കാസര്‍കോട്: സംഘാടക സമിതി സമയക്രമം പാലിക്കാത്തതിനെ തുടര്‍ന്ന് മത്സരത്തിനുള്ള അവസരം നഷ്ടപ്പെട്ടതായി പരാതി. എടനീര്‍ സ്വാമിജീസ് ഹര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ശ്രീകേഷ്.ഐ ക്കാണ് റവന്യു ജില്ലാ കലോത്സവത്തില്‍ അവസരം നഷ്ടപ്പെട്ടത്. വയലിന് ഓറിയന്റല്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള കാര്‍ഡില്‍ രേഖപ്പെടുത്തിയത് ഉച്ചയ്ക്ക് 1.30 മത്സരം നടക്കുമെന്നായിരുന്നു. ഇതു പ്രകാരം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രീകേഷ് 12.45ന് തന്നെ വേദിയായ കാവേരിയില്‍ (മുനിസിപ്പല്‍ വനിത ഹാള്‍) എത്തിയതായി പറയുന്നു.
എന്നാല്‍ 11.30ന് മത്സരം കഴിഞ്ഞതായുള്ള വിവരമാണ് ശ്രീകേഷിന് ലഭിച്ചത്. തുടര്‍ന്ന് സംഘാടക സമിതി ഓഫീസില്‍ എത്തിയെങ്കിലും ഉത്തരവാദിത്തപ്പെട്ടവര്‍ കൈമലര്‍ത്തുകയായിരുന്നെന്ന് ശ്രീകേഷിന്റെ പിതാവ് മൗവ്വാറിലെ ശ്രീനിവാസ ഭട്ട് പറഞ്ഞു. മൂന്നുപേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതേ തുടര്‍ന്ന് ശ്രീകേഷ് സംഘാടക സമിതി ഓഫീസിന് മുന്നില്‍ വയലിന് വായിച്ച് പ്രതിഷേധിച്ചു. സംഭവം സംബന്ധിച്ച് ഡിഡിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്കൂള്‍ അധ്യാപകരുടെ നിര്‍ദേശമനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കാനാണ് ശ്രീനിവാസ ഭട്ടിന്റെ തീരുമാനം.
ഏഴാം ക്ലാസുമുതല്‍ കാസര്‍കോട്ടെ പ്രശസ്ത വയലിനിസ്റ്റ് ഗണരാജിന്റെ ശിക്ഷണത്തിലാണ് ശ്രീകേഷ് അഭ്യസിക്കുന്നത്. സംഘാടക സമിതി ഓഫീസിന് മുന്നിലെ വയലിന് വാദം കേട്ട സംഗീതജ്ഞന് വെളളിക്കോത്ത് വിഷ്ണുഭട്ട് അഭിനന്ദിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ശ്രീകേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: