങ്ങളും ഗതാഗതകുരുക്കും രൂക്ഷമാകുമ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധമുയരും. ഇത്തരം പ്രതിഷേധക്കാരുടെ വായടപ്പിക്കാന്‍ ഏതാനും പരസ്യബോര്‍ഡുകള്‍ മാറ്റുകയും വഴിയോര കച്ചവടക്കാരെ ഒഴിവാക്കുകയും ചെയ്യും. എന്നാല്‍ നടപാത കയ്യേറിയ വന്‍കിട കച്ചവടക്കാരെ തിരിഞ്ഞുനോക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകാറില്ല. സ്വകാര്യ ബസ് മുതലാളിമാരില്‍ നിന്നും കിമ്പളം വാങ്ങി സെക്കന്റുകളുടെ വിത്യാസത്തില്‍ പുതിയ പെര്‍മിറ്റുകള്‍ നല്‍കുകയാണ്. ഇതുമൂലമാണ് മത്സരയോട്ടം ഉണ്ടാകുന്നതും അപകടം വര്‍ദ്ധിക്കുന്നതും.
റോഡപകടങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു വിഷയമാണ്. അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണങ്ങള്‍ പലതാണ്. വാഹനങ്ങളുടെ പെരുപ്പത്തിനനുസരിച്ച് റോഡുകളുടെ വീതി കൂട്ടാന്‍ സാധിക്കുന്നില്ല. ഈ വാഹനപെരുപ്പം ഗതാഗതതടസത്തിനും രൂക്ഷമായ മാലിനീകരണത്തിനും കാരണമാകുന്നു.
ഒരു ജനകീയ ബോധവല്‍ക്കരണമെന്ന ജില്ലയില്‍ പുതിയ പദ്ധതി വരുന്നു. അപകട രഹിത മലപ്പുറം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത് ജില്ലാ പഞ്ചായത്താണ്. ഒപ്പം ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി, പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയുടെ സംയുക്ത സഹകരണവുമുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം 11ന് രാവിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: